ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റ് ഇന്ന്

പതിമൂന്നാമത് ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റ് ഇന്ന് കൊച്ചിയിൽ നടക്കും. ചീഫ് സെക്രട്ടറി ടോം ജോസാണ് വിശിഷ്ടാതിഥി. ആഗോള സംരംഭകനും സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സ് ലിമിറ്റഡ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ അരുണ്‍കുമാര്‍ മുഖ്യപ്രഭാഷകനും. സമി - സബിന്‍സ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ മുഹമ്മദ് മജീദ് പ്രത്യേക പ്രഭാഷകനാകും.

വിവിധ മേഖലകളില്‍ മാതൃകാപരമായ വിജയം നേടിയ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കുമടക്കം അഞ്ച് അവാര്‍ഡുകളാണ് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുന്നത്. Winning Strategies in Challenging Times എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമിറ്റ്.

കേരളത്തിലെ ആദ്യത്തെ ബിസിനസ് മാഗസിനായ ധനം കേരളത്തില്‍ അവതരിപ്പിച്ച ഒട്ടേറെ പുതുമകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ബിസിനസ് മികവിനുള്ള അവാര്‍ഡ് ഇന്നും ബിസിനസ് ലോകത്ത് ഏറെ വിലമതിക്കപ്പെടുന്നതാണ് ധനം എക്‌സലന്‍സ് അവാര്‍ഡുകള്‍.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളില്‍ സി.ജെ ജോര്‍ജ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി. കെ മാത്യൂസ്, എം. ഇ മീരാന്‍, വി. പി നന്ദകുമാര്‍, ബോബി ജേക്കബ്, ജോര്‍ജ് അലക്‌സാണ്ടര്‍, എന്‍. ജഹാംഗീര്‍, ടി. എസ് കല്യാണ രാമന്‍, കെ. മാധവന്‍, നവാസ് മീരാന്‍, വി.കെ നൗഷാദ് എന്നിങ്ങനെ കേരളത്തിന്റെ ബിസിനസ് ലോകത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരെയാണ് ധനം ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്.

പുരസ്‌കാര നിറവില്‍ ഇത്തവണ ഇവര്‍

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബിനെയാണ് ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2018 ആയി തെരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ മധു എസ് നായരാണ് ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2018.

ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് ധനം എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും ധനം എസ്എംഇ എന്റര്‍പ്രൈസ് ഓഫ് ദി ഇയര്‍ 2018 അവാര്‍ഡിന് സജീവ് മഞ്ഞില നേതൃത്വം നല്‍കുന്ന മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡും അര്‍ഹരായി. എംഒഡി സിഗ്നേച്ചര്‍ ജൂവല്‍റി സ്ഥാപകയും ചീഫ് ഡിസൈനറുമായ ആശ സെബാസ്റ്റ്യന്‍ മറ്റത്തിലാണ് ധനം വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ 2018.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി ഗോവിന്ദ് ചെയര്‍മാനായ വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകരും പ്രൊഫഷണലുകളുമടക്കം ക്ഷണിക്കപ്പെട്ട നൂറുകണക്കിനാളുകളാണ് ഇത്തവണ സമിറ്റില്‍ പങ്കെടുക്കുന്നത്. ചടങ്ങില്‍ എത്തുന്ന വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്ക് പരസ്പരം പരിചയപ്പെടാനും പുതിയ സാധ്യതകള്‍ തുറക്കാനുമുള്ള അവസരം കൂടിയാണിത്.

പങ്കാളിത്തവുമായി ബ്രാന്‍ഡുകള്‍

ഇത്തവണത്തെ ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റ് അവതരിപ്പിക്കുന്നത് സമി സബിന്‍സയാണ്. ഫൈന്‍ ഫെയര്‍ (Kair) ഗോള്‍ഡ് സ്‌പോണ്‍സറും വി ഗാര്‍ഡ്, മെഡിമിക്‌സ്, വി സ്റ്റാര്‍, വണ്ടര്‍ലാ, ജിയോജിത്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ഇസാഫ് എന്നിവ സില്‍വര്‍ സ്‌പോണ്‍സറുമാണ്. ഐശ്വര്യയാണ് ഒഒഎച്ച് മീഡിയ പാര്‍ട്ണര്‍.

Related Articles
Next Story
Videos
Share it