Begin typing your search above and press return to search.
ഡിലോയിറ്റിന്റെ ആഡംബര പട്ടികയില്‍ 3 കമ്പനികളുമായി കേരളത്തിന്റെ തേരോട്ടം; ടൈറ്റനെയും പിന്തള്ളി മലബാര്‍ ഗോള്‍ഡ്
പ്രമുഖ ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഡിലോയിറ്റ് (Deloitte) പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കേരള ബ്രാന്‍ഡുകളുടേ തേരോട്ടം. ലോകമെമ്പാടുനിന്നുമായി ആകെ 100 ബ്രാന്‍ഡുകളെ ഉള്‍ക്കൊള്ളിച്ചുള്ള 'ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് -2023' പട്ടികയാണ് ഡിലോയിറ്റ് പുറത്തുവിട്ടത്.
ആകെ ആറ് കമ്പനികളാണ് ഇന്ത്യയില്‍ നിന്ന് ഇടംനേടിയത്. ഇതില്‍ മൂന്നും കേരളത്തില്‍ നിന്നുള്ളവ. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, കല്യാണ്‍ ജുവലേഴ്‌സ്, ജോയ് ആലുക്കാസ് എന്നീ പ്രമുഖ ജുവലറി ശൃംഖലകളാണവ. ഇന്ത്യയില്‍ നിന്ന് ഇടംനേടിയ ആറ് ബ്രാന്‍ഡുകളും ജുവലറി മേഖലയില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്.
ടൈറ്റനെയും പിന്തള്ളി മലബാര്‍ ഗോള്‍ഡ്
പട്ടികയില്‍ 19-ാം സ്ഥാനവുമായി കോഴിക്കോട് ആസ്ഥാനമായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും മുന്നിലുള്ളത്. ടാറ്റാ ഗ്രൂപ്പിന് കീഴിലെ ആഡംബര ബ്രാന്‍ഡായ ടൈറ്റന്‍ 24-ാം സ്ഥാനത്താണ്. തൃശൂര്‍ ആസ്ഥാനമായുള്ള കല്യാണ്‍ ജുവലേഴ്‌സ് 46-ാം സ്ഥാനത്തും ജോയ് ആലുക്കാസ് 47-ാം സ്ഥാനത്തുമാണ്.
സെന്‍കോ ഗോള്‍ഡ് (സ്ഥാനം 78), തങ്കമയില്‍ ജുവലറി (98) എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് ബ്രാന്‍ഡുകള്‍. ഇന്ത്യയില്‍ നിന്ന് ഇടംനേടിയ കമ്പനികളുടെ മൊത്തം വില്‍പനയില്‍ 36 ശതമാനവും മലബാര്‍ ഗോള്‍ഡിന്റേതാണ്. ടൈറ്റന്റെ പങ്ക് 32 ശതമാനം.
പട്ടികയിലെ പുതുമുഖങ്ങള്‍
ഡിലോയിറ്റിന്റെ പുത്തന്‍ പട്ടികയില്‍ ലോകത്തുനിന്ന് ആകെ 6 കമ്പനികളാണ് പുതുതായി ഇടംപിടിച്ചത്. അതില്‍ മൂന്നും ഇന്ത്യയില്‍ നിന്നാണ്. മലബാര്‍ ഗോള്‍ഡ്, സെന്‍കോ ഗോള്‍ഡ്, തങ്കമയില്‍ ജുവലറി എന്നിവയാണവ. മറ്റ് മൂന്നെണ്ണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള സ്വരോവ്‌സ്‌കി ക്രിസ്റ്റല്‍, ചൈനയുടെ ഡി.ആര്‍. കോര്‍പ്പറേഷന്‍, ജപ്പാനില്‍ നിന്നുള്ള ലുക്ക് ഹോള്‍ഡിംഗ്‌സ് എന്നിവയാണ്. പുതുമുഖങ്ങളുടെ പട്ടികയിലും വില്‍പനക്കണക്കില്‍ ഏറ്റവും മുന്നില്‍ മലബാര്‍ ഗോള്‍ഡാണ്.
ഫ്രാന്‍സിന്റെ ആധിപത്യം
100 ബ്രാന്‍ഡുകളുള്ള പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കിയത് ആഡംബര ഫാഷന്‍ ഉത്പന്നങ്ങളുടെ പറുദീസയെന്ന് വിശേഷണമുള്ള ഫ്രാന്‍സില്‍ നിന്നുള്ള കമ്പനികളാണ്. പ്രസിദ്ധമായ ലൂയി വിട്ടോണ്‍ (Louis Vuitton) ബ്രാന്‍ഡിന്റെ ഉടമസ്ഥരായ എല്‍.വി.എം.എച്ച് ആണ് ഒന്നാമത്. രണ്ടാംസ്ഥാനത്ത് ഗുച്ചി, ബാലന്‍സിയാഗ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ കെറിംഗ് എസ്.എയും.
Next Story
Videos