₹12,000 കോടി ചെലവില്‍ കൊച്ചിയില്‍ 'മറ്റൊരു' തുറമുഖം; പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുന്നു

സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുക ലക്ഷ്യം
Cochin Port
Representational Image from Canva and /Cochin port Logo
Published on

എട്ടുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഔട്ടര്‍ ഹാര്‍ബര്‍ (Outer Harbour/പുറങ്കടല്‍ തുറമുഖം) പദ്ധതിയുമായി വീണ്ടും കൊച്ചി തുറമുഖം. ഏകദേശം 12,000 കോടി രൂപ മുതല്‍ 15,000 കോടി രൂപവരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, സ്വകാര്യ പങ്കാളിത്തവും ഉറപ്പാക്കി നടപ്പാക്കാനാണ് നീക്കം.

നിലവില്‍ കൊച്ചി തുറമുഖത്തെ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ വന്‍ ചരക്ക് കപ്പലുകള്‍ക്ക് അടുക്കാന്‍ പരിമിതികളുണ്ട്. രാജ്യാന്തര തലത്തില്‍ ശരാശരി 20 മീറ്റര്‍ ആഴമാണ് തുറമുഖങ്ങളിലുള്ളതെങ്കില്‍ കൊച്ചി തുറമുഖത്തെ പരമാവധി ആഴം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ 14.5 മീറ്ററാണ്.

ഔട്ടര്‍ ഹാര്‍ബറില്‍ 18-20 മീറ്റര്‍ വരെ ആഴം പ്രതീക്ഷിക്കാമെന്നതിനാല്‍ ഇത് തുറമുഖത്തിന് വലിയ നേട്ടമാകും. നിലവില്‍ 14-14.5 മീറ്റര്‍ ആഴം നിലനിറുത്താനായി പ്രതിവര്‍ഷം ശരാശരി 120-125 കോടി രൂപ കൊച്ചി തുറമുഖ ട്രസ്റ്റ് ചെലവാക്കുന്നുണ്ട്. ഔട്ടര്‍ ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായാല്‍ ഈ ചെലവ് ശരാശരി 60 കോടി രൂപയായി കുറയ്ക്കാമെന്നാണ് വിലയിരുത്തലുകള്‍.

അനിവാര്യമായ പദ്ധതി

കൊച്ചി തുറമുറഖത്തിന്റെ വിഷന്‍ 2040യോട് അനുബന്ധിച്ച് മാസ്റ്റര്‍ പ്ലാനില്‍ വീണ്ടും ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിയെ ഉള്‍പ്പെടുത്തുകയാണെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം. ബീന 'ധനത്തോട്' പറഞ്ഞു. കൊച്ചി തുറമുഖത്ത് നിലവില്‍ വലിയ വികസനങ്ങള്‍ നടപ്പാക്കാന്‍ പരിമിതികളുണ്ട്. നഗരത്തോട് ചേര്‍ന്ന് കിടക്കുന്നതാണ് കാരണം.

ഈ സാഹചര്യത്തില്‍ ഔട്ടര്‍ ഹാര്‍ബര്‍ അനിവാര്യമാണ്. നേരത്തേ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് (Project Report) നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുതുക്കണം. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉള്‍പ്പെടെ അനുമതികളും ആവശ്യമാണ്. എല്ലാ അനുമതികളും ലഭിച്ചാല്‍ പദ്ധതി 3-4 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാം. ഭാവിയിലേക്ക് ആവശ്യമായ പദ്ധതിയാണെന്ന വിലയിരുത്തലോടെയാണ് മാസ്റ്റര്‍ പ്ലാനില്‍ ഔട്ടര്‍ ഹാര്‍ബര്‍ ഉള്‍പ്പെടുത്തുന്നതെന്നും ഡോ.ബീന പറഞ്ഞു.

എന്താണ് ഔട്ടര്‍ ഹാര്‍ബര്‍?

പുറങ്കടലില്‍ രണ്ട് വലിയ പുലിമുട്ടുകള്‍ (ബ്രേക്ക്‌വാട്ടേഴ്‌സ്/Breakwaters) സ്ഥാപിച്ചാണ് ഔട്ടര്‍ ഹാര്‍ബര്‍ ഒരുക്കുക. കൊച്ചി തുറമുഖത്തിന് കീഴില്‍ പുതുവൈപ്പ്, ഫോര്‍ട്ട്‌കൊച്ചി പ്രദേശങ്ങളിലായാണ് ഔട്ടര്‍ ഹാര്‍ബര്‍ ഉദ്ദേശിക്കുന്നത്.

2013-14ലാണ് ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിയെക്കുറിച്ച് കൊച്ചി തുറമുഖ ട്രസ്റ്റ് ആദ്യം ആലോചിച്ചത്. പിന്നീട് 2017ല്‍ നാവികസേനയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ ശ്രമങ്ങളുണ്ടായി. ഒരു പുലിമുട്ടിന്റെ ചെലവ് പങ്കുവഹിക്കാമെന്ന് നാവികസേന വ്യക്തമാക്കുകയും ചെയ്തിരുന്നു. പാരിസ്ഥിതിക, സമുദ്ര സാങ്കേതിക പഠനങ്ങള്‍ക്കായി എല്‍ ആന്‍ഡ് ടി ഇന്‍ഫ്ര, ഐ.ഐ.ടി മദ്രാസ് എന്നിവയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല.

വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഭൂമി ടൂറിസം, വ്യാപാരം, ഹോസ്പിറ്റാലിറ്റി തുടങ്ങിയവയ്ക്കായി അനുവദിച്ച് ആ ഇനത്തില്‍ വരുമാനം നേടാനും നിലവില്‍ ഐലന്‍ഡിലുള്ള കപ്പല്‍ ബെര്‍ത്തുകള്‍ ഔട്ടര്‍ ഹാര്‍ബറിലേക്ക് മാറ്റാനുമാണ് ഉദ്ദേശിക്കുന്നതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിലെ ട്രാഫിക് വിഭാഗം അധികൃതര്‍ 'ധനത്തോട്' പറഞ്ഞു. ഔട്ടര്‍ ഹാര്‍ബറിനായുള്ള പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ നിയോഗിക്കുന്ന നടപടികളിലേക്ക് തുറമുഖ ട്രസ്റ്റ് വൈകാതെ കടന്നേക്കും.

ചരക്കുനീക്കത്തില്‍ റെക്കോഡ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കൊച്ചി തുറമുഖത്തെ മൊത്തം ചരക്കുനീക്കം (Cargo Traffic) 32.25 മില്യണ്‍ ടണ്ണിലെത്തിയിരുന്നു. ഇത് എക്കാലത്തെയും ഉയരമാണ്. ക്രൂഡോയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍, എല്‍.എന്‍.ജി എന്നിവയുടെ നീക്കത്തിലുണ്ടായ വര്‍ദ്ധനയാണ് കരുത്തായത്.

അതേസമയം, കണ്ടെയ്‌നര്‍ നീക്കം 2021-22ലെ 7.35 ലക്ഷം ടി.ഇ.യുവില്‍ (ട്വന്റിഫൂട്ട് ഇക്വിലന്റ് യൂണിറ്റ്/TEU) നിന്ന് കഴിഞ്ഞവര്‍ഷം 6.95 ലക്ഷം ടി.ഇ.യു ആയി കുറഞ്ഞു.

ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് കൊളംബോ തുറമുഖത്തിന് പകരം നിരവധി കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. ഇത് 2021-22ല്‍ കണ്ടെയ്‌നറുകളുടെ എണ്ണം കൂടാനിടയാക്കി. ശ്രീലങ്കയിലെ പ്രതിസന്ധി അയഞ്ഞതോടെ ഇത്തരം കണ്ടെയ്‌നറുകള്‍ തിരികെ കൊളംബോയെ ആശ്രയിച്ച് തുടങ്ങി.

ഇതാണ് കൊച്ചി തുറമുഖത്തെ കണ്ടെയ്‌നറുകള്‍ കഴിഞ്ഞവര്‍ഷം കുറയാനിടയാക്കിയതെന്നും നിലവിലുള്ള ഇടപാടുകാരില്‍ കുറവുണ്ടായിട്ടില്ലെന്നും തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com