കോവിഡ് നിയന്ത്രണം: വ്യാപാര-ടൂറിസം കേന്ദ്രങ്ങളില്‍ തിരക്ക് കുറയുന്നു തീയറ്റര്‍ ഉടമകളും ആശങ്കയില്‍

കേരളത്തിലും രാജ്യത്തെമ്പാടും കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കിയതോടെ സംസ്ഥാനത്തിന്റെ വ്യാപാര വാണിജ്യ മേഖലകള്‍ കടുത്ത ആശങ്കയില്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഷോപ്പിംഗ് മാളുകളിലും, മറ്റ് വ്യാപാരകേന്ദ്രങ്ങളിലും സിനിമാ ശാലകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആളുകളുടെ ഒഴുക്കിന് കുറവുവന്നു തുടങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന സമയത്തെ അനുസ്മരിപ്പിക്കുന്ന പ്രവണതകള്‍ വിപണിയിലെമ്പാടും വീണ്ടും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്കില്‍ 10-15 ശതമാനത്തിന്റെ കുറവുണ്ടായതായി വ്യാപാര വൃത്തങ്ങള്‍ പറയുന്നു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളുമായി പോലീസും ആരോഗ്യവകുപ്പും ശക്തമായി രംഗത്തിറങ്ങുന്നതോടെ വരും ദിവസങ്ങളില്‍ ഈ പ്രവണത ശക്തിയാര്‍ജിച്ചേക്കും.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് വ്യാപാര മേഖല കരകയറി വരുന്നതേയുള്ളൂ. വീണ്ടും തിരിച്ചടിയുണ്ടായാല്‍ താങ്ങാന്‍ കഴിയുന്ന അവസ്ഥയിലല്ല പല സ്ഥാപനങ്ങളും. ഏറ്റവുമധികം ഉപഭോക്താക്കള്‍ എത്തിച്ചേരുന്ന ഷോപ്പിംഗ് മാളുകള്‍ക്ക് കനത്ത നഷ്ടമാണ് കോവിഡ് കാലത്ത് സംഭവിച്ചത്. മാളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര ബ്രാന്റുകളുടേതടക്കമുള്ള നിരവധി സ്റ്റാളുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഏറ്റവുമധികം കച്ചവടം നടക്കുന്ന ഗ്രോസറികളില്‍ മൂന്നിലൊന്ന് ബിസിനസാണ് നടന്നത്. മാളുകള്‍ കേന്ദ്രീകരിച്ച് നടക്കാറുള്ള ലോഞ്ചിംഗ്-പ്രമോഷന്‍ പരിപാടികളും നിലച്ചു. കോവിഡിന്റെ രൂക്ഷത കുറയുകയും നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കുകയും ചെയ്തതോടെ മാളുകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ആഭ്യന്തര ടൂറിസ്റ്റുകള്‍ നഗരങ്ങളിലേക്ക് എത്തിത്തുടങ്ങിയതോടെയാണ് മാളുകള്‍ കുറേകൂടി സജീവമായത്. എങ്കിലും ദൈനംദിന ബിസിനസില്‍ 25 ശതമാനത്തിലധികം കുറവ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ പ്രതിസന്ധിയിലേക്ക് മാളുകള്‍ വീണ്ടും കൂപ്പുകുത്തുമോ എന്ന ആശങ്കയാണ് ഉള്ളത്. മാളുകളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ടിപ്ലെക്‌സുകളും കനത്ത നഷ്ടം നേരിടുകയാണ്. മള്‍ടിപ്ലക്‌സുകളില്‍ സീറ്റുകള്‍ കുറവായതിനാല്‍ ഇടവിട്ടുള്ള സീറ്റുകളില്‍ മാത്രം പ്രവേശനം നല്‍കുന്നത് വലിയ വരുമാനനഷ്ടത്തിന് കാരണമായി.
മാളുകളിലെ ജീവനക്കാര്‍ക്കും മാളുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പുറം ജോലിക്കാര്‍ക്കും സംഭവിച്ച തൊഴില്‍നഷ്ടവും വളരെ വലുതാണ്. നിരവധി മാളുകളില്‍ ജീവനക്കാര്‍ കൂട്ടത്തോടെ പിരിച്ചുവിടപ്പെട്ടു. മാളുകളെ ആശ്രയിച്ച് ഭക്ഷ്യസാധനങ്ങള്‍ തയ്യാറാക്കുന്നവരടക്കം തൊഴില്‍രഹിതരായി. ഇടപ്പള്ളിയിലെ ലുലു മാളില്‍ നാലായിരത്തോളം ജീവനക്കാര്‍ നേരിട്ടും അയ്യായിരത്തോളം പേര്‍ പരോക്ഷമായും തൊഴിലെടുക്കുന്നുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ജീവനക്കാരെ ആരെയും പിരിച്ചുവിടാതിരുന്ന ഏക മാള്‍ ലുലുവാണെന്ന് സ്ഥാപനത്തിന്റെ ഒരു വക്താവ് പറഞ്ഞു. പ്രതിസന്ധി ഒഴിഞ്ഞതിനെ തുടര്‍ന്ന് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കനത്ത ഓഫറുകളുമായി മാളുകള്‍ വിപണി പിടിക്കാന്‍ ഒരുങ്ങുമ്പോഴാണ് വീണ്ടും കോവിഡ് ഭീഷണി തലപൊക്കിയത്. കൊച്ചിയില്‍ വൈറ്റിലയിലും കാക്കാനാടും പ്രസ്റ്റീജ് ഗ്രൂപ്പിന്റെ രണ്ട് വമ്പന്‍ മാളുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ്. കോവിഡ് വീണ്ടും ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാണ്.
കോവിഡ് താറുമാറാക്കിയ തീയറ്റര്‍ വ്യവസായ മേഖലയും പ്രതിസന്ധി തരണം ചെയ്തിട്ടില്ല. കോവിഡിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ അടച്ചിട്ട ശേഷം തുറന്നു പ്രവര്‍ത്തനമാരംഭിച്ച സിനിമാ ശാലകളില്‍ ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമേ പ്രേക്ഷകരെ അനുവദിക്കാന്‍ കഴിയൂവെന്നതിനാല്‍ വരുമാനം നേര്‍ പകുതിയായി കുറഞ്ഞു. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ലഭിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല. ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കേണ്ട ബിഗ് ബജറ്റ് ചിത്രങ്ങള്‍ പോലും ശരാശരി കളക്ഷനിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് തീയറ്റര്‍ ഉടമകള്‍ പറയുന്നു. ഇതിനിടയിലാണ് കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് തീയറ്ററുകളില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിയറ്ററുകളിലേക്ക് ഒഴുകിത്തുടങ്ങിയ പ്രേക്ഷകരെ കോവിഡ് പിന്തിരിപ്പിക്കുമെന്ന ആശങ്കയാണ് സിനിമാ മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നത്. കേരളത്തിലെ നല്ലൊരു ശതമാനം തീയറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇപ്പോള്‍ ലഭിക്കുന്ന വരുമാനം കൊണ്ട് തീയറ്റര്‍ നടത്തിക്കൊണ്ടുപോകുക വിഷമകരമാണെന്നാണ് അവര്‍ പറയുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it