
കടക്കെണിയിലായതിനെ തുടര്‍ന്ന് പാപ്പരത്ത നടപടികള്‍ നേരിടുന്ന ജയ്പ്രകാശ് അസോസിയേറ്റ്‌സിന്റെ ആസ്തികള്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ താത്പര്യമറിയിച്ച് വമ്പന്‍മാര്‍. പുനീത് ഡാല്‍മിയുടെ ഡാല്‍മിയ ഭാരതും ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസുമാണ് പുതുതായി ലേലത്തില്‍ പങ്കെടുക്കാനെത്തിയത്. ഇതോടെ ലേലത്തുക 14,000 കോടി രൂപയ്ക്ക് മുകളിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡാല്‍മിയയാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്‌പോര്‍ട്‌സ് സിറ്റി ഭൂമി തര്‍ക്കത്തില്‍ അനുകൂല വിധിയുണ്ടായാല്‍ മാത്രം ലേലത്തില്‍ മുന്നോട്ടു പോകാനാണ് ഡാല്‍മിയ ഉദ്ദേശിക്കുന്നത്. ജയ്പ്രയകാശ് അസോസിയേറ്റ്‌സിന് അനുകൂലമല്ല വിധിയെങ്കില്‍ ലേലത്തുകയില്‍ 2,000 കോടിയുടെ കുറവ് വരുത്തുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഡാല്‍മിയയും അദാനിയും കൂടാതെ വേദാന്ത ഗ്രൂപ്പ്, ജിന്‍ഡാല്‍ പവര്‍, പി.എന്‍.സി ഇന്‍ഫ്രാടെക് എന്നിവയും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. നിബന്ധനകള്‍ വച്ചുകൊണ്ടാണ് എല്ലാ കമ്പനികളും ലേലത്തില്‍ പങ്കെടുക്കുന്നത്. നോയിഡ ഭൂമിയുടെ പ്രശ്‌നം തര്‍ക്കം തീര്‍പ്പാക്കിയില്ലെങ്കില്‍ ലേലത്തില്‍ നിന്ന് പിന്‍മാറുമെന്ന് വേദാന്ത ഗ്രൂപ്പും അറിയിച്ചിട്ടുണ്ട്.
അനില്‍ അഗര്‍വാളിന്റെ വേദാന്ത 12,000-13,000 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ പവര്‍ 10,300 കോടി രൂപ മുടക്കാന്‍ തയാറായിട്ടുണ്ട്.
അദാനി ഗ്രൂപ്പ് 12,250 കോടി രൂപയാണ് ലേലത്തില്‍ മുടക്കാന്‍ തയാറാക്കിയിരിക്കുന്നത്. അടുത്ത നാല് വര്‍ഷത്തെ എന്‍.സി.ഡി അനുവദിക്കല്‍ ഉള്‍പ്പെടെയാണിത്.
പി.എന്‍.സി ഇന്‍ഫ്രാടെക് 9,500 കോടി വാഗ്ദാനം ചെയ്തതാണ് അറിയുന്നത്.
2023ല്‍ സ്പോര്‍ട്സ് സിറ്റി പദ്ധതിക്കായി ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ (ജെഎഎല്‍) ഭൂമി യമുന എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് അതോറിറ്റി (YEIDA) റദ്ദാക്കിയതോടെയാണ് കമ്പനിയുടെ പ്രതിസന്ധി ആരംഭിച്ചത്. അലഹബാദ് ഹൈക്കോടതി ഈ റദ്ദാക്കലിനെ പിന്തുണച്ചു, എന്നാല്‍ ജെഎഎല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, കേസ് ഇപ്പോഴും തുടരുകയാണ്.
സിമന്റ് നിര്‍മ്മാണ പ്ലാന്റുകള്‍, റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍, ടോള്‍ റോഡുകള്‍, പവര്‍ പ്ലാന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയാണ് ജെഎഎല്ലിന്റെ മറ്റ് ആസ്തികള്‍.
ജയപ്രകാശ് അസോസിയേറ്റ്‌സ് 57,185 കോടി രൂപ പലര്‍ക്കായി നല്‍കാനുണ്ട്. അതില്‍ പ്രധാന അവകാശവാദി നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (NARCL) ആണ്. വായ്പാദാതാക്കള്‍ ഇപ്പോള്‍ മുന്നോട്ട് വന്ന അഞ്ച് കമ്പനികളുമായും ചര്‍ച്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine