Confident Shipyard, Cool Captain

രണ്ട് വര്‍ഷത്തേക്ക് ജോലി ചെയ്യാം എന്ന കണക്കുകൂട്ടലോടെ 1988ല്‍ ഷിപ്‌യാര്‍ഡില്‍ ട്രെയ്‌നിയായി ജോലിക്കു ചേര്‍ന്ന മധു എസ്. നായര്‍ ഇന്ന് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്ററാണ് - ഒരു പൊതുമേഖലാ സ്ഥാപനത്തെക്കുറിച്ചുള്ള എല്ലാ കാഴ്ചപ്പാടും തിരുത്തിയെഴുതിയ, 45 വര്‍ഷം പ്രായമുള്ള ഷിപ്പ്‌യാര്‍ഡിനെ വികസനത്തിന്റെ പുതിയ പാതകളിലൂടെ നയിക്കുന്ന അമരക്കാരന്‍.

ഏകദേശം 27 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലനില്‍പ്പിനായി 'സേവ് ഷിപ്‌യാര്‍ഡ്' എന്ന മുദ്രാവാക്യത്തോടെ മാനേജ്‌മെന്റും ജീവനക്കാരുമെല്ലാം തെരുവിലേക്കിറങ്ങുകയും കേന്ദ്ര സര്‍ക്കാരിന്റെ ദയാദാക്ഷിണ്യത്തിനായി യാചിക്കുകയും ചെയ്യേണ്ടി വന്നതിന്റെ അപമാനം ഇന്ന് നിറഞ്ഞ അഭിമാനത്തിനും ആത്മവിശ്വാസത്തിനും വഴിമാറിയിരിക്കുന്നു. അന്ന് മൈനസ് 180 കോടിയായിരുന്ന കമ്പനിയുടെ നെറ്റ്‌വര്‍ത്ത് കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ (ഐ.പി.ഒ) ഇറങ്ങുമ്പോള്‍ 2000 കോടിയായി വളര്‍ന്നിരിക്കുന്നു!

ഓഹരി വിപണിയില്‍ വന്‍ വിജയമായി മാറിയ ഐപിഒയ്ക്ക് ഒരു വയസാകുന്ന ഈ സമയത്ത് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ഈ സ്ഥാപനവും ജീവനക്കാരും. ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം, 1800 കോടിയുടെ ഡ്രൈഡോക്ക് പദ്ധതി, വില്ലിംഗ്ടണ്‍ ഐലന്റിലെ പ്രോജക്ട്, ആന്‍ഡമാന്‍ & നിക്കോബാര്‍ അഡ്മിനിസ്‌ട്രേഷന് വേണ്ടിയുള്ള കപ്പല്‍ നിര്‍മാണം.... പിന്നെ, ഇന്ത്യയിലെ ഷിപ്പ് റിപ്പയര്‍ രംഗത്തെ 40 50 ശതമാനം ജോലികളും; തിരക്കിലാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡ്.

കമ്പനിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന, അതിന്റെ ഓരോ തുടിപ്പും തൊട്ടറിയുന്ന മധു എസ്. നായര്‍ ഷിപ്പ്‌യാര്‍ഡിന്റെ ആവേശകരമായ ഈ യാത്രയെക്കുറിച്ച്, പ്രവര്‍ത്തന സംസ്‌കാരത്തെക്കുറിച്ച്, പുതിയ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നു.

ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കിടയില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എങ്ങനെ വേറിട്ടു നില്‍ക്കുന്നു?

