തല്‍ക്കാല ലാഭം കണ്ട് കൊതിക്കരുത്, പണി പിന്നാലെ വരും!

ഇന്‍സെന്റീവ് കിട്ടാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട് വന്‍ പിഴയും പിഴപ്പലിശയും അടക്കേണ്ട അവസ്ഥയിലെത്തിച്ചേക്കും

ചില സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പലരും പറയുന്നത് കേട്ടിട്ടുണ്ട്.

''സാരമില്ലെന്നേയ്, അത് നമുക്ക് പിന്നെ നോക്കാം. ഇപ്പോള്‍ കിട്ടുന്ന കാശ് വാങ്ങാം. നാളത്തെ കാര്യം നാളെ''

ഈ മനോഭാവം കയറ്റുമതി രംഗത്ത് പറ്റില്ല. പണ്ട് പലരും പല കുരുക്കില്‍ നിന്ന് തലയൂരിക്കാണും. പക്ഷേ ഇപ്പോള്‍ ചട്ടങ്ങള്‍ കര്‍ശനമാകുന്ന കാലത്ത് അത് നടക്കില്ല.

ഒരു സംഭവം പറയാം. കയറ്റുമതി രംഗത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു വ്യക്തിക്ക് നമ്മള്‍ ചെരുവം എന്നുവിളിക്കുന്ന സ്റ്റീല്‍ പാത്രങ്ങളുടെ ഒരു ഓര്‍ഡര്‍ കിട്ടി. തുലാസില്‍ ഒരു തട്ടില്‍ തൂക്കകട്ടികള്‍ വെയ്ക്കുമ്പോള്‍ സാധനങ്ങള്‍ വെയ്ക്കാന്‍ മറുതട്ടില്‍ ഉപയോഗിക്കുന്നതായിരുന്നു ഇവ. ആ പാത്രങ്ങളുടെ ഉപയോഗം ഇതാണെന്ന് ആ കയറ്റുമതിക്കാരന്‍ മനസ്സിലാക്കിയിരുന്നോ എന്നും അറിയില്ല.

എന്തായാലും കയറ്റുമതി തുടങ്ങി. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഇന്‍സെന്റീവ് അപേക്ഷക്കായി അദ്ദേഹം വന്നു. അപേക്ഷയ്ക്ക് ്പ്രധാനമായും വേണ്ടത് ബാങ്ക് സര്‍ട്ടിഫിക്കറ്റും ഷിപ്പിംഗ് ബില്ലുമാണ്. അത് രണ്ടും കാണിച്ചു. അപേക്ഷിക്കുകയും ചെയ്തു. കോഡ് നമ്പറുകള്‍ ഷിപ്പിംഗ് ബില്ലിലും ബില്‍ ഓഫ് ലേഡിങ്ങിലും രണ്ടാണെന്ന് കണ്ടപ്പോള്‍ അക്കാര്യം ചൂണ്ടിക്കാട്ടി. ഇന്‍സെന്റീവ് അപേക്ഷകള്‍ ചെയ്യാന്‍ ഞാന്‍ മടികാണിച്ചു. കയറ്റുമതി
ഇന്‍വോയിസിലും ബില്‍ ഓഫ് ലേഡിങ്ങിലും കാണുന്ന കോഡ്് നമ്പര്‍ അനുസരിച്ച് ഇന്‍സെന്റീവിന് അര്‍ഹതയില്ലെന്ന് തോന്നിയതുകൊണ്ടാണത്. കിട്ടുകയാണെങ്കില്‍ തന്നെ വളരെ കുറഞ്ഞ നിരക്കിലാവാം. എന്റെ അഭിപ്രായം കേട്ട് അദ്ദേഹം പോയി. പിന്നീട് വന്നില്ല. അദ്ദേഹം സ്വന്തമായി വഴി കണ്ടെത്തി ഇന്‍സെന്റീവൊക്കെ വാങ്ങിയിട്ടുണ്ടാകാം.

പിന്നീടൊരിക്കല്‍ അദ്ദേഹം വീണ്ടും എന്റെ ഓഫീസില്‍ വന്നു. വിശദമായി സംസാരിക്കാന്‍ തുടങ്ങി. ഒരു ദിവസം അദ്ദേഹത്തെ എന്തോ കാരണത്താല്‍ കസ്റ്റംസ് ഓഫീസര്‍ വിളിച്ച് കയറ്റുമതിയുടെ എല്ലാ ഡോക്യുമെന്റ്ുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് രേഖകള്‍ ഹാജരാക്കി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക് വിളിച്ചുവരുത്തി സൗഹാര്‍ദ്ദത്തോടെ കുറേ് കാര്യങ്ങള്‍ ചോദിച്ചു. അതൊരു ചോദ്യം ചെയ്യലാണെന്ന് പോലും കയറ്റുമതിക്കാരന് തോന്നിയില്ല. എല്ലാത്തിനും കൃത്യമായി ഉത്തരം നല്‍കി. കയറ്റുമതി ചെയ്യുന്ന സാധനങ്ങളെ കുറിച്ചും അതിന്റെ ഉപയോഗത്തെ കുറിച്ചുമെല്ലാം ഉദ്യോഗസ്ഥന്‍ ചോദിച്ചറിഞ്ഞു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. അദ്ദേഹം കയറ്റുമതി ചെയ്ത സ്റ്റീല്‍ ചെരുവം ഇറക്കുമതി ചെയ്തിരുന്ന തുലാസിന്റെ പാര്‍ട്‌സ് എന്ന രീതിയിലായിരുന്നത്രേ. അതെങ്ങനെ കണ്ടുപിടിച്ചുവെന്ന് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല. കാരണ കാണിക്കലിന് മറുപടി നല്‍കിയെങ്കിലും അത് തൃപ്തികരമായില്ല. അത്രയും നാള്‍ വാങ്ങിയ ഇന്‍സെന്റീവ് പലിശ സഹിതം തിരിച്ചടയ്ക്കാന്‍ ഉത്തരവായി. അതോടെ അയാള്‍ കുഴപ്പത്തിലായി.

