കോവിഡ്: സമ്പന്നര്‍ സ്വകാര്യ വിമാനങ്ങളില്‍ രാജ്യം വിടുന്നു

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വലിയ നാശം വിതച്ചു കൊണ്ടിരിക്കുമ്പോള്‍ സമ്പന്നര്‍ സ്വകാര്യ ജെറ്റുകളില്‍ രാജ്യത്തിന് പുറത്ത് അഭയം തേടുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഓക്‌സിജന്റെയും ആശുപത്രി കിടക്കകളുടെയും മരുന്നിന്റെയും കുറവ് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടയിലാണ് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെയുള്ള അതിസമ്പന്നര്‍ യുറോപ്പിലും മിഡ്ല്‍ ഈസ്റ്റിലും അഭയം തേടുന്നത്.

അതിസമ്പന്നര്‍ മാത്രമല്ല, സ്വകാര്യ വിമാനം വാടകയ്‌ക്കെടുക്കാന്‍ കഴിവുള്ളവരെല്ലാം ഇത്തരത്തില്‍ രാജ്യത്തിന് പുറത്തേക്ക് പോകുകയാണെന്ന് സ്വകാര്യ ജെറ്റ് കമ്പനിയായ ക്ലബ് വണ്‍ എയറിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ രാജന്‍ മെഹ്‌റയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ പ്രതിദിനം മൂന്നര ലക്ഷത്തിലെത്തുകയും വര്‍ധിച്ചു വരുന്ന രോഗികളുടെ എണ്ണത്തില്‍ രാജ്യം വീര്‍പ്പുമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടി സമ്പന്നര്‍ രാജ്യം വിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മാലിദ്വീപ് അടക്കമുള്ള രാജ്യങ്ങളിലേക്കാണ് ബോളിവുഡ് താരങ്ങള്‍ പോകുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുകെ, കാനഡ, യുഎഇ, ഹോങ്ങ്‌കോങ്ങ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മാലിദ്വീപ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചില റിസോര്‍ട്ടുകള്‍ മാത്രമുള്ള ദ്വീപുകളിലേക്ക് കടക്കാനാകുന്നുണ്ട്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തൊട്ടു മുമ്പ് വരെ ലണ്ടന്‍, ദുബായ് നഗരങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ളവരുടെ ഒഴുക്കായിരുന്നുവത്രെ.
ന്യൂദല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് വണ്‍വേ ടിക്കറ്റ് നിരക്ക് 15 ലക്ഷം രൂപ വരെയായിരുന്നു. പലപ്പോഴും തിരികെ വരുന്നത് ഒഴിഞ്ഞ വിമാനമാണെന്നതിനാല്‍ അതിനുള്ള നിരക്കും യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നു.


Related Articles
Next Story
Videos
Share it