തിളച്ച് മറിഞ്ഞ് എഥനോള്‍: പ്രതിഷേധം തെരുവില്‍; ഒടുവില്‍ പിന്നോട്ട് വലിഞ്ഞ് കേന്ദ്രം? 'E25' നടപ്പിലാക്കല്‍ നീട്ടിയേക്കും

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്ത ഇന്ധനം വിപണിയിൽ വ്യാപകമായതോടെ വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്ന ഉപഭോക്താക്കളുടെ വ്യാപക പരാതിയും തെരുവ് പ്രതിഷേധങ്ങളുമാണ് പുതിയ തീരുമാനത്തിന് പിന്നിൽ.
petrol pump
canva
Published on

മാരുതി സുസുക്കിയുടെ പ്രശസ്തമായ ഒരു പരസ്യവാചകമുണ്ട്.'കിത്‌നാ ദേതി ഹേ' (എത്ര മൈലേജ് തരും). ഇന്നും ശരാശരി ഇന്ത്യന്‍ ഉപഭോക്താവ് വാഹനം വാങ്ങുമ്പോള്‍ ആദ്യം നോക്കുന്നത് അതിന്റെ ഇന്ധനക്ഷമത തന്നെയാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത പദ്ധതി (Ethanol Blending Programme) ഈ മൈലേജ് കണക്കുകൂട്ടലുകളെ തകിടം മറിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹന ഉടമകള്‍. പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്തുള്ള 'E20' ഇന്ധനം വിപണിയില്‍ വ്യാപകമായതോടെയാണ് ഈ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

എന്നാല്‍, ഈ വിവാദങ്ങള്‍ക്കിടയിലും ഇന്ധനങ്ങളില്‍ എഥനോള്‍ ചേര്‍ക്കുന്നതിന്റെ മെച്ചം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ബയോഫ്യുവല്‍ പദ്ധതികളുമായി രാജ്യം മുന്നോട്ട് തന്നെ പോകുമെന്നാണ് കേന്ദ്ര നിലപാട്.

എഥനോള്‍ കലര്‍ത്തല്‍ വേഗം കുറയുമോ?

യഥാര്‍ത്ഥത്തില്‍ 2030-ഓടെ മാത്രം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന E20 പെട്രോള്‍ വിതരണം വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി രാജ്യം വേഗത്തില്‍ കൈവരിക്കുകയായിരുന്നു. എന്നാല്‍ ഈ വേഗതയേറിയ മാറ്റം ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ പശ്ചാത്തലത്തില്‍, അടുത്ത ഘട്ടമായ 'E25' (25% എഥനോള്‍ മിശ്രിതം) ഇന്ധനം പുറത്തിറക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ താല്ക്കാലികമായി നീട്ടിവെക്കാന്‍ ആലോചിക്കുന്നതായി 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച സര്‍ക്കാരിന്റെ ഉന്നതതല യോഗത്തിലാണ് ഉപഭോക്താക്കളുടെ പരാതികള്‍ ശാസ്ത്രീയമായ സമീപനത്തോടെ വേണം പരിഹരിക്കാന്‍ എന്ന തീരുമാനമുണ്ടായത്. E20 ഇന്ധനത്തോടുള്ള ജനങ്ങളുടെ പ്രതികരണം മോശമായ സാഹചര്യത്തില്‍, വിപണിയിലെ അനുബന്ധ സംവിധാനങ്ങള്‍ സജ്ജമാകുന്നതുവരെ പുതിയ മാറ്റങ്ങളിലേക്ക് തിടുക്കം കൂട്ടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കരുതുന്നത്.

22 മുതല്‍ 30 ശതമാനം വരെ എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ക്ക് കേന്ദ്ര എക്‌സൈസ് നികുതി ഒഴിവാക്കിയതും ഇതിന് പിന്നാലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) ഇത്തരം മിശ്രിതങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതുമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചത്.

