

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗവും വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും ലയനത്തിനൊരുങ്ങുന്നു. ലയനത്തിന്റെ ഭാഗമായി ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിംഗ് കരാറില്‍ ഒപ്പുവെച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ പ്രകാരം റിലയന്‍സിന്റെ ജിയോ സിനിമയും ഡിസ്‌നിയുടെ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറും തമ്മില്‍ ലയിക്കും.
നിലവില്‍ വയാകോം 18ന് കീഴിലായി റിലയന്‍സിന് ജിയോ സിനിമ ഉള്‍പ്പെടെ വിവിധ സ്ട്രീമിംഗ് ആപ്പുകളും ടെലിവിഷന്‍ ചാനലുകളുമുണ്ട്. ലയനത്തിന്റെ ഭാഗമായി സ്റ്റാര്‍ ഇന്ത്യയുടെ നിയന്ത്രണത്തിനായി വയാകോം 18ന് കീഴില്‍ റിലയന്‍സ് അനുബന്ധ സ്ഥാപനം സൃഷ്ടിച്ചേക്കും. ഇതോടെ സ്റ്റാര്‍ ഇന്ത്യ ചാനലുകളുടെ നിയന്ത്രണവും റിലയന്‍സിനാകും. നിലവിൽ സ്റ്റാർ ഇന്ത്യക്ക് കീഴിലാണ് ഏഷ്യാനെറ്റ്, നാഷണൽ ജിയോഗ്രഫി തുടങ്ങിയ ചാനലുകൾ പ്രവർത്തിക്കുന്നത്. 2024 ഫെബ്രുവരിയോടെ ലയനം പൂര്‍ത്തിയാകും.
ലയനത്തോടെ പുതുതായി രൂപീകരിക്കപ്പെടുന്ന കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഡിസ്നിക്ക് 49 ശതമാനം പങ്കാളിത്തവുമാണ് ഉണ്ടാവുക. 150 കോടി ഡോളര്‍ (12,600 കോടി രൂപ) വരെ ഇതിനായി മൂലധനനിക്ഷേപം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിലയന്‍സ്-ഡിസ്നി ലയനം ഇന്ത്യയിലെ ഒ.ടി.ടി വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ സ്ട്രീമിംഗ് സേവനങ്ങളോടായിരിക്കും ഈ മാധ്യമഭീമന്‍ മത്സരിക്കുക.
ഈ വര്‍ഷം ഫെബ്രുവരിയില്‍ 270 കോടി ഡോളറിന് (22,000 കോടി രൂപ) ഐ.പി.എല്ലിന്റെ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) വിതരണാവകാശം റിലയന്‍സ് സ്വന്തമാക്കിയിരുന്നു. മാത്രമല്ല വാര്‍ണര്‍ ബ്രദേഴ്‌സിന്റെ എച്ച്.ബി.ഒയിലെ പരിപാടികള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശവും റിലയന്‍സ് സ്വന്തമാക്കിയിരുന്നു. ഈ ലയനം കൂടി പൂര്‍ത്തിയാവുന്നതോടെ മുകേഷ് അംബാനിയുടെ കൈകളിലാകും രാജ്യത്തെ ഏറ്റവും വലിയ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി.
Read DhanamOnline in English
Subscribe to Dhanam Magazine