കോര്‍പ്പറേറ്റ് മേഖലയിലെ പുതിയ പരിഷ്‌കാരം; കമ്പനികളുടെ ലിക്വിഡേഷന്‍ വേഗത്തിലാക്കും
ലോകത്തിലെ മറ്റുള്ള രാജ്യങ്ങളിലെ കോര്‍പ്പറേറ്റ് നിയമങ്ങളിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് 2013 ലെ ഇന്ത്യന്‍ കമ്പനി നിയമം നിലവില്‍ വരുത്തിയത്. കൂടാതെ രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള അനുകൂലമായ സാഹചര്യം (Ease of doing business) സൃഷ്ടിക്കുന്നതിനും കൂടി വേണ്ടിയായിരുന്നു 2013 ലെ ഇന്ത്യന്‍ കമ്പനി നിയമഭേദഗതിയും രാജ്യത്ത് നിലവില്‍ വന്നത്.
മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ സഫലീകരിക്കുന്നതിന് വേണ്ടിയാണ് 2023 മാര്‍ച്ച് 17-ാം തീയതി ഇന്ത്യന്‍ കമ്പനികാര്യ വകുപ്പ്(MCA) ഒരു നോട്ടിഫിക്കേഷന്‍ വഴി C-PACE(Centre for Processing Accelerated Corporate Exit) സംവിധാനം രൂപീകരിച്ചത്.
എന്താണ് സി-പേസ്
കമ്പനികള്‍ക്ക് സ്വമേധയാ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള പ്രക്രിയ വേഗത്തിലാക്കാന്‍ കമ്പനികാര്യ വകുപ്പ് മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് സി-പേസ്.
2023 ഏപ്രില്‍ ഒന്നു മുതല്‍ ഹരിയാനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിലാണ് സി-പേസ് സംവിധാനം നിലവില്‍ വന്നത്. 2013 ലെ കമ്പനി നിയമത്തിലെ വകുപ്പ് 248 അനുസരിച്ച് വിനിയോഗിക്കേണ്ട അധികാരം ഇനിമുതല്‍ സി-പേസ് രജിസ്ട്രാറാണ് വിനിയോഗിക്കുക. മുഴുവന്‍ ഇന്ത്യയും സി-പേസ് രജിസ്ട്രാറുടെ അധികാര പരിധിയില്‍ വരും.
വകുപ്പ് 248 അനുസരിച്ച് താഴെ പറയുന്ന സാഹചര്യങ്ങളിലാണ് രജിസ്ട്രാര്‍ക്ക് കമ്പനിയുടെ പേര് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യാനാകുന്നത്.
സ്വമേധയ അപേക്ഷിക്കാം
കമ്പനികള്‍ക്ക് കമ്പനികാര്യ വകുപ്പിന്റെ രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ കൊടുക്കുവാന്‍ സാധിക്കുന്നതാണ്. ചില വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമാണ് ഇപ്രകാരം അപേക്ഷ കൊടുക്കാന്‍ സാധിക്കുന്നത്. ഒരു പരിധി വരെ ഇതൊരു സ്വമേധയാ ലിക്വിഡേഷനാണ്(Vlountary Liquidation). ഇത്തരത്തിലുള്ള പിരിച്ചുവിടല്‍ പ്രക്രിയയ്ക്ക് വിധേയമാകുന്നതിന് വേണ്ടി കമ്പനികള്‍ക്ക് സി-പേസ് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കാം.
മറ്റ് സാഹചര്യങ്ങള്‍
a) കമ്പനി ഇന്‍കോര്‍പ്പറേഷന്‍ ആയി ഒരു വര്‍ഷത്തിനുള്ളില്‍ ബിസിനസ് ആരംഭിച്ചിട്ടില്ലെങ്കില്‍
b) കമ്പനി കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ബിസിനസ് നടത്തിയിട്ടില്ലെങ്കില്‍
c) മെമ്മോറാണ്ടത്തില്‍ ഒപ്പ് വെച്ച ആളുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ തുക നല്‍കിയിട്ടില്ലെങ്കില്‍
d) വകുപ്പ് 248(1) അനുസരിച്ചിട്ടുള്ള മറ്റു സാഹചര്യങ്ങളില്‍
കമ്പനികളുടെ ലിക്വിഡേഷന് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ എടുക്കുന്ന സാഹചര്യത്തില്‍ ആറ് മാസത്തിനുള്ളില്‍ ലിക്വിഡേഷന്‍ സാധ്യമാക്കുന്നതിന് വേണ്ടിയാണ് C-PACE നിലവില്‍ വന്നിരിക്കുന്നത്.