

രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോക്ക് പൈലറ്റ് പരിശീലനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) 20 ലക്ഷം രൂപ പിഴ ചുമത്തി. വിമാന സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഡി.ജി.സി.എ യുടെ ഈ നിർണായക നടപടി.
പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിൽ കമ്പനി ഗുരുതരമായ ലംഘനം വരുത്തിയെന്നാണ് റെഗുലേറ്ററുടെ കണ്ടെത്തൽ. അപകടസാധ്യതകൾ കൂടുതലുള്ള 'കാറ്റഗറി സി' എയർഡ്രോമുകളിലെ (Category C aerodromes) പ്രവർത്തനങ്ങൾക്കായി പൈലറ്റുമാർക്ക് ആവശ്യമായ യോഗ്യതയുള്ള സിമുലേറ്ററുകൾ ഉപയോഗിച്ച് പരിശീലനം നൽകുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടു. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് നിർബന്ധമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് നൽകേണ്ട പ്രാധാന്യം അടിവരയിടുന്നതാണ് ഡി.ജി.സി.എ.യുടെ നടപടി.
ഡി.ജി.സി.എ.യുടെ ഉത്തരവിനെ അപ്പലേറ്റ് അതോറിറ്റിക്ക് മുന്നിൽ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. നിലവില്‍ ചുമത്തിയിരിക്കുന്ന പിഴ തങ്ങളുടെ സാമ്പത്തിക കാര്യങ്ങളെയോ വിമാന സർവീസുകളെയോ ബാധിക്കുന്ന തരത്തിലുള്ളതല്ലെന്നും കമ്പനി അറിയിച്ചു.
DGCA fines IndiGo ₹20 lakh for failing to provide proper pilot training for high-risk aerodromes.
Read DhanamOnline in English
Subscribe to Dhanam Magazine