ചരക്കുനീക്കത്തില്‍ കിതച്ച് കൊച്ചി തുറമുഖം; വിഴിഞ്ഞവും വന്‍ വെല്ലുവിളിയാകും

കൊച്ചി തുറമുഖത്തെ ചരക്കുനീക്കം നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-ഓഗസ്റ്റില്‍ കാഴ്ചവച്ചത് നേരിയ വളര്‍ച്ച മാത്രം. മൊത്തം ചരക്കുനീക്കം (Total Cargo) 14.43 മില്യണ്‍ ടണ്ണില്‍ നിന്ന് 14.47 മില്യണ്‍ ടണ്ണിലേക്കാണ് ഇക്കുറി ഉയര്‍ന്നത്; വളര്‍ച്ചാനിരക്ക് 0.25 ശതമാനം മാത്രം.

കണ്ടെയ്‌നര്‍ നീക്കത്തിലെ വളര്‍ച്ച 1.54 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍-ഓഗസ്റ്റിലെ 2.94 ലക്ഷം ടി.ഇ.യുവില്‍ (ട്വന്റിഫുട് ഇക്വിലന്റ് യൂണിറ്റ്/TEUs) നിന്ന് 2.99 ലക്ഷം ടി.ഇ.യുവിലേക്കാണ് വളര്‍ച്ച.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാഴ്ചവച്ച പ്രകടനം അതേ ഊര്‍ജത്തില്‍ നിലനിറുത്താന്‍ വല്ലാര്‍പാടത്തെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന് (ICTT) സാധിക്കാത്തത് ആശങ്കയാകുന്നുണ്ട്. മെയിന്‍ലൈന്‍ വെസലുകള്‍ക്ക് 85-90 ശതമാനം വരെ തുറമുഖ ഫീസിളവ് അനുവദിക്കുന്നുണ്ടെങ്കിലും ചരക്കുനീക്കത്തില്‍ വലിയ കുതിപ്പ് പ്രകടമല്ലെന്നതും വലയ്ക്കുന്നു.
'കൊളംബോ' കൈവിട്ടു; വെല്ലുവിളിയാകാന്‍ വിഴിഞ്ഞവും
കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) കൊച്ചി തുറമുഖത്തെ മൊത്തം ചരക്കുനീക്കം 32.25 മില്യണ്‍ ടണ്‍ എന്ന സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയിരുന്നു. ഇതിന് മുഖ്യകാരണമായത്, ശ്രീലങ്കയിലെ ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം നിരവധി ചരക്കുകള്‍ കൊളംബോ തുറമുഖത്തിന് പകരം കൊച്ചി തുറമുഖത്തേക്ക് എത്തിയതായിരുന്നു.
കൊളംബോയെ ആശ്രയിച്ചിരുന്ന ഇടപാടുകാര്‍ ശ്രീലങ്കന്‍ പ്രതിസന്ധി അയഞ്ഞതോടെ അങ്ങോട്ടേക്ക് തന്നെ തിരികെപ്പോയത് പിന്നീട് കൊച്ചിക്ക് തിരിച്ചടിയായി.
അന്താരാഷ്ട്ര കപ്പല്‍പ്പാതയോട് ഏറെ അടുത്ത് കിടക്കുന്ന വിഴിഞ്ഞം തുറമുഖം കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ കൊച്ചി തുറമുഖത്തിനത് വലിയ വെല്ലുവിളിയാകും. ഒക്ടോബര്‍ നാലിന് വിഴിഞ്ഞത് ആദ്യ കപ്പല്‍ എത്തുകയാണ്.
കരകയറാന്‍ ശ്രമം
നിലവില്‍ കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം ടെര്‍മിനലില്‍ ആഴം 14.5 മീറ്ററാണ്. ഇത് 380 കോടി രൂപ ചെലവില്‍ 16 മീറ്ററിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇതിൽ 50 ശതമാനം കേന്ദ്രവും ബാക്കിത്തുക തുറമുഖവും വഹിക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍, തുക കണ്ടെത്തുക പ്രയാസമായതിനാല്‍ 100 ശതമാനം തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന അപേക്ഷ ഷിപ്പിംഗ് മന്ത്രാലയത്തിന് കൊച്ചി തുറമുഖ ട്രസ്റ്റ് നല്‍കിയേക്കും. ആഴം വര്‍ദ്ധിക്കുന്നതോടെ കൂടുതല്‍ വലിയ വെസലുകള്‍ക്ക് കൊച്ചിയില്‍ എത്താനാകും. ഇത്, ചരക്കുനീക്കത്തില്‍ വര്‍ദ്ധനയ്ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it