ജനറൽ മോട്ടോർസിന്റെ പുതിയ തന്ത്രങ്ങൾ മെനയുന്നത് ഈ ചെന്നൈ സ്വദേശി

2019-ൽ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക ഫലം പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്കൻ കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോർസ്. ഇതിനായി വലിയൊരു റീസ്ട്രക്ച്ചറിംഗ് ഘട്ടത്തിലൂടെയാണ് ഷെവർലെ, കാർഡിലാക് തുടങ്ങിയ ഐക്കണിക് ബ്രാൻഡുകളുടെ ഉടമയായ ജിഎം കടന്നുപോകുന്നത്. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ ചെന്നൈ സ്വദേശിയായ ദിവ്യ സൂര്യദേവരയും.

കഴിഞ്ഞ വർഷമാണ് കമ്പനിയുടെ ആദ്യ വനിതാ സിഎഫ്ഒയായി 40 കാരിയായ ദിവ്യ ജിഎമ്മിലേക്ക് കടന്നുവരുന്നത്. 2005 മുതൽ കമ്പനിയിൽ വിവിധ പദവികൾ വഹിച്ചിട്ടുള്ള അവർ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ബിരുദം നേടിയിട്ടുണ്ട്.

ജിഎമ്മിന് ചരിത്ര നിമിഷം

ദിവ്യയുടെ നിയമനത്തോടെ സിഇഒ, സിഎഫ്ഒ പദവികളിൽ വനിതകളുള്ള കമ്പനികളുടെ നിരയിലേക്ക് ജിഎമ്മും എത്തി. 2014 മുതൽ മേരി ബാര ആണ് ജിഎമ്മിന്റെ സിഇഒ. ഈ രണ്ട് പ്രധാന പദവികളും സ്ത്രീകൾ വഹിക്കുന്ന മറ്റ് കമ്പനികളാണ് ഹെർഷീസ് കോ., സിഗ്‌നെറ്റ് ജ്വെല്ലേഴ്സ് എന്നിവ.

മദ്രാസ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയിൽ നിന്ന് ജിഎമ്മിന്റെ സിഎഫ്ഒ വരെയുള്ള ഈ ചെന്നൈക്കാരി പെൺകുട്ടിയുടെ യാത്ര പക്ഷെ അത്ര എളുപ്പമായിരുന്നില്ല. റിയൽ സിംപിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ ചെറുപ്പകാലത്തെ കഥ അവർ വിവരിക്കുന്നുണ്ട്.

വളർച്ചയുടെ പടവുകൾ

പിതാവിന്റെ മരണശേഷം ദിവ്യയേയും രണ്ട് സഹോദരിമാരേയും വളരെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും അവർ തയ്യാറായിരുന്നില്ല. കുട്ടികളിൽ വളരെ വലിയ പ്രതീക്ഷയായിരുന്നു അമ്മയ്ക്ക്. അതുകൊണ്ടു തന്നെ കൂടുതൽ നന്നായി പഠിക്കാനും ഉയരങ്ങളിലെത്താനും മൂവരും കഠിനമായി പരിശ്രമിച്ചു.

കോമേഴ്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് നേടിയത്. പിന്നീട് ഹവാർഡിൽ നിന്ന് എംബിഎ. "വളരെ ആവേശം നിറഞ്ഞ നാളുകളായിരുന്നു അവ. വീട്ടിൽ നിന്ന് ഇത്ര ദൂരെ ആദ്യമായിട്ടാണ് മാറി നിന്നത്. അതോടൊപ്പം ഒരു കൾച്ചർ ഷോക്കും ഉണ്ടായിരുന്നു," ദിവ്യ അഭിമുഖത്തിൽ പറഞ്ഞു.

"സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുള്ള കാലമായിരുന്നു അത്. സഹപാഠികൾ ട്രിപ്പ് പോകുമ്പോൾ കൂടെ പോകാൻ സാധിച്ചിരുന്നില്ല. എന്റെ പഠനം മുഴുവൻ വായ്പയെടുത്ത പണം കൊണ്ടായിരുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ജോലി നേടിയെടുക്കാനുള്ള സമ്മർദ്ദത്തിലായിരുന്നു ഞാൻ.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ ആദ്യ ജോലി. അതിനു ശേഷം ഇൻവെസ്റ്റ്മെന്റ് ബാങ്കായ യുബിഎസിൽ. 25 മത്തെ വയസിൽ ജിഎമ്മിൽ ഫിനാൻഷ്യൽ അനലിസ്റ്റ് ആയി ജോലി ലഭിച്ചു.

2015-ൽ ഫോർച്യൂൺ മാഗസിന്റെ '40 അണ്ടർ 40' പട്ടികയിൽ ദിവ്യ സ്ഥാനം പിടിച്ചിരുന്നു. ജിഎമ്മിന്റെ വിജയകരമായ പല ഏറ്റെടുക്കലുകളിലും അവർ പ്രധാന പങ്കാണ് വഹിച്ചത്.

Related Articles
Next Story
Videos
Share it