മാനസികാരോഗ്യം: ചികിത്സയ്ക്ക് മടികാട്ടാതെ ഇന്ത്യക്കാര്‍; 2023ല്‍ വിറ്റഴിച്ചത് ₹12,000 കോടിയുടെ മരുന്ന്

ശാരീരികാരോഗ്യത്തിനുള്ള അതേ പ്രാധാന്യം മാനസികാരോഗ്യത്തിനുമുണ്ട്. കാലങ്ങളായി മാനസികാരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ പൊതുവേ പിന്നോട്ട് നില്‍ക്കുന്നവരാണ് പലരും. നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലുള്ള മാനസികമായ സമ്മര്‍ദ്ദങ്ങളോ പിരിമുറുക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാലും വിദഗ്ധ ചികിത്സ തേടാന്‍ തയ്യാറാകുന്നവര്‍ വിരളമാണ്. ഇപ്പോള്‍ സ്ഥിതി മാറിവരികയാണ്.

മാനസികാരോഗ്യ പരിപാലനത്തിനും ശാരീരികാരോഗ്യത്തിനുള്ള അതേ പ്രാധാന്യമുണ്ടെന്ന തിരിച്ചറിവ് ഇന്ന് പലര്‍ക്കുമുണ്ട്. പ്രത്യേകിച്ച് 2000ന് ഇപ്പുറം ജനിച്ച ജെന്‍-സെഡ് (Gen-z) തലമുറയിലെ ആളുകള്‍ക്ക്. ഇവര്‍ മടികൂടാതെ ഇത്തരം ചികിത്സയ്ക്കായി മുന്നോട്ട് വരാന്‍ തുടങ്ങിയതോടെ 2023ല്‍ ഡിസംബര്‍ വരെ ആന്റിഡിപ്രസന്റുകളും മൂഡ് എലിവേറ്ററുകളും ഉള്‍പ്പെടുന്ന രാജ്യത്തെ ന്യൂറോ സൈക്യാട്രി മരുന്നുകളുടെ വില്‍പ്പന 11,774 കോടി രൂപയായതായി ഫാര്‍മസ്യൂട്ടിക്കല്‍സ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഫാര്‍മറാക്ക് പറയുന്നു. അതായത് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വിപണിയുടെ 6 ശതമാനം.

2023ല്‍ ഡിസംബര്‍ വരെയുള്ള പ്രകടനത്തില്‍ 2,663 കോടി രൂപയുടെ വില്‍പ്പനയുമായി സണ്‍ ഫാര്‍മയാണ് ഒന്നാം സ്ഥാനത്താണ്. ഏകദേശം 2,055 കോടി രൂപയുടെ വില്‍പ്പനയുമായി ഇന്റാസ് തൊട്ടുപിന്നിലുണ്ട്. 1,054 കോടി രൂപയുടെ വില്‍പ്പനയുമായി ടോറന്റ് മൂന്നാം സ്ഥാനത്തും. അബോട്ട്, അല്‍കെം എന്നീ കമ്പനികളുടെ സാന്നിധ്യവും ഇത്തരം മരുന്നുകളുടെ വിപണിയിലുണ്ടായി.

ജെന്‍-സെഡ് തലമുറ ഉയര്‍ന്ന അളവില്‍ ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും അനുഭവിക്കുന്നുണ്ടെന്ന് ചില മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. അവര്‍ മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് മാത്രമല്ല, ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ഇത്തരം തെറാപ്പികളുടെ സഹായം തേടുന്നുണ്ട്.



Related Articles
Next Story
Videos
Share it