ചെറുകിട സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് ദീപാവലിയോടെ
രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (MSME) ക്രെഡിറ്റ് കാര്‍ഡ് ഈ വര്‍ഷം ദീപാവലിയോടെ എത്തുമെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. സംരംഭങ്ങള്‍ക്ക് വായ്പാ ലഭ്യത മെച്ചപ്പെടുത്തുന്നതിനും വായ്പ വിതരണം ഉറപ്പാക്കുന്നതിനുമുള്ള ഈ പദ്ധതിക്ക് സിഡ്ബി (SIDBI -Small Industries Development Bank of India) നേതൃത്വം നല്‍കും.
അനുമതികള്‍ ഉടന്‍
ചെറുകിട സംരംഭങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും ഇത് ലഭ്യമാക്കുന്നതിന് ചില അനുമതികള്‍ ആവശ്യമാണെന്ന് ഓണ്‍ലൈന്‍ പിഎസ്ബി ലോണ്‍സ് (OPL) എംഡിയും സിഇഒയുമായ ജിനന്ദ് ഷാ പറഞ്ഞു. ഈ അനുമതികള്‍ ഉടന്‍ ലഭിക്കുമെന്നും ദീപാവലിയോടെ ക്രെഡിറ്റ് കാര്‍ഡ് ചെറുകിട സംരംഭങ്ങള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പിലാക്കാന്‍ പിഎസ്ബി ലോണ്‍സ്
നിലവില്‍ ചെറുകിട സംരംഭമേഖലയ്ക്ക് വായ്പ നല്‍കുന്നതിനായി ബാങ്കുകള്‍ ഡിജിറ്റല്‍ സംവിധാനം കൂടുതലായി സ്വീകരിക്കുന്നുണ്ട്. അതുവഴി കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും വായ്പാ വിതരണം ഉറപ്പാക്കുന്നു. ചെറുകിട സംരംഭകര്‍ക്ക് ഇപ്പോള്‍ മുന്നോട്ട് വച്ച് ക്രെഡിറ്റ് കാര്‍ഡ് സംവിധാനം സിഡ്ബി, എസ്ബിഐ പോലുള്ളവയുമായി ചേര്‍ന്ന് നടപ്പിലാക്കാനാണ് ഓണ്‍ലൈന്‍ പിഎസ്ബി ലോണ്‍സ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.