ക്രൂഡ് വില കുതിക്കുന്നു, വിലക്കയറ്റം രൂക്ഷമായേക്കും

കോവിഡ് രണ്ടാം തരംഗം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ സമ്പദ് വ്യവസ്ഥ തയ്യാറെടുക്കുന്നതിനിടെ വിലക്കയറ്റ ഭീതി വിതച്ച് ക്രൂഡ് വില കുതിക്കുന്നു. 2021 ല്‍ ഇതുവരെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 50 ശതമാനത്തിലേറെ ഉയര്‍ന്നുകഴിഞ്ഞു.

കോവിഡ് വ്യാപനം തടയാന്‍ ലോക രാജ്യങ്ങള്‍ സ്വീകരിച്ചിരുന്ന നടപടികളില്‍ ഇളവുകള്‍ വന്നതോടെ ക്രൂഡ് ഡിമാന്റ് വര്‍ധിച്ചു. എന്നാല്‍ എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെയും അവയുടെ അനുബന്ധ രാജ്യങ്ങളുടെയും സംഘടനയായ ഒപെക് പ്ലസ് ഉല്‍പ്പാദനം മുന്‍ധാരണ പ്രകാരം തന്നെ കൂട്ടുകയുള്ളൂവെന്ന ഉറച്ച നിലപാടിലാണ്. ആഗോളതലത്തില്‍ ക്രൂഡ് വിപണി ആശങ്ക ഉയര്‍ത്തുവെന്ന് അമേരിക്കയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഡിമാന്റ് ഉയരുകയും ഉല്‍പ്പാദനം കൂടാതിരിക്കുകയും ചെയ്തതോടെ ഇന്നലെ ക്രൂഡ് വില ഏഴ് വര്‍ഷത്തിനിടെയുള്ള ഉയര്‍ന്നതലത്തിലെത്തി. ഇന്ത്യയും അമേരിക്കയും ഉല്‍പ്പാദനം കൂട്ടണമെന്ന് എണ്ണയുല്‍പ്പാദക രാജ്യങ്ങളോട് അഭ്യര്‍ത്ഥന നടത്തിയെങ്കിലും കൂട്ടായ്മ അക്കാര്യം പരിഗണിച്ചിട്ടേയില്ല.
ചൈനയിലെ സ്ഥിതിയും രൂക്ഷം
ചൈനയിലെ ഊര്‍ജ്ജക്ഷാമവും അതിരൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ കല്‍ക്കരി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പുനരുപയോഗക്ഷമമായ ഊര്‍ജ്ജവും നാമമാത്രമാണ്. ആണവോര്‍ജ്ജവുമില്ല. ഇതോടെ ചൈനയിലെ വ്യാവസായിക മേഖല സ്തംഭനാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ഈ ഘട്ടത്തില്‍ ചൈന വരും ദിവസങ്ങളില്‍ വന്‍തോതില്‍ ക്രൂഡ് വാങ്ങിക്കൂട്ടിയേക്കും. ഇത് ഡിമാന്റ് വീണ്ടും കുത്തനെ കൂട്ടും.

അമേരിക്കയില്‍ വിന്റര്‍ സീസണ്‍ ആരംഭിക്കുന്നതോടെ ഗാര്‍ഹിക ഊര്‍ജ്ജ ഉപയോഗവും കൂടും. ഇതെല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ വരും മാസങ്ങളില്‍ ക്രൂഡ് വില കുത്തനെ കൂടാന്‍ തന്നെയാണ് സാധ്യത.

ഡിസംബറോടെ ക്രൂഡ് വില ബാരലിന് 100 ഡോളര്‍ എത്തുമെന്ന് പല ഏജന്‍സികളും ഇപ്പോള്‍ പ്രവചനം നടത്തിയിട്ടുണ്ട്.
സാധാരണക്കാരും വ്യവസായങ്ങളും കഷ്ടപ്പെടും
നിലവില്‍ പെട്രോള്‍ വില 100 രൂപ കടന്നു. ഡീസല്‍ വില അധികം വൈകാതെ 100 കടക്കും. കേരളത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില 850 രൂപയ്ക്ക് മുകളിലായി. ഇനി അധികം വൈകാതെ 1000 തൊട്ടേക്കാം. ഇതോടെ കേരളത്തിലെ ഓരോ കുടുംബത്തിനെയും സാരമായി ഇത് ബാധിക്കും.

ഇതോടൊപ്പം രാജ്യത്ത് വിലക്കയറ്റവും രൂക്ഷമാകും. ഇപ്പോള്‍ തന്നെ സെമികണ്ടക്റ്റര്‍ ക്ഷാമം, തൊഴിലാളികളുടെ ദൗര്‍ലഭ്യം, കണ്ടെയ്‌നര്‍ ക്ഷാമം എന്നിവയെല്ലാം വ്യവസായ മേഖലയെ ബാധിക്കുന്നുണ്ട്. വിലക്കയറ്റം ഉണ്ടാകുന്നതിനൊപ്പം ഉല്‍പ്പാദനവും കുറയും.


Related Articles
Next Story
Videos
Share it