5ജി ലേലത്തില്‍ ട്വിസ്റ്റ്; സേവനങ്ങള്‍ നല്‍കാന്‍ ടാറ്റയും ആമസോണും ഉള്‍പ്പെടെ വമ്പന്മാര്‍ രംഗത്ത്

രാജ്യത്ത് നടക്കാനിരിക്കുന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ (5G spectrum auction) ടെലികോം കമ്പനികളെ കൂടാതെ ഡിജിറ്റല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍മാരും പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ആമസോണ്‍ എഡബ്യുഎസ്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് 5ജി സ്‌പെക്ട്രം ലൈസന്‍സിനായി രംഗത്തെത്തിയേക്കും. നിലവില്‍ ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ മാത്രമാണ് സ്വകാര്യ ടെലികോം മേഖലയിലുള്ളത്.

നിലവില്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാം. അതിനായി യുഎഎസ്എല്‍ (Unified Access Service Licence) നേടേണ്ടതുണ്ട്. നിലിവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ അടങ്ങിയ സര്‍ക്കിളുകള്‍ക്ക് വേണ്ടിയാവും ഡിജിറ്റല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍മാര്‍ ശ്രമിക്കുക. മറ്റ് കമ്പനികള്‍ കൂടി എത്തിയാല്‍ സ്‌പെക്ട്രം വില ഉയരാനും സാധ്യതയുണ്ട്.

അതേ സമയം സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യകമ്പനികളുമായി സഹകരിക്കാനുള്ള ശ്രമങ്ങള്‍ ടെലികോം കമ്പനികളും ശ്രമിക്കുന്നുണ്ട്. സ്‌പെക്ട്രം പങ്കിടല്‍, B2C സേവനങ്ങള്‍ തുടങ്ങിയവയാണ് ടെലികോം കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രൈവറ്റ് കമ്പനികളെ സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ടെലികോം മേഖലയില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

സ്വകാര്യ കമ്പനികള്‍ 5ജി സ്‌പെക്ട്രം സ്വന്തമാക്കിയാല്‍ അത് ടെലികോം സേവനദാതാക്കളുടെ വരുമാനം ഇടിയാന്‍ കാരണമാവും. നിലവില്‍ എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 20 ശതമാനവും വരുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലൂടെയാണ്. 5ജി എത്തുന്നതോടെ ഈ മേഖലയില്‍ നിന്നുള്ള ടെലികോം സേവനദാതാക്കളുടെ വരുമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിനായും മറ്റും ജിയോ, എയര്‍ടെല്‍ തുടങ്ങിയവയെ ആശ്രയിക്കുന്ന കമ്പനികള്‍ക്ക് സ്വന്തമായി വൈഫൈ, ഡാറ്റാ നെറ്റ്‌വര്‍ക്കും മറ്റും സ്ഥാപിക്കാനാവും. പുറമേയ്ക്കുള്ള ആശയ വിനിമയങ്ങള്‍ക്ക് മാത്രം ടെലികോം നെറ്റ്‌വര്‍ക്കുകളെ ആശ്രയിച്ചാല്‍ മതിയാവും.

Related Articles
Next Story
Videos
Share it