ടാറ്റാ ഗ്രൂപ്പിന്റെ അമരത്തേക്ക് വീണ്ടും സൈറസ് മിസ്ത്രി

ടാറ്റാ ഗ്രൂപ്പിന്റെ അമരത്തേക്ക്    വീണ്ടും സൈറസ് മിസ്ത്രി
Published on

സൈറസ് മിസ്ത്രി വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തേക്കു വരാന്‍ വഴിയൊരുങ്ങി. ടാറ്റാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിച്ചുകൊണ്ട് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവായി.

മിസ്ത്രിയും മറ്റു രണ്ടു കമ്പനികളും നല്‍കിയ അപ്പീലിലാണ് രണ്ടംഗ എന്‍സിഎല്‍എടി ബെഞ്ച് വിധി പറഞ്ഞത്. വിഷയത്തെക്കുറിച്ച് ദീര്‍ഘമായി വാദം കേട്ട ട്രൈബ്യൂണല്‍ ജൂലൈയില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.പുതിയ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ വിധിച്ചു. ടാറ്റാ ഗ്രൂപ്പിന് ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുന്നതിന് നാലാഴ്ചയ്ക്കു ശേഷമേ വിധി നടപ്പാക്കൂ.രണ്ടുവര്‍ഷം മുമ്പാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ തലപ്പത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയത്.

അപ്പീലില്‍ തീരുമാനം ആകും വരെ കമ്പനി ഓഹരികള്‍ വില്‍ക്കാന്‍ മിസ്ത്രിയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഉത്തരവിട്ട് ഒരു വര്‍ഷത്തിനുള്ളിലാണു പുതിയ നടപടി. 2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ആറാമതു ചെയര്‍മാനായിരുന്ന മിസ്ത്രിയെ സ്ഥാനത്തുനിന്ന് പുറത്താക്കിത്.മിസ്ത്രിയെ പുറത്താക്കാന്‍ ടാറ്റ കുടുംബം നടത്തിയ നാടകീയനീക്കം വ്യവസായ ലോകത്തെത്തന്നെ ഞെട്ടിച്ചു.  2012 ഡിസംബറില്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായാണ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തു മിസ്ത്രി എത്തിയത്.

പുറത്താക്കലിനെതിരെ സമര്‍പ്പിച്ച ഹര്‍ജി എന്‍സിഎല്‍ടി മുംബൈ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ടാറ്റ സണ്‍സില്‍ 18.4% ഓഹരിയുള്ള മിസ്ത്രി കുടുംബം നടപടിക്കെതിരെ നിയമയുദ്ധം ആരംഭിക്കുകയായിരുന്നു. ടാറ്റ കുടുംബത്തിന്റെ ട്രസ്റ്റുകള്‍ക്ക് കമ്പനിയില്‍ 66% ഓഹരിയാണുള്ളത്.ഇടക്കാല ചെയര്‍മാന്‍ ആയി രത്തന്‍ ടാറ്റ വീണ്ടും തലപ്പത്തെത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com