ലോകത്തിലെ ആദ്യ 'ഹരിത' കണ്ടെയ്നര്‍ കപ്പലിന്റെ നിര്‍മാണക്കരാര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്‌യാഡ്

ലോകത്തിലെ ആദ്യത്തെ സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്നര്‍ കപ്പലുകളുടെ നിര്‍മാണക്കരാര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡ് (സിഎസ്എല്‍). നോര്‍വേയിലെ M/s സാംസ്‌കിപ്പ് ഗ്രൂപ്പില്‍ നിന്ന് 550 കോടി രൂപയുടെ അന്താരാഷ്ട്ര കരാറാണ് സിഎസ്എല്ലിന് ലഭിച്ചത്.

ലക്ഷ്യം സീറോ എമിഷന്‍

നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഹതിത ധനസമാഹരണ പദ്ധതിയ്ക്ക് (green funding programme) കീഴിലുള്ള സുസ്ഥിര സാങ്കേതികവിദ്യകള്‍ സ്വീകരിച്ച് സീറോ എമിഷന്‍ ഗതാഗത സൗകര്യം ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ഈ കപ്പലുകള്‍ ഗ്രീന്‍ ഹൈഡ്രജന്‍, ഹൈഡ്രജന്‍ ഇന്ധന സെല്ലുകളാല്‍ പ്രവര്‍ത്തിപ്പിക്കും.

അത്യാവശ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഡീസല്‍ ജനറേറ്റര്‍ ബാക്കപ്പും ഇതിലുണ്ടാകും. ഏകദേശം 550 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഈ കപ്പലുകള്‍ക്ക് 45 അടി നീളമുള്ള 365 കണ്ടെയ്നറുകള്‍ വഹിക്കാനാകും.

ആദ്യത്തെ കപ്പല്‍ 2025 ഓടെ

ചെലവ് കുറഞ്ഞതും വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കര, കടല്‍, റെയില്‍, വ്യോമ ഗതാഗതവും അനുബന്ധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് സാംസ്‌കിപ്പ്. 1990-ല്‍ നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാം ആസ്ഥാനമായി സ്ഥാപിതമായ സാംസ്‌കിപ്പ് യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, നോര്‍വേ എന്നിവിടങ്ങളിലെ 24 രാജ്യങ്ങളില്‍ ഈ സേവനങ്ങള്‍ നല്‍കി വരുന്നു.

സാംസ്‌കിപ്പ് നിര്‍മിക്കുന്ന ഈ കപ്പലുകള്‍ സീറോ എമിഷന്‍ ആയതിനാല്‍ ഓരോ കപ്പലും പ്രതിവര്‍ഷം 25,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (Co2) കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യത്തെ കപ്പല്‍ 2025 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷം കൈമാറും.

കൊച്ചിന്‍ ഷിപ്‌യാഡ്

രണ്ട് പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര കപ്പല്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ് കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡ്. നോര്‍വേ, യുഎസ്എ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, മിഡില്‍ ഈസ്റ്റ് തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കൊച്ചിന്‍ ഷിപ്‌യാഡ് കപ്പലുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.

വാണിജ്യ വിപണിയിലെ ശക്തമായ സാന്നിധ്യത്തിനുപുറമെ, പ്രതിരോധ കപ്പല്‍ നിര്‍മ്മാണത്തിലും യാഡ് സജീവമാണ്. അടുത്തിടെ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് നല്‍കിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it