കൊച്ചിയിലെ ക്രൂസ് ടെര്‍മിനല്‍ പി.പി.പി മോഡലിലേക്ക്

ആഡംബര കപ്പല്‍ (ക്രൂസ് ഷിപ്പ്) ടൂറിസത്തില്‍ ദക്ഷിണേന്ത്യയുടെ തന്നെ ഹബ്ബായ കൊച്ചി തുറമുഖത്തെ ക്രൂസ് ടെര്‍മിനല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് (പി.പി.പി). ഗോവ, മുംബയ് എന്നിവിടങ്ങളിലേതിന് സമാനമായി പി.പി.പി മോഡലിലേക്ക് മാറുകയും സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷക സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം. ബീന പറഞ്ഞു.

നിലവില്‍ കൊച്ചി തുറമുഖത്തെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലുള്ള അത്യാധുനിക ക്രൂസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിയന്ത്രിക്കുന്നത് തുറമുഖ ട്രസ്റ്റാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പിന്തുണയോടെ 25.27 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ടെര്‍മിനലില്‍ ലോകോത്തര സൗകര്യങ്ങളോടെ പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമ്മിഗ്രേഷന്‍ കൗണ്ടറുകള്‍, 8 കസ്റ്റംസ് കൗണ്ടറുകള്‍, 7 സെക്യൂരിറ്റി കൗണ്ടറുകള്‍, വൈ-ഫൈ തുടങ്ങിയവയുണ്ട്.
എന്നാല്‍ ഷോപ്പിംഗ് മാള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഹോട്ടലുകള്‍, വിവിധ കമ്പനികളുടെ സ്റ്റോറുകള്‍ തുടങ്ങിയ ആകര്‍ഷണങ്ങളും സജ്ജമാക്കുകയാണ് സ്വകാര്യ നിക്ഷേപകരെയും ആകര്‍ഷിച്ച്‌ പി.പി.പി മോഡലിലേക്ക് ചുവടുമാറ്റുന്നതിലൂടെ ഉന്നമിടുന്നത്.
നിക്ഷേപം 10.30 കോടി
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗരിക ക്രൂസ് ടെര്‍മിനലാണ് പി.പി.പി മോഡലിലേക്ക് മാറ്റാനുദ്ദേശിക്കുന്നത്. നിലവില്‍ 2.4 ഏക്കറിലാണ് ടെര്‍മിനല്‍. ഇവിടെ 13 ഏക്കറോളം സ്ഥലം നിക്ഷേപകര്‍ക്ക് കൈമാറും. 10.30 കോടി രൂപ പ്രതീക്ഷിത നിക്ഷേപത്തോടെ ഈ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങള്‍ സജ്ജമാക്കി, അതിന്റെ നടത്തിപ്പും നിര്‍വഹിക്കുകയാണ് സ്വകാര്യനിക്ഷേപകര്‍ ചെയ്യേണ്ടത്. ഇതിനായുള്ള താത്പര്യപത്രം തുറമുഖ ട്രസ്റ്റ് ക്ഷണിച്ചു.
സാമ്പത്തികനേട്ടം
നിലവില്‍ ഓരോ ക്രൂസ് കപ്പലും കൊച്ചിയിലെത്തുമ്പോള്‍ ഫീസിനത്തില്‍ പത്തുലക്ഷത്തോളം രൂപ കൊച്ചി തുറമുഖ ട്രസ്റ്റ് നേടുന്നുണ്ട്. ആഡംബര കപ്പലിലെത്തുന്ന സഞ്ചാരികള്‍ കൊച്ചി നഗരം, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ, കുമരകം, മൂന്നാര്‍, തേക്കടി തുടങ്ങിയയിടങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. ഓരോരുത്തരും ഷോപ്പിംഗിനായി മാത്രം ഏകദേശം 400-450 ഡോളര്‍ (36,000 രൂപ) ചെലവിടുന്നുണ്ടെന്നാണ് കണക്ക്.
നിലവിലെ ടെര്‍മിനലില്‍ ഇമ്മിഗ്രേഷന്‍ കൗണ്ടര്‍ പോലുള്ള സാങ്കേതികസൗകര്യങ്ങളുണ്ടെങ്കിലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളില്ല. ഈ പോരായ്മ മറികടക്കുകയാണ് പി.പി.പിയിലേക്ക് മാറുന്നതിലൂടെ പ്രധാനമായും ഉന്നമിടുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും നേട്ടമുണ്ടാകുമെന്ന് ഡോ.ബീന പറഞ്ഞു.
ആഡംബര നൗകകള്‍
2017-18ല്‍ 42 ആഡംബര കപ്പലുകളിലായി 50,000ഓളം സഞ്ചാരികള്‍ കൊച്ചിയിലെത്തിയിരുന്നു. കൊവിഡ് കാലത്ത് ഒരു കപ്പല്‍ പോലും വന്നില്ല. 2021-22ല്‍ എത്തിയത് 9 ആഭ്യന്തര കപ്പലുകള്‍ മാത്രം. അന്താരാഷ്ട്ര കപ്പലുകളൊന്നും വന്നില്ല. പിന്നീട് കഴിഞ്ഞവര്‍ഷമാണ് വീണ്ടും കപ്പല്‍ ടെര്‍മിനല്‍ സജീവമായത്. 2022-23ല്‍ 16 അന്താരാഷ്ട്ര ക്രൂസ് കപ്പലുകളും 15 ആഭ്യന്തര ക്രൂസ് കപ്പലുകളും കൊച്ചിയിലെത്തി. ആകെ സഞ്ചാരികള്‍ 36,400 പേരും. ഈവര്‍ഷം ഇതിനകം തന്നെ ഇരുപതോളം കപ്പലുകള്‍ കൊച്ചിയിലെത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it