ലോകത്തിലെ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍; ആദ്യപത്തില്‍ ടി.സി.എസും
ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള കമ്പനികളുടെ പട്ടികയില്‍ ഇന്ത്യന്‍ ഐ.ടി കമ്പനിയായ ടി.സി.എസും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെയാണ് കമ്പനീസ് മാര്‍ക്കറ്റ് ക്യാപ് ഡോട്ട് കോം എന്ന റിസര്‍ച്ച് വെബ്‌സൈറ്റ് പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100 കമ്പനികള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ 617,795 ജീവനക്കാരുമായി ലോകോത്തര കമ്പനികള്‍ക്കൊപ്പം ആറാം സ്ഥാനത്താണ് ടി.സി.എസ്. 12.36 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടി.സി.എസ്.
21 ലക്ഷം ജീവനക്കാരുള്ള അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. 15.41 ലക്ഷം ജീവനക്കാരുമായി മറ്റൊരു അമേരിക്കന്‍ കമ്പനിയായ ആമസോണാണ് രണ്ടാം സ്ഥാനത്താണ്. തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ (8,26,608), അയര്‍ലന്‍ഡ് കമ്പനിയായ ആക്‌സെഞ്ച്വര്‍ (7,32,000), ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗന്‍ (6,76,915) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.