നെറ്റ്ഫ്‌ളിക്‌സിന് പിന്നാലെ ഹോട്ട്സ്റ്റാറും; പാസ്‌വേഡ് ഇനി എല്ലാവരുമായി പങ്കിടാനാകില്ല

ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ ഇനി പഴയപോലെ ഒറ്റ അക്കൗണ്ടില്‍ നിന്നും ഒരുപാട് ഉപയോക്താക്കള്‍ക്ക് സിനിമയോ, സീരിയലോ, ക്രിക്കറ്റോ ഒന്നും കാണാനാകില്ല. ഇതിനെല്ലാം തടയിടാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് കമ്പനി. അതെ നെറ്റ്ഫ്‌ളിക്‌സിന് പിന്നാലെ പാസ്‌വേഡ് പങ്കിടുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ സ്ട്രീമിംഗ് സേവനമായ ഡിസ്‌നി+ ഹോട്ട്സ്റ്റാറും ഒരുങ്ങുകയാണ്.

പത്തില്‍ നിന്ന് നാലിലേക്ക്

പാസ്‌വേഡ് പങ്കിടല്‍ പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഹോട്ട്സ്റ്റാറിന്റെ പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളില്‍ നിന്ന് മാത്രം ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന നയം നടപ്പാക്കാനൊരുങ്ങുകയാണ് കമ്പനിയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യയില്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് സേവനത്തിന്റെ ഒരു പ്രീമിയം അക്കൗണ്ട് 10 ഉപകരണങ്ങളിലാണ് ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നത്. ഇതാണ് നാലായി പരിമിതപ്പെടുത്തുന്നത്.

പുതിയ നിയന്ത്രണങ്ങളോടെ സ്വന്തമായി സബ്സ്‌ക്രിപ്ഷനുകള്‍ എടുക്കാന്‍ മുന്നോട്ട് വരുന്നതിന് ആളുകളെ നിർബന്ധിതരാക്കും. അതേസമയം ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ നെറ്റ്ഫ്‌ളിക്‌സ് 100ല്‍ അധികം രാജ്യങ്ങളിലെ വരിക്കാരോട് അവരുടെ വീടിന് പുറത്തുള്ള ആളുകളുമായി പാസ്‌വേഡ് പങ്കിടുന്ന സേവനം തുടരുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു.

വളര്‍ച്ചയില്‍ ഈ മേഖല

ഏകദേശം 5 കോടി ഉപയോക്താക്കളോടെ 2022 ജനുവരിക്കും 2023 മാര്‍ച്ചിനും ഇടയില്‍ പ്രേക്ഷകരുടെ 38% വിഹിതവുമായി ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ ഇന്ത്യയുടെ സ്ട്രീമിംഗ് വിപണിയില്‍ ഒന്നാമതെത്തിയിരുന്നു. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍, ജിയോസിനിമ എന്നിവ ഇതിനോടകം ഇന്ത്യയില്‍ വന്‍ ജനപ്രീതി നേടിയിട്ടുണ്ട്. 2027ഓടെ ഈ മേഖല 58,000 കോടി രൂപയുടെ വിപണിയായി വളരുമെന്ന് മീഡിയ പാര്‍ട്‌ണേഴ്‌സ് ഏഷ്യ കണക്കാക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it