പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ച: ചെറുകിട എന്‍ ബി എഫ് സികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു

പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ച: ചെറുകിട എന്‍ ബി എഫ് സികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു
Published on

പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയും കേരളത്തിലെ ചെറുകിട ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.

കേരളത്തിലെ സമീപകാലത്തെ സംഭവവികാസങ്ങള്‍ നിക്ഷേപകരുടെ വിശ്വാസം ഉലച്ചിട്ടുണ്ട്. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതും ചെറുകിട എന്‍ ബി എഫ് സികള്‍ക്ക് തിരിച്ചടിയാവുകയാണ്.

കേരളത്തിലെ, പ്രൊഫഷണല്‍ രീതിയില്‍ മുന്നോട്ട് പോകുന്ന മുന്‍നിര കമ്പനികള്‍ ഈ കാലഘട്ടത്തിലും ശക്തിയാര്‍ജ്ജിക്കുമ്പോള്‍ ചെറുകിട കമ്പനികളാണ് പ്രതിസന്ധിയിലാകുന്നത്.

ശാഖകള്‍ പുനഃക്രമീകരിക്കുന്നു

സംസ്ഥാനത്തെ പല എന്‍ ബി എഫ് സികളുടെ ശാഖകളും മാറ്റി സ്ഥാപിക്കുകയാണെന്ന നോട്ടീസ് പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. ലാഭകരമല്ലാത്ത ശാഖകള്‍ അടച്ചുപൂട്ടുകയോ പുനഃക്രമീകരിക്കുകയോ ആണ് പ്രതിസന്ധിയിലാകുന്ന എന്‍ ബി എഫ് സികളുടെ മുന്നിലെ വഴി.

ഓരോ ശാഖകളിലും മതിയായ ബിസിനസ് ഉറപ്പിച്ച ശേഷം കൂടുതല്‍ ശാഖകള്‍ തുറന്ന് പടിപടിയായി വളര്‍ന്ന എന്‍ ബി എഫ് സികളെ ഇപ്പോള്‍ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. പക്ഷേ അതിവേഗം ശാഖകള്‍ തുറന്ന് പ്രവര്‍ത്തനം വിപുലമാക്കിയവര്‍ക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് നോണ്‍ കണ്‍വെര്‍ട്ടബ്ള്‍ ഡിബഞ്ചറുകളായി പണം സ്വീകരിച്ച പല എന്‍ ബി എഫ് സികളിലും നിക്ഷേപകര്‍ പണം തിരികെ ചോദിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്.

സാമ്പത്തിക രംഗത്ത് തളര്‍ച്ച പ്രകടമല്ലാതിരുന്ന നാളുകളില്‍ എന്‍ സി ഡികളുടെ കാലാവധി കഴിഞ്ഞാലും നിക്ഷേപകരില്‍ ഭൂരിഭാഗവും പുനര്‍നിക്ഷേപം നടത്തുകയാണ് പതിവ്. മാത്രമല്ല ഒന്നിനു പിറകെ മറ്റൊന്നായി എന്‍ സി ഡികള്‍ പുറത്തിറക്കി കമ്പനികള്‍ പ്രവര്‍ത്തന മൂലധനം സമാഹരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കാലാവധി പൂര്‍ത്തിയാക്കിയ എന്‍ ഡി സികളിലെ പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ തയ്യാറായി. ഒപ്പം പോപ്പുലര്‍ ഫിനാന്‍സ് തകര്‍ച്ച കൂടി സംഭവിച്ചതോടെ നിക്ഷേപകരില്‍ ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

നിക്ഷേപകരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ച് കൃത്യമായി ഫോക്കസ് ചെയ്ത് ബിസിനസ് നടത്തിയ സ്വര്‍ണപ്പണയ രംഗത്തുള്ള എന്‍ ബി എഫ് സികള്‍ ഇപ്പോഴും ഉലയാതെ നില്‍ക്കുന്നുണ്ടെങ്കിലും സാമ്പത്തിക അച്ചടക്കമില്ലാതെ മുന്നോട്ടുപോയവരുടെ സ്ഥിതിയാണ് ഗുരുതരമായിരിക്കുന്നത്.

നിക്ഷേപകരും ജാഗ്രത പുലര്‍ത്തണം

നിക്ഷേപത്തിന് വലിയ നേട്ടം വാഗ്ദാനം ചെയ്യുമ്പോള്‍ കണ്ണുമടച്ച് വിശ്വസിക്കുന്ന മലയാളികളുടെ രീതിയില്‍ മാറ്റം വരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും മുന്നറിയിപ്പ് നല്‍കുന്നത്. സ്വര്‍ണാഭരണം ഈടായി വാങ്ങി, ഫണ്ട് വകമാറ്റാതെ, കൃത്യമായി ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധിക്കൂവെന്ന് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നു. മതിയായി ഈടില്ലാതെ നല്‍കിയ വായ്പകളുടെ തിരിച്ചടവ് പ്രശ്‌നമായിരിക്കും. അതുപോലെ തന്നെ നിഷ്‌ക്രിയാസ്തി ഏറ്റവും കുറഞ്ഞ തോതില്‍ നിലനിര്‍ത്താന്‍ ശക്തമായ സംവിധാനമില്ലാത്ത കമ്പനികളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com