പ്രതിഷേധം തെരുവില്‍, ആശങ്കകള്‍ വലുത്‌

ഭരണകക്ഷിക്ക് വലിയ ജനപിന്തുണയുള്ള ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ഞായറാഴ്ച വാഹന ഉടമകള്‍ E20 ഇന്ധന നയത്തിനെതിരെ വലിയ തെരുവ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എഥനോള്‍ മിശ്രിതം കാരണം എഞ്ചിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും വാഹനങ്ങളുടെ പരിപാലനച്ചെലവ് വര്‍ധിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി.

പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ തഹ്‌സീന്‍ പൂനാവാല മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഒരു മധ്യവര്‍ഗ്ഗ കുടുംബം വാങ്ങുന്ന ഏറ്റവും വിലകൂടിയ രണ്ടാമത്തെ വസ്തുവാണ് കാര്‍. E10 ഇന്ധനത്തിന് മാത്രം അനുയോജ്യമായ വാഹനങ്ങളുള്ള പൗരന്മാരുടെ മേല്‍ സര്‍ക്കാര്‍ E20 ഇന്ധനം അടിച്ചേല്‍പ്പിച്ചു, അതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ അവര്‍ അനുഭവിക്കുകയാണ്.'

പ്രധാനമായും മൂന്ന് പ്രശ്‌നങ്ങളാണ് ഈ രംഗത്ത് ചൂണ്ടിക്കാണിക്കപ്പെടുന്നത്:

1. മൈലേജിലെ കുറവ് (ഇന്ധനക്ഷമത): സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് കലോറിഫിക് മൂല്യം കുറവാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) മുന്‍പ് നല്‍കിയ സൂചനകള്‍ പ്രകാരം, ഇന്ധനങ്ങളില്‍ E20 ഉപയോഗിക്കുമ്പോള്‍ സാധാരണ പെട്രോള്‍ കാറുകളില്‍ ഇന്ധനക്ഷമതയില്‍ ഏകദേശം 6-7% വരെയും, ഇരുചക്ര വാഹനങ്ങളില്‍ 3-4% വരെയും കുറവുണ്ടാകാം. പഴയ ഇനമായ E10-ല്‍ ഇത് 1-2% മാത്രമായിരുന്നു.

2. എഞ്ചിനുകളില്‍ ജലാംശം പടരാന്‍ സാധ്യത: എഥനോളിന് അന്തരീക്ഷത്തിലെ ജലതന്മാത്രകളെ ആകര്‍ഷിക്കാനുള്ള സവിശേഷതയുണ്ട്. ഇന്ധന ടാങ്കില്‍ ജലാംശം ഉണ്ടാകുന്നത് എഞ്ചിന്‍ ഭാഗങ്ങള്‍ തുരുമ്പെടുക്കുന്നതിനും ഇന്ധന പമ്പ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നതിനും കാരണമായേക്കാമെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഡീസല്‍ എഞ്ചിനുകളില്‍ ഇത് കൂടുതല്‍ തേയ്മാനത്തിന് കാരണമായേക്കാം.

3. തിരഞ്ഞെടുപ്പുകളുടെ അഭാവം: ബ്രസീല്‍ പോലുള്ള വിദേശ രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പമ്പുകളില്‍ ചെന്ന് സാധാരണ പെട്രോളോ ഉയര്‍ന്ന എഥനോള്‍ മിശ്രിതമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ ഉയര്‍ന്ന മിശ്രിതങ്ങള്‍ക്ക് വലിയ വിലക്കിഴിവും നിയമപ്രകാരം നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ സാധാരണ ഇന്ധന ഉപഭോക്താവിന് മറ്റ് ഓപ്ഷനുകള്‍ ലഭ്യമല്ല.

അനുകൂലിച്ച്‌ വാഹന നിര്‍മ്മാതാക്കള്‍

വലിയ രീതിയിലുള്ള ജനരോഷം ഉയരുമ്പോഴും വിപണിയിലെ വമ്പന്‍ കമ്പനികള്‍ എഥനോള്‍ നയത്തെ അനുകൂലിച്ചാണ് സംസാരിക്കുന്നത്.

