

അന്തരിച്ച സൈറസ് മിസ്ത്രിയുടെ മക്കളായ ഫിറോസ് മിസ്ത്രിയും (26), സഹാന്‍ മിസ്ത്രിയും (24) ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പില്‍ ഔദ്യോഗികമായി ചേര്‍ന്നു. എക്സിക്യൂട്ടീവ് റോളുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഫിറോസും സഹാനും 18 മാസത്തോളം വിവിധ ഗ്രൂപ്പ് ബിസിനസ്സുകളിലും മറ്റ് വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇരുവരും അടുത്തിടെയാണ് വിദേശത്ത് നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഫിറോസ് മിസ്ത്രി യേലിലും സഹാന്‍ മിസ്ത്രി വാര്‍വിക്ക് സര്‍വകലാശാലയിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി സെപ്റ്റംബര്‍ നാലിനാണ് വാഹനാപകടത്തില്‍ മരിച്ചത്. സൈറസ് മിസ്ത്രിയുടെ മരണം എസ്പി ഗ്രൂപ്പിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.
എന്നാല്‍ ശക്തമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടി കമ്പനി പ്രവര്‍ത്തിച്ചു. നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഷിപ്പിംഗ്, പവര്‍, ബയോടെക്‌നോളജി എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഷപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്.
Read DhanamOnline in English
Subscribe to Dhanam Magazine