ഞാന്‍ ഉത്തരവ് വായിച്ചു. വളരെ കൃത്യമായി എല്ലാം വിവരിച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ഒരു കുറ്റകൃത്യം നടന്നിരിക്കുന്നു. ഇനി എന്ത ്‌ചെയ്യാന്‍ കഴിയും എന്നാണ് ചോദ്യം. കിട്ടിയ ഇന്‍സെന്റീവ് തിരിച്ചടക്കുക, പലിശ സഹിതം. മറ്റു മാര്‍ഗ്ഗമൊന്നും കാണാനില്ല.

എന്റെ മുഖത്തേക്ക് അയാള്‍ സംശയത്തോടെ നോക്കിയപ്പോള്‍ ഞാന്‍ കാര്യം വിശദീകരിച്ചു. ''നിങ്ങള്‍ രണ്ട് കോഡ് ്‌നമ്പറുകള്‍ ഈ ഇടപാടില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സെന്റീവ്‌സ് ലഭ്യമാകാന്‍ വേണ്ടി ഷിപ്പിംഗ് ബില്ലില്‍ ഒരു നമ്പര്‍. കയറ്റുമതി ഇന്‍വോയിസില്‍ മറ്റൊരു നമ്പര്‍. ഇറക്കുമതി ചെയ്യുമ്പോള്‍ അവിടത്തെ കസ്റ്റംസ് ഈ നമ്പര്‍ കണക്കിലെടുക്കും. അപ്പോള്‍ ആ ഉല്‍പ്പന്നത്തിന് എന്തെങ്കിലും ഇളവുണ്ടെങ്കില്‍ അതവര്‍ക്ക് ലഭിക്കും. അങ്ങനെ രണ്ട് ഭാഗത്ത് നിന്നും ഉള്ള ഇളവുകള്‍ ലഭിക്കാന്‍ വേണ്ടി ഒരുക്കിയ ഒരുപണി. അതായത് ഒരുകോണ്‍സ്പിരസി തിയറി. ഇനിയും മുന്നോട്ട് പോയാല്‍ എന്താവും എന്ന് എനിക്കറിയില്ല. അത്ര വിവരവും എനിക്കില്ല,''

ഒരു ക്ലാസ്സിഫിക്കേഷന്‍ കമ്മിറ്റിക്കു കൂടി മനസ്സിലാക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണമാണ് പലതും. ഉദാഹരണത്തിന് 'മറ്റുള്ളവ' (others) ഇതില്‍ എന്തെല്ലാം പെടും, പെടുത്താന്‍ കഴിയും എന്നൊക്കെ ഇന്നും തര്‍ക്കവിഷയമാണ്. പ്രത്യേകിച്ചും നമ്മുടെ കണ്ണ് സര്‍ക്കാരിന്റെ സഹായപദ്ധതികള്‍ക്ക് ്മുകളിലാവുമ്പോള്‍. സര്‍ക്കാര്‍ വകുപ്പുകളാണെങ്കില്‍ വരുമാനം കിട്ടാനുള്ള വഴികളാണ് നോക്കുന്നത്. വ്യാഖ്യാനങ്ങളുടെയും അതിലൂടെ വര്‍ഗ്ഗീകരണത്തിന്റെയും പോക്ക് പോകുന്നത് കണ്ടാല്‍ പലപ്പോഴും അന്തംവിട്ടു നിന്നുപോകും.

ഉദാഹരണത്തിന് പുട്ടുപൊടി. (ആരെയുംഉദ്ദേശിച്ചല്ല, ഉദാഹരണംമാത്രം.) റൈസ് ഫ്‌ളോര്‍ എന്ന് പറയുന്ന വിഭാഗത്തത്തില്‍ ഇത് പറ്റുമെന്നും ഇല്ലെന്നും പറയാന്‍ പറ്റില്ല. പക്ഷെ ഗോതമ്പ് പൊടി അഥവാ വീറ്റ്ഫ്‌ളോര്‍ എന്ന് പറയുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് രണ്ടും രണ്ട്തന്നെ എന്നാണ്.

ഇന്‍സെന്റീവ്‌സ് ലഭ്യമാവാന്‍ നാം തിരയുന്ന വഴിയില്‍ അപകടവും പതിയിരിക്കുന്നുണ്ട്. ഇത് സ്വയം മനസ്സിലാക്കേണ്ടതാണ്. ചെയ്യുന്ന കള്ളത്തരം പിടിക്കപ്പെടുന്നതുവരെ നാം സമര്‍ത്ഥര്‍ തന്നെ. പിടിക്കപ്പെട്ടാല്‍ പിന്നെ കള്ളന്‍ തന്നെ. കുറ്റം തെളിയിക്കാന്‍ വിധിക്കു വേണ്ടി കാത്ത് നില്‍ക്കും. പക്ഷെ പലിശ അങ്ങനെ കുതിച്ചുയര്‍ന്നുകൊണ്ടേയിരിക്കും.


Related Articles
Next Story
Videos
Share it