

ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോമുകള്‍ വഴി നിക്ഷേപിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി സെബി. വെറും 10 രൂപ മുതല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സൗകര്യം നല്‍കുന്ന ഡിജിറ്റല്‍ ഗോള്‍ഡുകള്‍ സെബിയുടെ നിയന്ത്രണ പരിധിയില്‍ വരാത്തതാണെന്നും അതുകൊണ്ട് തന്നെ നഷ്ട സാധ്യത കൂടുതലാണെന്നും നവംബര്‍ എട്ടിനു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ ഗോള്‍ഡ് അല്ലെങ്കില്‍ ഇ-ഗോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ സെബിയുടെ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് നിയമങ്ങളുടെ പരിധിയില്‍ വരുന്നില്ല. ഇത്തരം നിക്ഷേപങ്ങള്‍ സെക്യൂരിറ്റി (Security) ആയോ കമ്മോഡിറ്റി (Commodity) ആയോ കണക്കാക്കുന്നില്ല. അതിനാല്‍ സെബിയുടെ നിയന്ത്രണപരിധിക്ക് പുറത്താണ് ഇവയുടെ പ്രവര്‍ത്തനം. അതുകൊണ്ട് ഇത് വഴി നിക്ഷേപിക്കുന്നവര്‍ക്ക് സുരക്ഷാ സംരക്ഷണം ലഭിക്കില്ല, മാത്രമല്ല പണം നഷ്ടപ്പെടുന്ന പക്ഷം നിയമപരമായ സംരക്ഷണം ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.
നേരിട്ട് സ്വര്‍ണം വാങ്ങുന്നതിനു പകരം നിക്ഷേപത്തിനുള്ള ബദല്‍ എന്ന നിലയിലാണ് ഡിജിറ്റല്‍ ഗോള്‍ഡുകള്‍, ഇ-ഗോള്‍ഡുകള്‍ വില്‍പ്പന നടത്തുന്നത്. ജുവലറികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഡിജിറ്റല്‍ ഗോള്‍ഡുകളില്‍ നിക്ഷേപം സാധ്യമാകുന്നത്. ഇതിലെ നിക്ഷേപത്തിന് നിയമപരമായ ഗ്യാരണ്ടി ഇല്ല. കമ്പനി അടച്ചുപൂട്ടുകയോ തട്ടിപ്പ് സംഭവിക്കുകയോ ചെയ്താല്‍ പണം തിരിച്ചുകിട്ടാന്‍ ബുദ്ധിമുട്ടാകും.
സ്വര്‍ണ നിക്ഷേപത്തോടുള്ള ജനങ്ങളുടെ താത്പര്യം മുതലാക്കാന്‍ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. ഇതുവഴി നിക്ഷേപിക്കുന്നതിനു മുമ്പ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം തേടാനും സെബി ഓര്‍മിപ്പിക്കുന്നു. എക്‌സ്‌ചേഞ്ചുകള്‍ വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന സ്വര്‍ണ ഇ.ടി.എഫുകള്‍, കമ്മോഡിറ്റി ഡെറിവേറ്റീവ് തുടങ്ങിയ മാര്‍ഗങ്ങളാണ് സെബിയുടെ നിയന്ത്രണത്തില്‍ വരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine