

അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില കൂപ്പുകുത്തിയതില്‍ കനത്ത ആശങ്കയോടെ ഗള്‍ഫ് രാജ്യങ്ങളും പ്രവാസി സമൂഹവും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്നാണ് സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില വെട്ടിക്കുറച്ചത്. ആദ്യത്തെ ഗള്‍ഫ് യുദ്ധം നടന്ന 1991ന് ശേഷമുള്ള ഏറ്റവും വലിയ വിലയിടിവാണിത്.
സൗദി അറേബ്യയും
റഷ്യയും തമ്മിലുള്ള വില യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള സൗദി അറേബ്യയുടെ
നടപടി മൂലം എണ്ണ വില 30 ശതമാനത്തിലേറെയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്.ബ്രെന്റ്
ക്രൂഡ് ഫ്യൂച്ചറുകള്‍ ഇന്ന് ബാരലിന് 14.25 ഡോളര്‍ അഥവാ 31.5 ശതമാനം ഇടിഞ്ഞ്
31.02 ഡോളറിലെത്തി.1991 ജനുവരി 17 ന് വില താഴ്ന്ന ശേഷമുള്ള ഏറ്റവും വലിയ
ശതമാന ഇടിവാണിത്. 2016 ഫെബ്രുവരി 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയും.
യുഎസ്
വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 11.28 ഡോളര്‍
അഥവാ 27.4 ശതമാനം ഇടിഞ്ഞ് ബാരലിന് 30 ഡോളറിലെത്തി. 32.61 ഡോളറിലാണ്
വ്യാപാരം പുരോഗമിക്കുന്നത്. ബാരലിന് വില 20 ഡോളര്‍ വരെ താഴ്‌ന്നേക്കുമെന്ന്
ആഗോള എണ്ണ വിപണിയിലെ പ്രമുഖ മാക്രോ അനാലിസിസ് സ്ഥാപനമായ വന്ദ
ഇന്‍സൈറ്റ്‌സ് സ്ഥാപകന്‍ വന്ദന ഹരി പറഞ്ഞു.
ഗള്‍ഫ്
രാജ്യങ്ങളിലും കൊറോണ വൈറസ് ഭീതി പടരുകയും വിവിധ രാജ്യങ്ങള്‍ യാത്രാ
നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ പരിഭ്രാന്തിയിലായിരുന്ന പ്രവാസി
മലയാളികള്‍ എണ്ണ വിലയിടിവു മൂലം ബിസിനസും തൊഴിലുമായി ബന്ധപ്പെട്ട്
ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെച്ചൊല്ലി കൂടുതല്‍ ഉത്ക്കണ്ഠയിലായി. ഗള്‍ഫ്
മേഖലയില്‍ കുറേക്കാലമായി ഏറിവരുന്ന സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമെന്നും
കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്കു മടങ്ങാനുള്ള സാഹചര്യമാണ്
ഉരുത്തിരിഞ്ഞുവരുന്നതെന്നുമുള്ള നിരീക്ഷണമാണ് പ്രവാസി സമൂഹ നേതാക്കള്‍
പങ്കു വയ്ക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ
എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ലോകത്തിലെ രണ്ടാമത്തെ വലിയ ഉല്‍പാദക
രാജ്യമായ റഷ്യയോടാണ് ഇപ്പോള്‍ മത്സരിക്കുന്നത്.കൊറോണ വൈറസ് വ്യാപനത്തെ
തുടര്‍ന്ന്, സാമ്പത്തിക ഇടിവ് മൂലമുണ്ടായ വിലക്കുറവ്
സ്ഥിരപ്പെടുത്തുന്നതിനാണ് സൗദി അറേബ്യയുടെ ഉത്പാദന വെട്ടിക്കുറയ്ക്കലിനെ
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് പിന്തുണച്ചത്.
ഒപെക്കും
റഷ്യയും തമ്മിലുള്ള നിലവിലെ വിതരണ കരാര്‍ മാര്‍ച്ച് അവസാനത്തോടെ
അവസാനിക്കാനിരിക്കെ, ഏപ്രിലില്‍ പ്രതിദിനം 10 മില്യണ്‍ ബാരലിന്റെ (ബിപിഡി)
ക്രൂഡ് ഉല്‍പാദനം ഉയര്‍ത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നത്. എല്ലാ
സ്ഥലങ്ങളിലേക്കുമുള്ള എല്ലാ ക്രൂഡ് ഗ്രേഡുകളുടെയും വില കുറച്ചു കൊണ്ട് സൗദി
അറേബ്യ വിലയുദ്ധം ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ മാസത്തെ വില ബാരലിന് 6
മുതല്‍ 8 ഡോളര്‍ വരെയാണ് കുറച്ചത്. സൗദി അറേബ്യയും റഷ്യയും മറ്റ് പ്രമുഖ
നിര്‍മ്മാതാക്കളും 2014 നും 2016 നും ഇടയില്‍ വിപണി വിഹിതത്തിനായി
മത്സരിച്ചിരുന്നു.
കൊറോണ വൈറസ് വ്യാപനത്തെ
ചെറുക്കാനാകാത്തതിനാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും
ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരുമായ ചൈനയുടെ ഇറക്കുമതി കുറച്ചു. മറ്റ്
പ്രധാന സമ്പദ്വ്യവസ്ഥകളായ ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള
വൈറസ് വ്യാപനവും അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന കൊറോണ കേസുകളും ഈ
വര്‍ഷം എണ്ണയുടെ ആവശ്യം വീണ്ടും കുറയുമെന്ന ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു
കൊണ്ടിരിക്കുകയുമാണ്.
