ഓണക്കാലത്തെ പരസ്യങ്ങള്‍ക്ക് കമ്പനികള്‍ ചെലവഴിച്ചത് 1000 കോടി രൂപയിലേറെ

ഓണക്കാലത്ത് പുത്തൻ സിനിമകൾ എത്തുന്ന പോലെയാണ് വിവിധ കമ്പനികൾ പുത്തൻ ആശയങ്ങളുമായി പുതുപുത്തൻ പരസ്യങ്ങളും ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. ഓരോ വര്‍ഷവും ഓണത്തിന് മുന്നോടിയായി ഒട്ടുമിക്ക കമ്പനികളും പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം ചെറുതല്ല. ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമല്ല. 1000 കോടി രൂപയിലധികമാണ് ഓണത്തോടനുബന്ധിച്ചുള്ള പരസ്യങ്ങള്‍ക്കായി കമ്പനികളെല്ലാം കൂടി ചെലവിട്ടതെന്ന് പരസ്യ ഏജന്‍സികള്‍ പറയുന്നു.

ഓണക്കാലം മലയാളികള്‍ ഏറ്റവും കൂടുതല്‍ ചെലവുകള്‍ നടത്തുന്ന സമയമായതിനാല്‍ കമ്പനികള്‍ അവരുടെ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍ക്കായി നല്ലൊരു ശതമാനം തുക നീക്കിവയ്ക്കുകയും മാസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ പ്രവര്‍ത്തനങ്ങല്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

മുന്നില്‍ ടി.വിയും റേഡിയോയും

പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പരിശോധിച്ചാൽ ഇതിന്റെ ഗണ്യമായ ഭാഗം ടി.വി, റേഡിയോ പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയാണെന്ന് പരസ്യ ഏജന്‍സിയായ കോം വെര്‍ട്ടിക്കയുടെ സി.ഇ.ഒ യു.എസ്. കുട്ടി പറഞ്ഞു. ഇത് 600 കോടി രൂപ വരും. വസ്ത്രങ്ങള്‍ മുതല്‍ ഏറ്റവും പുതിയ ഗാഡ്ജെറ്റുകള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങള്‍ ടി.വി സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്നു.

അച്ചടി മാധ്യമങ്ങളും പിന്നിലല്ല

പരസ്യത്തിന്റെ കാര്യത്തില്‍ അച്ചടി മാധ്യമങ്ങളും പിന്നിലായില്ലെന്ന് യു.എസ്. കുട്ടി കൂട്ടിച്ചേര്‍ത്തു. 400 കോടി രൂപയാണ് അച്ചടി മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. പ്രത്യേക ഓഫറുകളുമായി ഈ ഓണക്കാലത്ത് പത്രങ്ങളിലും മാസികകളിലും പല ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഫുള്‍ പേജ് പരസ്യങ്ങള്‍ നാം കണ്ടു. അച്ചടി മാധ്യമത്തിന്റെ സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും ഇന്നും വിപണനത്തിനുള്ള പ്രധാന ആയുധങ്ങളില്‍ ഒന്നാണിത്. പ്രത്യേകിച്ച് ഉത്സവ സീസണുകളില്‍.

ഓണ്‍ലൈന്‍ പരസ്യങ്ങള്‍ കട്ടയ്ക്ക് തന്നെ

ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും പ്രേക്ഷകര്‍ ഏറെയാണ്. ഈ വര്‍ഷത്തെ ഓണത്തിന് ഡിജിറ്റല്‍ മീഡിയ വഴിയുള്ള പരസ്യങ്ങള്‍ക്കായി 200 കോടി രൂപയോളം ചെലവഴിച്ചെന്ന് യു.എസ്. കുട്ടി പറഞ്ഞു. കമ്പനികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, സ്ട്രീമിംഗ് സേവനങ്ങള്‍, വെബ്സൈറ്റുകള്‍ എന്നിവയെല്ലാം ഇതിനായി ഉപയോഗിച്ചു.

മുന്നിട്ടുനിന്നത് ചില്ലറ വ്യാപാരമേഖല

ജൂലൈ മുതല്‍ ആരംഭിച്ചതാണ് ഓണത്തോടനുബന്ധിച്ചുള്ള പരസ്യങ്ങള്‍ക്കായുള്ള ഈ ചെലവുകള്‍. പരസ്യങ്ങളുടെ ഷൂട്ടിംഗ് തുടങ്ങി പരസ്യ കാമ്പെയ്നുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ചില്ലറ വ്യാപാര മേഖലയിലെ പരസ്യങ്ങാണ് ചെലവില്‍ മുന്നിട്ടുനിന്നത്. ചില്ലറ വ്യാപാര കമ്പനികള്‍ ഫിസിക്കല്‍ സ്റ്റോറുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കുമായി വ്യത്യസ്ത പരസ്യങ്ങളൊരുക്കി. ജുവലറി ബ്രാന്‍ഡുകള്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, ഭക്ഷ്യ കമ്പനികള്‍ എന്നിവയായിരുന്നു പരസ്യ ചെലവിൽ തിളങ്ങിയ വിഭാഗങ്ങള്‍.

ട്രെന്‍ഡായി എ.ഐയും റീല്‍സും

ഈ വര്‍ഷത്തെ ഓണപരസ്യങ്ങളിലെ പുതിയ ട്രെന്‍ഡുകള്‍ നിര്‍മിത ബുദ്ധിയിലൂടുള്ള പരസ്യങ്ങള്‍, ക്യൂ.ആര്‍ കോഡ് കാമ്പെയ്നുകള്‍, റീല്‍സിലൂടെയുള്ള പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗുമാണ്. കാഴ്ചക്കാരെ സ്വാധീനിക്കുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചു. പരസ്യങ്ങളുമായി ബന്ധപ്പെട്ട ക്യു.ആര്‍ കോഡുകള്‍ അച്ചടി, ഡിജിറ്റല്‍ മീഡിയയില്‍ ഉള്‍പ്പെടുത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ വിശ്വാസ്യത ഉപയോഗിച്ചും പരസ്യങ്ങള്‍ ഇറക്കി. റീല്‍സിലൂടെയുള്ള പരസ്യങ്ങളും ഇത്തവണത്തെ ഏറ്റവും പുതിയ ട്രെന്‍ഡായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ചെറു വീഡിയോകളാണ് റീല്‍സ്.

ഓണപരസ്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധേയമായ ഒന്ന് 12ല്‍ അധികം ദേശീയ ബ്രാന്‍ഡുകള്‍ ഓണപരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ ഇത്തവണ കേരളത്തിലെത്തി എന്നതാണ്. അതായത് ഇന്ന് ദേശീയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ബ്രാന്‍ഡുകളുടെ വിപണി വളര്‍ച്ചയ്ക്ക് വേദിയൊരുക്കുകയാണ് നമ്മുടെ കൊച്ചു കേരളത്തിലെ ഓണം.

Nadasha K V
Nadasha K V  

Related Articles

Next Story

Videos

Share it