ബയോഫ്യുവല്‍ ബ്ലെന്‍ഡിംഗ് പദ്ധതികളെക്കുറിച്ച് പുനരാലോചന നടത്തേണ്ട രീതിയിലുള്ള വലിയ പ്രശ്‌നങ്ങളൊന്നും സോഷ്യല്‍ മീഡിയയിലോ വിപണിയിലോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അസോസിയേറ്റ് വൈസ് പ്രസിഡന്റ് പുനീത് ആനന്ദ് വ്യക്തമാക്കി. മാരുതിക്കും മറിച്ച് അഭിപ്രായമില്ല. 2025 മുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ E20 ഇന്ധനത്തിന് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്നും ഇത് പഴയ E10 വാഹനങ്ങള്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാമെന്നും മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാഹുല്‍ ഭാരതി അവകാശപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ടൊയോട്ട ഇന്നോവ ഹൈക്രോസ് (Innova Hycross) കാറിന്റെ എഞ്ചിന്‍ തകരാറിലായ സംഭവം എഥനോള്‍ മിശ്രിതം കൊണ്ടല്ല, മറിച്ച് ഇന്ധനത്തില്‍ കലര്‍ന്ന മറ്റ് അശുദ്ധവസ്തുക്കള്‍ (Contaminated fuel) കാരണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ടൊയോട്ട ഇന്ത്യ മേധാവി വിക്രം ഗുലാത്തിയും രംഗത്ത് എത്തിയിരുന്നു.

ടൊയോട്ട, മാരുതി സുസുക്കി, ഹീറോ മോട്ടോടോര്‍പ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ മുന്‍പ് കേന്ദ്രത്തിന്റെ E20 നയത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഓട്ടോമൊാവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) നടത്തിയ പരിശോധനകളില്‍, ഇന്ധന വ്യവസ്ഥകളില്‍ ഉപയോഗിക്കുന്ന ലോഹങ്ങളിലും മറ്റ് ഘടകങ്ങളിലും E20 ഉണ്ടാക്കുന്ന സ്വാധീനം നിസാരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രിക്കെതിരെയും വിമര്‍ശനം

ഈ വിവാദങ്ങള്‍ക്കിടയിലും ഡീസലിലും ബയോഫ്യുവല്‍ കലര്‍ത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ എഥനോള്‍ ഉത്പാദന കമ്പനികള്‍ക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശക്തമായ പിന്തുണ നല്‍കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ മേഖലയിലുള്ള ബിസിനസ് താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന വിമര്‍ശനം കോണ്‍ഗ്രസ് ശക്തമായി ഉന്നയിക്കുന്നുണ്ട്. നിതിന്‍ ഗഡ്കരിയുടെ മക്കളുടെ നേതൃത്വത്തിലുള്ള 'സീവാന്‍ അഗ്രോ ഇന്‍ഡസ്ട്രീസ്' ഉള്‍പ്പെടെയുള്ള കമ്പനികള്‍ എഥനോള്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ്. കരിമ്പ് മില്ലുകളും ഡിസ്റ്റിലറികളുമുള്ള ഈ കമ്പനി കുറഞ്ഞ കാലം കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

എഥനോള്‍ ബ്ലെന്‍ഡിംഗിന്റെ നാള്‍വഴി: ഇന്ത്യ എവിടെയെത്തി?

ഇന്ത്യയില്‍ പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്ന പ്രക്രിയ പെട്ടെന്ന് തുടങ്ങിയ ഒന്നല്ല, ദശാബ്ദങ്ങളുടെ ചരിത്രമുണ്ട് അതിന്:

2001: പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതി ആരംഭിച്ചു.

2003: പദ്ധതി ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

2006: കേരളം ഉള്‍പ്പെടെയുള്ള 20 സംസ്ഥാനങ്ങളില്‍ 5% എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വില്‍ക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

2014: എഥനോള്‍ സംഭരണം സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അഡ്മിനിസ്‌ട്രേഡ് പ്രൈസ് സംവിധാനം കൊണ്ടുവന്നു.

2016: എഥനോള്‍ നിര്‍മ്മാണത്തിനും വിതരണത്തിനുമുള്ള പൂര്‍ണ്ണ അധികാരം കമ്പനികള്‍ക്ക് നല്‍കിക്കൊണ്ട് ഇന്‍ഡസ്ട്രീസ് (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) ആക്ട് ഭേദഗതി ചെയ്തു.

