ആദ്യ ഡീലര്‍ഷിപ്പ് കേന്ദ്രവുമായി സിട്രോണ്‍

നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ ഷോറൂം ഗുജറാത്തിലെ അഹമ്മദാബാദില്‍ തുറന്നു. 'ദി ഹോം ഓഫ് സിട്രോണ്‍' എന്ന് അര്‍ത്ഥമാക്കുന്ന ഫ്രഞ്ച് വാക്യമായ 'ലാ മൈസണ്‍ സിട്രോണ്‍' എന്ന കണ്‍സപ്റ്റിലാണ് റീട്ടെയില്‍ ഷോറൂം ആരംഭിച്ചത്. 2017 ലെ പാരീസ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഈ പുതിയ ''ലാ മൈസണ്‍ സിട്രോണ്‍'' കണ്‍സെപ്റ്റ് ഡീലര്‍ഷിപ്പുകള്‍ ലോകമെമ്പാടുമായി നൂറിലധികം സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഹമ്മദാബാദിലെ സര്‍ഖേജ് - ഗാന്ധിനഗര്‍ ഹൈവേയിലാണ് ഇന്ത്യയിലെ ആദ്യത്തെ ഡീലര്‍ഷിപ്പ് കേന്ദ്രം. ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡിന്റെ ആദ്യ മോഡല്‍ പുറത്തിറക്കുന്നതിന് മുമ്പാണ് കമ്പനി ആദ്യത്തെ ഡീലര്‍ഷിപ്പ് കേന്ദ്രം തുറന്നത്.

4,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയിട്ടുള്ള റീട്ടെയില്‍ ഷോറൂമിനോടനുബന്ധിച്ച് ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യവും സര്‍വിസ് സ്‌റ്റേഷനും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഒരു ഭീമന്‍ സ്‌ക്രീനും ഇവിടെയുണ്ട്‌.
സിട്രോണ്‍ ഇന്ത്യ അതിന്റെ ആദ്യത്തെ ഉല്‍പ്പന്നമായ സിട്രോണ്‍ സി 5 എയര്‍ക്രോസ് എസ്യുവി ഫെബ്രുവരി ഒന്നിനാണ് പുറത്തിറക്കുക. ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ടക്സണ്‍, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍, എം.ജി ഹെക്ടര്‍ തുടങ്ങിയവയായിരിക്കും സിട്രോണ്‍ സി 5 എയര്‍ക്രോസിന് എതിരാളികള്‍. അതേസമയം പ്രാദേശികമായി അസംബ്ലിംഗ് ചെയ്യുന്നതിനാല്‍ വാഹനത്തിന് പ്രീമിയം വിലയായിരിക്കും. 2023 വരെ എല്ലാ വര്‍ഷവും ഒരു പുതിയ സിട്രോണ്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സിട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍ തുറക്കാന്‍ ഉദ്ദേശിക്കുന്ന 10 ടച്ച് പോയിന്റുകളില്‍ ആദ്യത്തേതാണ് അഹമ്മദാബാദ് ഡീലര്‍ഷിപ്പ്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ വിപുലീകരണ പദ്ധതികളോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളെയാണ് ലക്ഷ്യമിടുന്നത്. നേരത്തെ 2019 ല്‍ തന്നെ ഇന്ത്യയിന്‍ വിപണിയിലേക്ക് സന്നദ്ധത അറിയിച്ച കമ്പനിക്ക് കോവിഡ് മഹാമാരി മൂലം 2021 ലാണ് ഇന്ത്യയില്‍ ആദ്യത്തെ ഡീലര്‍ഷിപ്പ് കേന്ദ്രം തുടങ്ങാനായത്.



Related Articles
Next Story
Videos
Share it