പ്രകൃതി വാതക വില 11% വരെ കുറച്ചു
കിരിത് പരീഖ് കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ അംഗീകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സി.എന്‍. ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്), പി. എന്‍. ജി (പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്) എന്നിവയുടെ വില കുറച്ചു. ഏപ്രില്‍ 8 മുതല്‍ 30 വരെ പ്രകൃതി വാതക വില പത്ത് ലക്ഷം മെട്രിക്ക് യൂണിറ്റിന് 7.92 ഡോളറായി നിശ്ചയിച്ചു.
ഇതിലൂടെ സി. എന്‍. ജി, പി. എന്‍. ജി എന്നിവയുടെ വില 9 മുതല്‍ 11 ശതമാനം വരെ കുറയും. സി. എന്‍. ജി വാഹനങ്ങളിലും, പി എന്‍ ജി ഗാര്‍ഹിക പാചകത്തിനും ഉപയോഗിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നയം ഉപയോക്താക്കള്‍ക്ക് ആശ്വാസകരമാകും.
അന്താരാഷ്ട്ര വിലക്ക് അനുസരിച്ച്
അമേരിക്ക, റഷ്യ, കാനഡ തുടങ്ങിയ ലോകത്തിലെ നാലു പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളിലെ വാതക വില അടിസ്ഥാനപ്പെടുത്തിയാണ് മുന്‍പ് വില നിശ്ചയിച്ചിരുന്നത്. അതില്‍ ഭേദഗതി വരുത്തി അടിസ്ഥാന വിലയായി പത്ത് ലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4 ഡോളറും കൂടിയ വിലയായി 6.5 ഡോളറും നിശ്ചയിച്ചു. അന്താരാഷ്ട്ര വിലയ്ക്ക് അനുസരിച്ച് ആഭ്യന്തര വില വര്‍ധിച്ചത് കാരണം സി. എന്‍. ജി, പി. എന്‍. ജി വിലകള്‍ കഴിഞ്ഞ മാസങ്ങളില്‍ 80 ശതമാനം വരെ വര്‍ധിച്ചിരുന്നു.
കേരളത്തില്‍
നിലവില്‍ കേരളത്തിലെ പ്രധാന നഗരങ്ങളായ തൃശൂര്‍, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സി. എന്‍. ജി യുടെ ശരാശരി വില കിലോക്ക് 92 രൂപയാണ്. തിരുവനന്തപുരത്ത് 85 രൂപ. പുതുക്കിയ നിരക്ക് അനുസരിച്ച് 9 രൂപവരെ കുറയും.