പ്രധാന വരുമാന
മാര്‍ഗമായി എണ്ണ ഉത്പാദനത്തെ ആശ്രയിക്കുന്ന ജി.സി.സി(ഗള്‍ഫ് കോര്‍പറേഷന്‍
കൗണ്‍സില്‍) രാജ്യങ്ങളെ തേടി വരുന്നത് കടുത്ത പ്രതിസന്ധിയാണെന്ന ഐ.എം.എഫ്
പ്രവചനം കഴിഞ്ഞ മാസം പുറത്തുവന്നതിനു പിന്നാലെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍
വഷളാകാന്‍ സാധ്യതയൊരുക്കി ക്രൂഡ് വില വെട്ടിക്കുറച്ചിരിക്കുന്നത്.
മുന്‍പ്
കരുതിയിരുന്നതിലും വേഗത്തില്‍ ലോകത്തിന്റെ എണ്ണ ആവശ്യകതയില്‍ കാര്യമായ
കുറവ് സംഭവിക്കുമെന്നും ഇത് കാരണം ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയില്‍
അകപ്പെടുമെന്നുമായിരുന്നു ഐ.എം.എഫ് നിരീക്ഷണം. 2034ഓടെ ഗള്‍ഫ് രാജ്യങ്ങള്‍
നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും അന്താരാഷ്ട്ര നാണയ നിധി
കണക്കുകൂട്ടിയിരുന്നു.
അടുത്ത 10
വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് മേഖലയിലെ എണ്ണ ശേഖരവും ഉപയോഗിച്ച് തീരുമെന്നും
തുടര്‍ന്ന് വന്‍ നഷ്ടം ഈ മേഖല അഭിമുഖീകരിക്കുമെന്നും ഐ.എം.എഫ്
മുന്നറിയിപ്പു നല്‍കിയിരുന്നു. ഐ.എം.എഫിന്റെ പശ്ചിമേഷ്യ, മദ്ധ്യേഷ്യ
വിഭാഗങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധരാണ് ഈ പ്രതിസന്ധിയിലേക്ക് വിരല്‍
ചൂണ്ടിയത്.എണ്ണയുടെ ആവശ്യകതയിലും ലഭ്യതയിലും ലോകമാകെ ഘടനാപരമായ മാറ്റങ്ങള്‍
നടന്നുകൊണ്ടിരിക്കുകയാണെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി. പ്രതിസന്ധി
രൂക്ഷമാകുന്നതോടെ രണ്ട് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് ഗള്‍ഫ് മേഖലയ്ക്ക്
ഉണ്ടാകാന്‍ പോകുന്നത്.
ഇതില്‍ നിന്നും
കരകയറാന്‍ അടിയന്തിരമായി സാമ്പത്തിക മാറ്റങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍
തയാറാകണമെന്ന അഭിപ്രായം വിദഗ്ദ്ധര്‍ പങ്കുവച്ചിരുന്നു. എണ്ണയില്‍ മാത്രം
പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണെങ്കില്‍ സാമ്പത്തിക
പതനത്തിലേക്കാകും ഗള്‍ഫ് മേഖല ചെന്നെത്തുകയെന്നും അവര്‍ ഐ.എം.
മുന്നറിയിപ്പ് നല്‍കി.
എണ്ണയില്‍
നിന്നുമല്ലാതെ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സംവിധാനങ്ങള്‍ ലോകത്താകെ
വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് എണ്ണയുടെ ആവശ്യകതയില്‍ കുറവ്
സംഭവിക്കാന്‍ കാരണം. എണ്ണ ഇന്ധനങ്ങളെക്കാള്‍ മികച്ച കാര്യക്ഷമതയുള്ള
എണ്ണയിതര ഊര്‍ജ്ജ മാര്‍ഗങ്ങള്‍ ലോകമാകെ ഇപ്പോള്‍ വ്യാപകമായി തന്നെ
ഉപയോഗത്തിലുണ്ട്.എണ്ണയുടെ ആവശ്യം കുറഞ്ഞ സമയത്തും ഗള്‍ഫ് രാജ്യങ്ങള്‍
വ്യാപകമായി എണ്ണ ഉത്പാദിപ്പിച്ചതും വന്‍ തിരിച്ചടിയായിരുന്നു.
വിറ്റുപോകാത്ത എണ്ണ ഗള്‍ഫ് സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുകയും
ചെയ്തു.
നഷ്ടം മറികടക്കാന്‍ ബജറ്റ് ചെലവ് കാര്യമായി ഉയര്‍ത്തുകയാണ് രാജ്യങ്ങള്‍ ചെയ്തത്. ഇതിന്റെ ആഘാതത്തില്‍ നിന്നും ഗള്‍ഫ് മേഖല ഇനിയും പുറത്തു കടന്നിട്ടില്ല.പെട്രോ കെമിക്കലുകളുടെ ഉത്പാദനത്തിലേക്ക് എണ്ണ ഉത്പാദനത്തെ വഴിതിരിച്ചുവിട്ടാല്‍ ഒരു പരിധി വരെ ഗള്‍ഫ് മേഖലയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് ഐ.എം.എഫ് നിര്‍ദ്ദേശിച്ചിരുന്നു. സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ഗള്‍ഫിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകര്‍. ഇക്കൂട്ടത്തില്‍ സൗദി, യു.എ.ഇ എന്നീ രാജ്യങ്ങള്‍ എണ്ണയിതര ഇന്ധനമാര്‍ഗങ്ങളിലേക്ക് ചുവടുവയ്ക്കാന്‍ ആരംഭിച്ചുകഴിഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine