കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉപകമ്പനിക്ക് 580 കോടി രൂപയുടെ നോര്‍വീജിയന്‍ ഓര്‍ഡര്‍
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 580 കോടി രൂപയുടെ വിദേശ ഓര്‍ഡര്‍ ലഭിച്ചു. നോര്‍വേയിലെ വില്‍സണ്‍ ഷിപ്പ് ഓണിങ് എ.എസ് എന്ന കമ്പനിക്ക് പുതിയ തലമുറയില്‍പ്പെട്ട 3,800 ടണ്‍ ഭാരമുള്ള 6 ഡീസല്‍ ഇലക്ട്രിക്ക് ചരക്ക് കപ്പലുകള്‍ നിര്‍മിച്ചു നല്‍കാനാണ് ഓര്‍ഡര്‍. കരാര്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് 8 കപ്പലുകളുടെ നിര്‍മാണത്തിനു കൂടി ഓര്‍ഡര്‍ നല്‍കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.
നെതര്‍ലന്‍ഡ്സ് കമ്പനിയായ കോണോഷിപ് ഇന്റര്‍നാഷണലാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കപ്പലുകള്‍ യൂറോപ്പില്‍ ഉള്‍നാടന്‍, തീരദേശ ജലഗതാഗത്തിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. വില്‍സണ്‍ ഷിപ്പ് ഓണിങ് എന്ന കമ്പനി യൂറോപ്പില്‍ 1.5 കോടി ടണ്‍ ഡ്രൈ കാര്‍ഗോ ഒരു വര്‍ഷം കൈകാര്യം ചെയ്യുന്നുണ്ട്. വിവിധ വലിപ്പത്തില്‍ 130 കപ്പലുകള്‍ സ്വന്തമായിട്ടുള്ള കമ്പനിയാണ്.
കരാര്‍ പ്രകാരം ആദ്യ കപ്പല്‍ 2024 ഡിസംബറില്‍ നിര്‍മിച്ചു നല്‍കും. ബാക്കി 2026 മാര്‍ച്ചിന് മുന്‍പും നല്‍കും.
വമ്പന്‍ കരാറുകള്‍
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഈ മാസം ആദ്യം നാവികസേനയുടെ കപ്പല്‍ നവീകരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 300 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നാവികസേനയ്ക്കായി വരുംതലമുറ മിസൈല്‍ യാനങ്ങള്‍(ന്യൂ ജനറേഷന്‍ മിസൈല്‍ വെസല്‍-എന്‍.ജി.എം.വി) നിര്‍മിക്കാനുള്ള 10,000 കോടി രൂപയുടെ വമ്പന്‍ കരാറും പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചിരുന്നു. കൂടാതെ ലോകത്തെ ആദ്യ സീറോ എമിഷന്‍ കണ്ടെയ്‌നര്‍ വെസല്‍ നിര്‍മിക്കാനുള്ള 550 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡറും ആ മാസം നോര്‍വേയില്‍ നിന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നേടിയിരുന്നു.
പരിസ്ഥിതി സൗഹാര്‍ദ്ദമായ അന്താരാഷ്ട്ര ജല ഗതാഗത പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ ആവേശത്തിലാണ് കമ്പനിയെന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റേയും ഉഡുപ്പി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു.
ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 1.5 ശതമാനം ഉയര്‍ന്ന് 557.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.