തിരിച്ചുപോക്കിന് തിരക്ക് കൂട്ടാതെ കേരളത്തിലെ അതിഥി തൊഴിലാളികള്‍; ഉത്തരേന്ത്യയില്‍ സ്ഥിതി രൂക്ഷം

കേരളത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കോവിഡിന്റെ രണ്ടാംതരംഗത്തില്‍ നാടുവിടാന്‍ തിരക്ക് കൂട്ടുന്നില്ല. 2020 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ഏതു വിധേനയും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തിരക്കുകൂട്ടിയ അതിഥി തൊഴിലാളികള്‍ ഇപ്പോള്‍ അന്നത്തേക്കാള്‍ രോഗവ്യാപനമുണ്ടെങ്കില്‍ പോലും അതിന് മുതിരുന്നില്ല.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്തതും സ്ഥിതി എത്രമോശമായാലും സ്വന്തം നാട്ടിലേക്കാള്‍ സുരക്ഷിതമായി കേരളത്തില്‍ കഴിയാനാകുമെന്ന ചിന്തയുമാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ''കോവിഡ് കേസുകള്‍ കുത്തനെ കൂടിയെങ്കിലും ഇവിടെ വാഹനങ്ങള്‍ ഓടുന്നുണ്ട്. കടകള്‍ തുറക്കുന്നുണ്ട്. നിര്‍മാണ ജോലികള്‍ നടക്കുന്നുണ്ട്. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി രോഗവ്യാപനം ചെറുക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ കമ്പനികള്‍ പൂട്ടുന്നുണ്ടെങ്കിലും വ്യാപകമായി അതില്ല. ഇതെല്ലാം കൊണ്ട് അതിഥി തൊഴിലാളികള്‍ക്ക് ഇവിടെ പ്രശ്‌നം രൂക്ഷമാണെന്ന ധാരണയില്ല. അതുകൊണ്ടാകാം ആരും ഇതുവരെ തിരിച്ചുപോകണമെന്ന ആവശ്യവുമായി വന്നിട്ടില്ല,'' കൊച്ചി കേന്ദ്രീകരിച്ച് സിവില്‍ കോണ്‍ട്രാക്റ്റിംഗ് ജോലികള്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ പറയുന്നു.

''കഴിഞ്ഞ വര്‍ഷം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലത്ത് കമ്പനികള്‍ സ്വന്തം ചെലവിലാണ് അതിഥി തൊഴിലാളികളെ സംരംക്ഷിച്ചിരുന്നത്. അവരില്‍ പലരും എന്നിട്ടും നിര്‍ബന്ധം പിടിച്ച് നാട്ടില്‍ പോയി. അവിടത്തെ കൃഷിപ്പണികള്‍ കഴിഞ്ഞതോടെ പണിയില്ലാതായി. തിരികെ വരാന്‍ മാസങ്ങളായി ട്രെയ്ന്‍ ടിക്കറ്റിനുവേണ്ടി പലരും കഷ്ടപ്പെടുകയാണ്. ബസ് പിടിച്ചും മറ്റുമാണ് പലരും ഇവിടെ തിരിച്ചെത്തിയിരിക്കുന്നത്. അവര്‍ക്കറിയാം കേരളത്തില്‍ അവര്‍ സുരക്ഷിതരാണെന്ന് അതുകൊണ്ട് തിരിച്ചുപോക്കിന് ഒരുവിധ തിക്കും തിരക്കും ഇതുവരെയില്ല,'' തൃശൂരിലെ ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റില്‍ കമ്പനി നടത്തുന്ന പി ജെ സീജോ പറയുന്നു.
കേരളത്തില്‍ സുഖം
അതിഥി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വന്തം നാടിനേക്കാള്‍ സുഖകരമാണ് ഇവിടെ കാര്യങ്ങള്‍. പല കമ്പനിയുടമകളും അതിഥി തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്നവരും അവര്‍ക്ക് വാക്‌സിനേഷന്‍ നടത്താനൊക്കെ മുന്‍കൈയെടുക്കുന്നുണ്ട്. വ്യവസായ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും വാക്‌സിന്‍ ക്ഷാമം മൂലം അത് നടന്നിട്ടില്ല.

രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന നാളുകളിലും കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും മുട്ടാതിരിക്കാന്‍ സര്‍ക്കാരും വ്യവസായികളും പൊതുസമൂഹവും തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധ ചെലുത്തിയിരുന്നു.
ജോലി കുറഞ്ഞ മേഖലകളില്‍ നിന്ന് തിരിച്ചുപോക്ക്
അതിനിടെ കോവിഡ് രണ്ടാം തരംഗം മൂലം പൂര്‍ണമായോ ഭാഗികമായോ പൂട്ടിയ സ്ഥാപനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പോകുന്നുണ്ട്. ടൂറിസം, ഹോട്ടല്‍ - റെസ്‌റ്റോറന്റ്, ഹൗസ് ബോട്ട് , ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവയില്‍ ജോലി ചെയ്തവരാണ് ഇത്തരത്തില്‍ ജോലി ഇല്ലാതായതുകൊണ്ടോ ജോലി കുറഞ്ഞതുകൊണ്ടോ നാട്ടിലേക്ക് തിരികെ പോകുന്നത്.
ഉത്തരേന്ത്യയില്‍ സ്ഥിതി രൂക്ഷം
എന്നാല്‍ ഉത്തരേന്ത്യയിലും രാജ്യത്തെ പ്രമുഖ വ്യവസായ മേഖലകളിലും ലോക്ക്ഡൗണ്‍ വന്നതുകൊണ്ട് അവിടങ്ങളില്‍ നിന്ന് കൂട്ടപലായനം നടക്കുന്നുണ്ട്. വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ ക്ഷാമം മൂലം പല കമ്പനികളുടെയും പ്രവര്‍ത്തനം പൂര്‍ണമായോ ഭാഗികമായോ നിലച്ചിട്ടുണ്ട്. ഇതും തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നുണ്ട്. നഗരങ്ങളില്‍ തൊഴില്‍ ഇല്ലാതെ അലയുന്നവര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി തുടങ്ങി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it