2018: പുതിയ 'നാഷണല്‍ പോളിസി ഓണ്‍ ബയോഫ്യുവല്‍സ്' പ്രഖ്യാപിച്ചു. എഥനോള്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ 5 വര്‍ഷത്തെ പലിശ സബ്സിഡി അനുവദിച്ചു. ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു.

2021: നിതി ആയോഗിന്റെ 'റോഡ് മാപ്പ് ഫോര്‍ എഥനോള്‍ ബ്ലെന്‍ഡിംഗ് ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ട് പുറത്തുവന്നു. E85 ഇന്ധനത്തിനുള്ള അടിത്തറയിട്ടത് ഈ റിപ്പോര്‍ട്ടാണ്.

2025: ലക്ഷ്യമിട്ടതിലും 5 വര്‍ഷം മുന്‍പേ രാജ്യം E20 ഇന്ധനമെന്ന ലക്ഷ്യം കൈവരിച്ചു.

2026 (നിലവില്‍): രാജ്യത്തെ എല്ലാ റീറ്റെയ്ല്‍ പെട്രോള്‍ പമ്പുകളിലും E20 പെട്രോള്‍ മാത്രമായി മാറി. കൂടാതെ, പൂര്‍ണ്ണമായും എഥനോളില്‍ മാത്രം ഓടുന്ന ഫ്‌ളെക്‌സ്‌ ഫ്യുവല്‍ വാഹനങ്ങള്‍ക്കായുള്ള 'E85' ഇന്ധനം ഡല്‍ഹിയില്‍ ഔദ്യോഗികമായി പുറത്തിറക്കി. നിലവില്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ 48 റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളിലാണ് E85 വിതരണം ചെയ്യുന്നത്. ഈ വര്‍ഷം ഡിസംബറോടെ ഇത് 500 പമ്പുകളിലേക്കും, 2027 ഡിസംബറോടെ 5,000 പമ്പുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മുന്നോട്ടുള്ള വഴി എന്ത്?

പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രായേല്‍ യുദ്ധവും ഇറാനുമായുള്ള സംഘര്‍ഷങ്ങളും കാരണം ആഗോള വിപണിയില്‍ ഇന്ധനവില ഉയരുമ്പോള്‍, ഇറക്കുമതി കുറച്ച് ആഭ്യന്തര സ്വയംപര്യാപ്തത നേടാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ പോസിറ്റീവാണ്. എന്നാല്‍, ഇതിന്റെ പേരിലുണ്ടാകുന്ന സാമ്പത്തിക ഭാരവും ഇന്ധനക്ഷമതയിലെ നഷ്ടവും പൂര്‍ണമായും സാധാരണ ഉപഭോക്താവിന്റെ പോക്കറ്റില്‍ നിന്നാകുന്നതാണ് പ്രശ്‌നമാകുന്നത്.

ബ്രസീല്‍ മാതൃക പിന്തുടര്‍ന്ന് ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളായ E85 പോലുള്ള ഇന്ധനങ്ങള്‍ക്ക് വിപണിയില്‍ വ്യക്തമായ വിലക്കുറവ് (Price Discount) നല്‍കാന്‍ സര്‍ക്കാരും എണ്ണക്കമ്പനികളും തയ്യാറാകണമന്ന് ആവശ്യമുയരുന്നുണ്ട്. എങ്കില്‍ മാത്രമേ, സാങ്കേതികമായി ഉണ്ടാകുന്ന ചെറിയ മൈലേജ് നഷ്ടം സാമ്പത്തിക ലാഭത്തിലൂടെ നികത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കൂ. E25 നയത്തില്‍ തിടുക്കം കൂട്ടാതെ വിപണിയെയും ഉപഭോക്താക്കളെയും വിശ്വാസത്തിലെടുക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ തീരുമാനം സ്വാഗതാര്‍ഹമാണെന്നും നിരീക്ഷകര്‍ പറയുന്നു.

Rising complaints over vehicle damage and lower mileage prompt the government to slow down its aggressive ethanol blending roadmap.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com