Begin typing your search above and press return to search.
തിരഞ്ഞെടുപ്പിന് മുമ്പേ പാചക വാതക സബ്‌സിഡി വീണ്ടും കൂട്ടാന്‍ കേന്ദ്രം
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി ഉജ്വല യോജന (PMUY) പദ്ധതിക്കു കീഴിലുള്ള ഉപയോക്താക്കള്‍ക്ക് പാചക വാതക സബ്‌സിഡി ഉയര്‍ത്താനുള്ള നീക്കവുമായി കേന്ദ്രം.
നിലവില്‍ സിലിണ്ടറിന് 300 രൂപയാണ് പി.എം.യു.വൈ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്‌സിഡി. വര്‍ഷം 12 സിലിണ്ടറുകള്‍ക്ക് സബ്‌സിഡി ലഭിക്കും. ഇത് ഇനിയും ഉയര്‍ത്തിയേക്കുമെന്നാണ് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സബ്‌സിഡി കൂട്ടാന്‍ കേന്ദ്രം ആലോചിക്കുന്നത്. ചില്ലറ പണപ്പെരുപ്പം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉയര്‍ന്ന നിലയിലാണ്. റിസര്‍വ് ബാങ്കിന്റെ സഹനീയ പരിധിയായ 4-6 ശതമാനത്തിനു മുകളില്‍ തുടര്‍ന്ന് വന്ന പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.02 ശതമാനമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തന്ത്രം
പശ്ചിമേഷ്യയിലെ ഇസ്രായേല്‍ -ഹമാസ് യുദ്ധം മൂലം അന്താരാഷ്ട്ര എണ്ണ, വാതക വിലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയത്താണ് പി.എം.യു.വൈ ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാചകവാതക വിലയുമായി ബന്ധപ്പെട്ട് നിരവധി നടപടികളാണ് ഇതിനകം തന്നെ കേന്ദ്രം കൈക്കൊണ്ടത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പി.എം.യു.വൈ ഉപയോക്താക്കള്‍ക്കുള്ള സബ്‌സിഡി സിലിണ്ടറിന് 200 രൂപയില്‍ നിന്ന് 300 രൂപയായി ഉയര്‍ത്തിയത്. ഇതു കൂടാതെ പാചക വാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കുകയും ചെയ്തു. 2024 സാമ്പത്തിക വര്‍ഷം മുതല്‍ 2026 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ 75 ലക്ഷം പാചക വാതക കണക്ഷനുകള്‍ കൂടി നല്‍കാനായി 1,650 കോടി രൂപയുടെ പാക്കേജും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ 1.07 കോടി ഗാര്‍ഹിക എല്‍.പി.ജി ഉപയോക്താക്കളാണുള്ളത്. ഇതില്‍ 3.41 ലക്ഷം പേര്‍ ഉജ്വല യോജന ഉപയോക്താക്കളാണ്.
Next Story
Videos