കല്‍ക്കരി ക്ഷാമം, വൈദ്യുതി ഉല്‍പാദനം ജൂലൈ- ഓഗസ്റ്റ് മാസം പ്രതിസന്ധിയിലായേക്കും

കല്‍ക്കരി ഉല്‍പ്പാദനം കുറയുന്നതിനാല്‍ രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളിലെ ഉല്‍പാദനം ജൂലൈ-ഓഗസ്റ്റ് മാസം വീണ്ടും കുറയുമെന്ന് ഗവേഷണ ഏജന്‍സിയായ ക്രിയ (CREA) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഊര്‍ജ ഡിമാന്റില്‍ നേരിയ വര്‍ധനവ് ഉണ്ടായാല്‍ പോലും വൈദ്യതി ഉല്‍പാദനം മതിയാകാത്ത സാഹചര്യം ഉണ്ടാകും.

കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിഗമനത്തില്‍ ഓഗസ്റ്റില്‍ 214 ഗിഗാ വാട്ട് പരമാവധി ഡിമാന്റ്റ് വര്‍ധിക്കും. അടുത്ത കാലത്ത് ഉണ്ടായ കല്‍ക്കരി ക്ഷാമം ഉല്‍പാദന തടസങ്ങളേക്കാള്‍ വിതരണത്തില്‍ ഉണ്ടായ വീഴ്ചകള്‍ കാരണമാണെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22 ല്‍ കല്‍ക്കരി ഉല്‍പ്പാദനം 8 .54 % വര്‍ധിച്ച് 777.26 ദശലക്ഷം ടണ്ണായി. മൊത്തം ഉല്‍പാദന ശേഷിയുടെ 50 ശതമാനമാണ് ഉല്പാദിപ്പിച്ചത്. അതിനാല്‍ ക്ഷാമം മുന്നില്‍ കണ്ട് ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു.
മെയ് 2020 മുതല്‍ ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍ താപ വൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരിയുടെ സ്റ്റോക്ക് കുറഞ്ഞു വരുന്നതായി കാണാം. ആവശ്യത്തിനുള്ള കല്‍ക്കരി മഴ കാലത്തിന് മുന്‍പ് സ്റ്റോക്ക് ചെയ്യാന്‍ കഴിയാത്ത താണ് പ്രതിസന്ധി വഷളാക്കുന്നത്.
കല്‍ക്കരി ഇറക്കുമതി ചെയ്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ പൂര്‍ണ ശേഷയില്‍ ഉല്‍പ്പാദനം ഒക്ടോബര്‍ വരെ നടത്തണമെന്ന് മെയ് ആദ്യ വാരത്തില്‍ ഊര്‍ജ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ആഭ്യന്തര കല്‍ക്കരി ഉപയോഗിക്കുന്ന വൈദ്യുതി നിലയങ്ങള്‍ മൊത്തം കല്‍ക്കരി ആവശ്യത്തിന്റെ 10 % ഇറക്കുമതി ചെയ്യാനും നിര്‍ദേശം നല്‍കി,
കഴിഞ്ഞ 12 മാസത്തില്‍ കല്‍ക്കരിയുടെ അന്താരാഷ്ട്ര വിപണി വില 150 % വര്‍ധിച്ച സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പാദന ചെലവ് യൂണിറ്റിന് 3 രൂപ വര്‍ധിച്ചു. വര്‍ധിച്ച കല്‍ക്കരി ഇറക്കുമതി ചെലവുകള്‍ കാരണം വൈദ്യുതി വിതരണ കമ്പനികള്‍ക്ക് വിതരണ ചെലവ് 5 % വര്‍ധിക്കും. രാജ്യത്തെ വൈദ്യുതി നിരക്ക് ശരാശരി 4 മുതല്‍ 5 % വര്‍ധിക്കുമെന്ന്, ഐ സി ആര്‍ എ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു.


Related Articles
Next Story
Videos
Share it