ഹിറ്റായി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിമന്റ്

ഇന്ത്യ സിമന്റ്‌സ് കഴിഞ്ഞ മാര്‍ച്ചിലാണ് സ്വന്തം ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (CSK) പേരില്‍ സിമന്റ് അവതരിപ്പിച്ചത്. കോണ്‍ക്രീറ്റ് സൂപ്പര്‍ കിംഗ് ( ) എന്ന ബ്രാന്‍ഡില്‍ എത്തിയ സിമന്റ് ഇപ്പോള്‍ ഹിറ്റാണ്. സോഷ്യല്‍ മീഡിയയില്‍ ധോണി സിമന്റ് (Dhoni) എന്ന പേരില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് ഇന്ത്യ സിമന്റ്‌സിന്റെ മാര്‍ക്കറ്റിംഗ് തന്ത്രമെന്ന നിലയില്‍ കൈയ്യടി നേടിയിരുന്നു.

സിഎസ്‌കെയുടെ സ്വീകാര്യത പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ പുതിയ ബ്രാന്‍ഡില്‍ എംസ് ധോണിയുടെ ജഴ്‌സി നമ്പര്‍ അടക്കം പ്രിന്റ് ചെയ്തിട്ടുണ്ട്. പ്രീമിയം സെഗ്മെന്റിലെത്തുന്ന ധോണി സിമന്റിന് മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് 25 രൂപയോളം കൂടുതലാണ്. അവതരിപ്പിച്ച് മൂന്ന് മാസം കൊണ്ട് 1 ലക്ഷം ടണ്‍ ധോണി സിമന്റാണ്‌ കമ്പനി വിറ്റത്.

ഡീലേഴ്‌സ് വഴി വില്‍പ്പനയ്‌ക്കെത്തുന്ന ട്രേഡ് വിഭാഗത്തില്‍ 8 ശതമാനം ആണ് ധോണി സിമന്റിന്റെ വിഹിതം. ധോണി സിമന്റ്‌സ് അവതരിപ്പിച്ച ശേഷം ട്രേഡ് വിഭാഗത്തിലെ വില്‍പ്പ 4.3ല്‍ നിന്ന് 4.7 ലക്ഷത്തോളമായി ആണ് ഉയര്‍ന്നത്. ഒരു മാസം ഏകദേശം 9 ലക്ഷം ടണ്‍ സിമന്റാണ് ഇന്ത്യാ സിമന്റ്‌സ് വില്‍ക്കുന്നത്. മാസം 35,000-37,000 ടണ്‍ ധോണി സിമന്റ് ആണ് ഇവര്‍ വില്‍ക്കുന്നത്. വരുംവര്‍ഷങ്ങളില്‍ ബ്രാന്‍ഡിന്റെ വിഹിതം 25 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ശങ്കര്‍, കോറൊമണ്ഡല്‍, റാസി തുടങ്ങിയവയാണ് ഇന്ത്യ സിമന്റ്‌സിന്റെ പ്രധാന ബ്രാന്‍ഡുകള്‍.

സിഎസ്‌കെയുടെ തുടക്കം മുതല്‍ ടീമിന്റെ ക്യാപ്റ്റനായി തുടരുന്ന ധോണി 2013 മുതല്‍ ഇന്ത്യ സിമന്റ്‌സിന്റെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് കൂടിയാണ്. 2021ലെ കണക്കുകള്‍ പ്രകാരം 61.2 മില്യണ്‍ ആണ് ധോണിയുടെ ബ്രാന്‍ഡ് മൂല്യം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it