ഇതൊരു ക്ലീന്‍ കമ്പനിയാണ്. ഞങ്ങള്‍ക്കെതിരെ കേസുകളില്ല, സിബിഐ പ്രശ്‌നങ്ങളില്ല, വിജിലന്‍സ് അന്വേഷണമില്ല... ജീവനക്കാര്‍ ഈ കമ്പനിക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. മറ്റ് തൊഴിലവസരങ്ങള്‍ ലഭിക്കാഞ്ഞിട്ടല്ല, പക്ഷെ, ഒരു മികച്ച കമ്പനിയുടെ ഭാഗമായിരിക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ. തൊഴിലിനോടുള്ള പാഷന്‍ എല്ലാവര്‍ക്കുമുണ്ട്. ഇത്തരമൊരു വികാരം പൊതുമേഖലാ സ്ഥാപനങ്ങളില്‍ അപൂര്‍വമാണ്. ഞാന്‍ ചാര്‍ജെടുത്ത സമയത്ത് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതും ഇതൊരു മാതൃകാ സ്ഥാപനമായി മുന്നോട്ട് പോകണം എന്നുതന്നെയാണ്. എന്തും സാധ്യമാണ് എന്നു ലോകത്തിനു കാണിച്ചുകൊടുക്കുകയാണ് ഞങ്ങള്‍, കേരളത്തില്‍ പൊതുമേഖലാ സ്ഥാപനത്തിന് പണമുണ്ടാക്കാം, ലാഭമുണ്ടാക്കാം, ജീവിതങ്ങളെ മാറ്റാം... അങ്ങനെ എന്തും സാധ്യമാണ്.

പത്ത് വര്‍ഷത്തോളമായി ആഗോള ഷിപ്പിംഗ് മേഖലയില്‍ മാന്ദ്യം തന്നെയാണ്. കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് ഏറെ സ്വാധീനമുണ്ടായിരുന്ന എക്‌സ്‌പോര്‍ട്ട് രംഗം തകര്‍ന്നു. എങ്ങനെയാണ് ഈ പ്രതിസന്ധി മറികടന്നത്?

ഒരുകാലത്ത് വെസ്റ്റ് യൂറോപ്പിലായിരുന്നു ഞങ്ങള്‍ക്ക് ബിസിനസ് കൂടുതല്‍. അറുപതോളം കപ്പല്‍ എക്‌സ്‌പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി... അങ്ങനെ പല രാജ്യങ്ങള്‍. കൈവെള്ളയിലെന്ന പോലെ ഞങ്ങള്‍ക്ക് അറിയാവുന്ന രംഗമായിരുന്നു അത്. യൂറോപ്പിലെ ഏത് ഓഫീസുകളിലും കടന്നു ചെല്ലാം, ഏത് ബാങ്കും നമ്മള്‍ അംഗീകരിച്ച ഡോക്കുമെന്റുകള്‍ ഒരു തടസവുമില്ലാതെ സ്വീകരിക്കും. 10 വര്‍ഷം കൊണ്ട് വളര്‍ത്തിയ ആ ബിസിനസ് നഷ്ടമായപ്പോള്‍ ഞങ്ങള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ആറേഴ് വര്‍ഷം മുന്‍പ് ടേണോവറിന്റെ 40 50 ശതമാനം ഡിഫന്‍സും ബാക്കി എക്‌സ്‌പോര്‍ട്ടുമായിരുന്നു, ഇപ്പോള്‍ ഡിഫന്‍സ് 70 ശതമാനമാണ്. ഷിപ്പ് ബില്‍ഡിംഗ് മാത്രമല്ല, ഷിപ്പ് റിപ്പയറും. കഴിഞ്ഞ വര്‍ഷം ഷിപ്പ് റിപ്പയര്‍ കമ്പനിക്ക് നേടിത്തന്നത് 623 കോടിയാണ്. മൊത്തം ടേണോവറിന്റെ 25 ശതമാനം. ഇന്ത്യന്‍ ഡിഫന്‍സ് മേഖലയും ഷിപ്പ് റിപ്പയര്‍ രംഗവും മികച്ച നിലയിലാണ്. ഇങ്ങനെ പല കാര്യങ്ങള്‍ ചെയ്യുന്നതാണ് ഞങ്ങള്‍ക്ക് വിജയം നേടിത്തരുന്നത്. 7500 കിലോമീറ്ററാണ് ഇന്ത്യയുടെ കോസ്റ്റ്‌ലൈന്‍. സാധ്യതകള്‍ അപാരമാണ്.

ഇനി വരുന്ന നാളുകളില്‍ ഷിപ്‌യാര്‍ഡ് മുന്നില്‍ കാണുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ്?

വിപണി മോശമാണെങ്കിലും അല്ലെങ്കിലും മികച്ച വളര്‍ച്ച നേടുക എന്നത് വലിയ വെല്ലുവിളിയാണ്. ചെറിയ നേട്ടങ്ങള്‍ കൊണ്ട് ഇനി കാര്യമില്ല. അവസരങ്ങള്‍ കണ്ടെത്തണം, അവ ഉപയോഗപ്പെടുത്തണം, അതുകൊണ്ടാണ് ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നത്. ഇപ്പോള്‍ 14 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഇത്രയും വളര്‍ച്ച നേടുക, പല നാടുകളിലേക്ക് വികസിക്കുക, അതിനുള്ള ലീഡര്‍ഷിപ്പിനെ വളര്‍ത്തിയെടുക്കുക - ഇതാണ് പ്രധാന വെല്ലുവിളി. ഇങ്ങനെയൊരു നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ട് വരുമ്പോള്‍ ക്ലീന്‍ കമ്പനി എന്ന സ്വഭാവവിശേഷം നിലനിര്‍ത്തുകയും വേണം. വളരെ സത്യനിഷ്ഠയുള്ള ഒരു സ്ഥാപനമായി, നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്തി മുന്നോട്ട് പോകണം. ലിസ്റ്റഡ് കമ്പനിയായതുകൊണ്ട് നിക്ഷേപകരുടെ വെല്‍ത്ത് ക്രിയേഷനും വലിയ ഉത്തരവാദിത്തമാണ്.

ഇന്ത്യയില്‍ ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ഈ മേഖലയില്‍ സിഎസ്എല്‍ കാണുന്ന സാധ്യതകള്‍ എന്തെല്ലാമാണ്? ഇത്രയേറെ ജലപാതകളുള്ള കേരളത്തില്‍ എന്തെല്ലാം അവസരങ്ങള്‍ ഉപയോഗപ്പെടുത്താം?

ഇന്ത്യയെപ്പോലെ ഇത്രയധികം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടക്കുന്ന ഒരു രാജ്യത്ത് ഇപ്പോള്‍ റോഡ് റെയ്ല്‍ വഴി നടക്കുന്ന ഗതാഗതത്തിന്റെ നല്ലൊരു ഭാഗം ജലപാതകള്‍ വഴിയാക്കാവുന്നതാണ്. ഗംഗയിലും ബ്രഹ്മപുത്രയിലും ഒട്ടേറെ പദ്ധതികള്‍ നടക്കുന്നുണ്ട്. വേള്‍ഡ് ബാങ്കിന്റെ 5400 കോടി രൂപ ചെലവ് വരുന്ന ജല്‍മാര്‍ഗ് വികാസ് യോജന വഴി ഗംഗയുടെ 1600 കിലോമീറ്ററാണ് വികസിപ്പിക്കുന്നത്. 2020 ആകുമ്പോഴേയ്ക്കും ആവശ്യമുള്ള ആഴം ഉണ്ടാക്കണം, പാലങ്ങള്‍ മാറ്റണം. ഞങ്ങള്‍ കൊല്‍ക്കൊത്തയില്‍ ഷിപ്‌യാര്‍ഡ് ആരംഭിച്ചത് ഇന്‍ലാന്‍ഡ് വാട്ടര്‍വെയ്‌സ് മേഖലയിലെ സാധ്യതകള്‍ മുന്നില്‍ കണ്ടുതന്നെയാണ്. കേരളത്തിലും പലതും നടക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ പത്ത് റോറോ ബോട്ടുകള്‍ക്കുള്ള സര്‍ക്കാര്‍ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം കൊച്ചിക്ക് വേണ്ടിയാണ്. ചെലവ് കുറഞ്ഞ, സുരക്ഷിതമായ, പരിസ്ഥിതി സൗഹൃദമായ ഗതാഗത മാര്‍ഗമാണ് ജലപാതകള്‍. ടൂറിസം മേഖലയില്‍ ദിവസങ്ങള്‍ നീളുന്ന, നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കണക്ട് ചെയ്യുന്ന റിവര്‍ ക്രൂസുകള്‍ക്കും സാധ്യത ഏറെയാണ്. വാട്ടര്‍ മെട്രോയുടെ വികസനവും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.

കേരളത്തിന്റെ സാമ്പത്തിക രംഗത്തിനു ഷിപ്‌യാര്‍ഡ് നല്‍കിയ സംഭാവനകള്‍ എന്തെല്ലാമാണ്?

ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്നതുതന്നെ. 1900 സ്ഥിരം ജീവനക്കാരാണ് കമ്പനിക്ക് ഉള്ളത്, പക്ഷെ, ഏത് ദിവസമായാലും ഇവിടെ 5000 - 6000 ആളുകള്‍ ജോലി ചെയ്യുന്നുണ്ടാകും. ട്രെയ്‌നികള്‍, ഹ്രസ്വകാല ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിങ്ങനെ പലര്‍. കമ്പനിക്ക് പുറത്തും ഒരുപാട് പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. വാഹനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍ അങ്ങനെ പലത്. പുതിയ പദ്ധതികള്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ മൂവായിരം പേര്‍ക്ക് കൂടി ജോലി നല്‍കാന്‍ കഴിയും എന്നാണ് പ്രതീക്ഷ, ഇങ്ങനെ കേരളത്തില്‍ ഏറ്റവും മികച്ച ശമ്പളമുള്ള, മാന്യതയുള്ള തൊഴില്‍ നല്‍കുന്നു എന്നത് തന്നെ കമ്പനി ചെയ്യുന്ന കാര്യങ്ങളില്‍ പ്രധാനം. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരമാണ് പലര്‍ക്കും ലഭിക്കുന്നത്. ഇതോടൊപ്പം ഷിപ്‌യാര്‍ഡ് നല്‍കുന്ന നികുതിയും പ്രധാനമാണ്. കഴിഞ്ഞ വര്‍ഷം 208 കോടിയാണ് ഇന്‍കം ടാക്‌സായി നല്‍കിയത്, വാങ്ങുന്ന ഉപകരണങ്ങള്‍ക്ക് നല്‍കുന്ന നികുതി വേറെ.

നൂറ്റമ്പതോളം എംഎസ്എംഇ കമ്പനികള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങളുടെ 50 ശതമാനവും ഉപയോഗിക്കുന്നത് സിഎസ്എല്‍ ആണ്.

വില്ലിംഗ്ടണ്‍ ഐലന്റിലെ പദ്ധതി ഉള്‍പ്പെടെ 3000 കോടിയുടെ നിക്ഷേപമാണ് ഇപ്പോള്‍ ഞങ്ങള്‍ കേരളത്തില്‍ നടത്തുന്നത്. മുന്നൂറ് ഏക്കറോളം ഭൂമി ഗുജറാത്തില്‍ സൗജന്യമായി നല്‍കാം എന്ന വാഗ്ദാനം വേണ്ടെന്നു വച്ചാണ് ഇവിടെ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം ലീസിനെടുത്ത് ഈ പ്രോജക്ട് ചെയ്യുന്നത്.

നമുക്ക് വിജയകഥകള്‍ വേണം. ഇല്ലെങ്കില്‍ ഇവിടെ ഒന്നും നടക്കില്ല എന്ന് അടുത്ത തലമുറയും ചിന്തിക്കും. ആ കാഴ്ചപ്പാട് മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.

എന്താണ് ഈ എനര്‍ജിയുടെ രഹസ്യം?

ചെയ്യുന്ന ജോലിയിലെ സന്തോഷം, പിന്നെ ഒരുപാട് പേര്‍ക്ക് മികച്ച ജീവിതം നല്‍കിയ ഒരു സ്ഥാപനത്തിന്റെ ഭാഗമാകുന്നതിലെ അഭിമാനവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it