ബില്‍ മാറ്റി കൊടുക്കില്ല, ചെറുകിട സംരംഭങ്ങള്‍ക്ക് നല്‍കാനുള്ളത് വന്‍കുടിശിക, ഇടപെട്ട് കേന്ദ്രം, പണം നല്‍കാത്തവര്‍ കാരണം ബോധിപ്പിക്കണമെന്ന് നിര്‍ദേശം

ചെറുകിട സംരംഭങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത് 21,600 കോടിയിലധികം രൂപ.
MSME
Image courtesy: Canva
Published on

നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും യഥാസമയം പണം കിട്ടാത്തത് സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസം ചെറുതല്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഇത്തരം സംരംഭങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 45 ദിവസത്തിൽ കൂടുതൽ പണം നൽകുന്നതിൽ കാലതാമസം വരുത്തുന്ന കമ്പനികള്‍ ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി അര്‍ധ വാര്‍ഷിക റിട്ടേൺ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 21,600 കോടിയിലധികം രൂപയുടെ കുടിശികയുളളതായി എം.എസ്.എം.ഇ സമാധാനൻ പോർട്ടല്‍ വ്യക്തമാക്കുന്നു. റെയിൽവേ, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിവിധ സംസ്ഥാന സർക്കാരുകൾ, വ്യക്തികൾ തുടങ്ങിയവരില്‍ നിന്ന് 97,000-ത്തിലധികം സംരംഭങ്ങള്‍ക്കാണ് വലിയ തുക കുടിശികയായി കിട്ടാനുള്ളത്.

ഉല്‍പ്പന്നങ്ങളോ, സേവനങ്ങളോ സ്വീകരിച്ച് 45 ദിവസത്തിനുള്ളിൽ ചെറുകിട സംരംഭങ്ങൾക്ക് പണം നൽകിയില്ലെങ്കിൽ, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കമ്പനികള്‍ മൂന്നിരട്ടി കോമ്പൗണ്ട് പലിശയും ബാക്കി തുകയും നൽകാൻ ബാധ്യസ്ഥരാണെന്നാണ് 2026 ലെ എം.എസ്.എം.ഇ.ഡി നിയമം പറയുന്നത്.

സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് (എം.എസ്.ഇ) സർക്കാർ പോർട്ടലായ എംഎസ്എംഇ സമാധാനിൽ പണം ലഭിക്കാന്‍ വൈകുന്നത് സംബന്ധിച്ച് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട സൂക്ഷ്മ, ചെറുകിട സംരംഭ ഫെസിലിറ്റേഷൻ കൗൺസിലാണ് (എംഎസ്ഇഎഫ്‌സി) അപേക്ഷകള്‍ പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കുക.

ഏറെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകുന്ന എം.എസ്.എം.ഇ കള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് കേന്ദ്ര നടപടി. ഉല്‍പ്പന്നങ്ങള്‍ നല്‍കിയ ശേഷം എം.എസ്.എം.ഇ കള്‍ക്ക് പണം ലഭിക്കാത്ത അവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ പുതിയ നടപടി സഹായകമാകുമെന്നാണ് കരുതുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ മേഖലയിലെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ വലിയ ഉത്തേജനമാണ് സംരംഭകര്‍ക്ക് നല്‍കുക. തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനും നാടിന്റെ സാമ്പത്തിക പുരോഗതിക്കും എം.എസ്.എം.ഇ മേഖലകളെ മികച്ച രീതിയില്‍ പരിപോഷിപ്പിക്കുന്നതിന് അധികൃതര്‍ മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com