ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍: നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുമോ ഈ നീക്കം?

ഡിജിറ്റല്‍ ഗോള്‍ഡ് നിയന്ത്രണ പരിധിക്ക് പുറത്താണെന്ന് സെബി മുന്നറിയിപ്പ് നല്‍കിയത് നിക്ഷേപം പിന്‍വലിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയ്ക്കിടയാക്കിയിരുന്നു
Close-up view of shiny gold bars placed on a pile of gold coins, symbolising wealth, investment, and rising gold prices.
canva
Published on

രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റല്‍ സ്വര്‍ണ (Digital Gold) വിപണിയില്‍ വ്യക്തമായ നിയമങ്ങളില്ലാത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതിനിടെ, ഈ മേഖലയെ നിയന്ത്രണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്‍ (IBJA) സെബിയെ ( Sebi) സമീപിച്ചു. നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനായാണ് ഈ നിര്‍ണായക നീക്കം.

നിലവില്‍ റിസര്‍വ് ബാങ്കോ, സെബിയോ പോലുള്ള ഒരു കേന്ദ്രീകൃത ഏജന്‍സിയുടെയും നിയന്ത്രണം ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിനില്ല. ഭൂരിഭാഗം ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകളും നടത്തുന്നത് ഫിന്‍ടെക് (Fintech) കമ്പനികളാണ്. റെഗുലേറ്ററി സംവിധാനം ഇല്ലാത്തതിനാല്‍, സ്വര്‍ണം സൂക്ഷിക്കുന്നതിലും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിലും നിക്ഷേപകരുടെ അവകാശങ്ങളിലൊമൊക്കെ വ്യക്തത കുറവുണ്ടായിരുന്നു.

സെബി തള്ളിയതിനു പിന്നാലെ

ഇതിനിടെ ഡിജിഡിറ്റല്‍ ഗോള്‍ഡ് നിയന്ത്രണ പരിധിക്ക് പുറത്താണെന്ന് സെബി മുന്നറിയിപ്പ് നല്‍കിയതോടെ നിക്ഷേപം പിന്‍വലിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിയന്ത്രണം കൊണ്ടു വരണമെന്നാവശ്യപ്പെട്ടുള്ള ഡിജിറ്റല്‍ സ്വര്‍ണ കമ്പനികളുടെ നീക്കം. നവംബര്‍ എട്ടിന് പുറത്തിറക്കിയ അറിയിപ്പിലാണ് ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ ഗോള്‍ഡ് നിയന്ത്രണ പരിധിയില്‍ വരുന്നില്ലെന്ന് സെബി വ്യക്തമാക്കിയത്. സ്വര്‍ണത്തിന് ബദലായി അവതരിപ്പിച്ച ഡിജിറ്റല്‍ ഗോള്‍ഡിനെ സെക്യൂരിറ്റികളായോ കമ്മോഡിറ്റി ഡെറിവേറ്റീവുകളായോ കണക്കാക്കാത്തതാണ് കാരണം.

ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കരുത് എന്ന് നേരത്തെ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങള്‍ക്ക് സെബി നിര്‍ദേശം നല്‍കിയിരുന്നു. ഇതും വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചു. നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ ഈ ആശയക്കുഴപ്പം നീങ്ങുമെന്നും കമ്പനികള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്ക് എന്ത് ഗുണം?

സെബി ഡിജിറ്റല്‍ സ്വര്‍ണ്ണ വിപണി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചാല്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി, എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്, അതിന്റെ കൃത്യമായ രേഖകള്‍ എന്നിവയില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കാന്‍ സെബിക്ക് സാധിക്കും.

നിക്ഷേപകരുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, പരാതികള്‍ എന്നിവ പരിഹരിക്കാന്‍ ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടാകമെന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല ഭാവിയില്‍ ഡിജിറ്റല്‍ ഗോള്‍ഡ്, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ETFs) പോലുള്ള മറ്റ് ധനകാര്യ ഉല്‍പ്പന്നങ്ങളുമായി സംയോജിപ്പിക്കാനും ഇതിലൂടെ സാധ്യതയേറുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com