
കൊറോണ വൈറസ് ബാധ വന്നതോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി മുടങ്ങിയതു മൂലം ഇന്ത്യയിലെ ഉല്‍പ്പാദന മേഖലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന മാന്ദ്യത്തിലായതിനു പിന്നാലെ ഐ ടി മേഖലയും നേരിടുന്നത് വലിയ വെല്ലുവിളി. പുതിയ കരാറുകള്‍ യാഥാര്‍ത്ഥ്യമാകുന്നതില്‍ വന്നുപെട്ട അനിശ്ചിതത്വത്തിനു പുറമേ പ്രവര്‍ത്തനക്ഷമത കുറയുന്നതും സോഫ്റ്റ് വെയര്‍ കമ്പനികളെ വിഷമിപ്പിക്കുന്നു. അപ്രതീക്ഷിത സാമ്പത്തികാഘാതമാണ് ഇതോടെ ഈ മേഖല നേരിടുന്നത്.
പൂര്‍ണമായും വീട്ടിലിരുന്ന്
ജോലി ചെയ്യാവുന്ന 'വര്‍ക്ക് ഫ്രം ഹോം' രീതിയിലേക്ക്
അടിയന്തരഘട്ടമുണ്ടായാല്‍ മാറാന്‍ സംസ്ഥാനത്തെ ഐടി വ്യവസായം തയ്യാറെടുത്തു
തുടങ്ങി. ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐടി
കമ്പനികളുടെ കൂട്ടായ്മയായ ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) എല്ലാ
ഐടി സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള
ഐടി സ്ഥാപനങ്ങള്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍
കാര്യക്ഷമമാക്കിയതിനു പിന്നാലെയാണിത്. കോഗ്‌നിസന്റ്, പേടിഎം, വിപ്രോ
തുടങ്ങിയ പ്രമുഖ കമ്പനികള്‍ ജീവനക്കാരുടെ സുരക്ഷയ്ക്ക് കര്‍ശന
നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
കൊച്ചിയിലെ
പ്രത്യേക സാമ്പത്തിക മേഖലയയായ 'സെസി'ല്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ
ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ചെയ്യാനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍
നീക്കി. ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ക്രമീകരിക്കുന്ന തിരക്കിലാണ്
സ്ഥാപനങ്ങള്‍. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ലാപ്‌ടോപ്പുകള്‍, ഫോണുകള്‍
എന്നിവ കമ്പനികള്‍ ധാരാളമായി കരുതേണ്ടിവരും. കോള്‍ സെന്റര്‍
ജോലികള്‍ക്കുള്ള സോഫ്റ്റ് ഫോണുകള്‍ ജീവനക്കാരുടെ വീട്ടില്‍ ഉപയോഗിക്കാനുള്ള
ലൈസന്‍സ് സംബന്ധമായ ഒരുക്കങ്ങളും സ്ഥാപനങ്ങള്‍ ചെയ്യേണ്ടിവരും.
മിക്ക കമ്പനികളും രാജ്യാന്തര യാത്രകള്‍ കഴിവതും ഒഴിവാക്കിയിരിക്കുകയാണ്. പുറത്തുപോയവരോട് ഉടന്‍ തിരികെ നാട്ടിലെത്താനും നിര്‍ദേശം നല്‍കി. വനിതാദിനം, ഹോളി തുടങ്ങിയവയുമായി ബന്ധപ്പെട്ട ആഘോഷങ്ങളും പല കമ്പനികളും ഉപേക്ഷിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് വിദേശയാത്ര കഴിഞ്ഞു വരുന്ന ജീവനക്കാരോട് 15 ദിവസം വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. യാത്രകള്‍ക്കു പകരം വിഡിയോ കോണ്‍ഫറന്‍സിങ്ങ് പോലെയുള്ള സാങ്കേതികവിദ്യകള്‍ പരമാവധി ഉപയോഗിക്കണം. കുറച്ചു നാളത്തെ അവധിക്കു ശേഷം തിരികെയെത്തുന്ന ജീവക്കാരോട് കൊറോണ ബാധിത മേഖലകളില്‍ പോയിട്ടില്ലെന്ന സ്വയം സാക്ഷ്യപത്രം ആവശ്യപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്. ജീവനക്കാര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ കഴിവതും ഒഴിവാക്കും.
പ്രമുഖ
ഐടി കമ്പനികള്‍ ഹൈദരാബാദിലും നോയിഡയിലും ബെംഗളൂരുവിലും ജീവനക്കാരോട്
വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍
മറ്റുള്ളവര്‍ ചൈന, ഇറാന്‍, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ
എന്നിവിടങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത ആഭ്യന്തര, അന്തര്‍ദേശീയ
യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസ് സ്ഥലങ്ങള്‍
അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഓഫീസ്
പരിസരത്ത് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുന്നുമുണ്ട്.
ഐടി
സേവന ദാതാക്കളായ കോഗ്‌നിസന്റ് ഇന്ത്യ ഹൈദരാബാദ് ഓഫീസ് താല്‍ക്കാലികമായി
അടച്ച് ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഹൈദരാബാദിലെ ഒരു പ്രധാന ഐടി പാര്‍ക്കായ രഹെജ മൈന്‍ഡ്സ്‌പെയ്സിന്റെ
ബില്‍ഡിംഗ് 20 ലാണ് കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. അതേ
കെട്ടിടത്തിലെ മറ്റൊരു കമ്പനിയിലെ ജീവനക്കാരന്‍ കൊറോണ വൈറസിന് പോസിറ്റീവ്
ആയതോടെ കമ്പനി ഓഫീസ് തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി.
അടുത്തിടെ
ഇറ്റലി സന്ദര്‍ശിച്ച ഒരു ജീവനക്കാരന്‍ കൊറോണ വൈറസിന് പോസിറ്റീവ് ആയ ശേഷം
ഗുരുഗ്രാമിലെയും നോയിഡയിലെയും ഓഫീസുകള്‍ രണ്ട് ദിവസത്തേക്ക് ഡിജിറ്റല്‍
പേയ്മെന്റ് പ്ലാറ്റ്‌ഫോം പേടിഎം അടച്ചു. ജീവനക്കാരുടെ ആരോഗ്യ പരിശോധന
കാലതാമസമില്ലാതെ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കമ്പനി
പ്രസ്താവനയില്‍ പറഞ്ഞു. പരിസരം അണുവിമുക്തമാക്കലും ശുചിത്വവും
നടത്തിവരുന്നു.
'റിമോട്ട് വര്‍ക്കിംഗ് /
വര്‍ക്ക് ഫ്രം ഹോം' തന്ത്രം സജീവമാക്കിയതായി എച്ച്‌സിഎല്‍ ടെക്‌നോളജീസ്
അറിയിച്ചു. സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് അന്താരാഷ്ട്ര എസ്ഒഎസ് പോലുള്ള
ബാഹ്യ ഏജന്‍സികളുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന്
കമ്പനി ഒരു പ്രത്യേക ആഗോള ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ബിസിനസ്സ്
തുടര്‍ച്ച ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും എച്ച്‌സിഎല്‍ സജീവമായി
നടപ്പാക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
ഇന്ത്യയുടെ
ആദ്യത്തെ ഹൈപ്പര്‍-ലോക്കല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം 'നിയര്‍ ബൈ' പ്രതിരോധ
നടപടിയായി ഗുരുഗ്രാം ഓഫീസ് 14 ദിവസത്തേക്ക് അടച്ചുപൂട്ടി. ഈ കാലയളവില്‍
വീട്ടില്‍ നിന്ന് ജോലി ചെയ്യാനും ആരോഗ്യം പരിശോധിക്കാനും ജീവനക്കാരോട്
ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് കാരണം ഒരു ജീവനക്കാരനെയും ചൈന,
ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ആഗോള
സോഫ്‌റ്റ്വെയര്‍ സ്ഥാപനമായ വിപ്രോ പ്രഖ്യാപിച്ചു
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine