ഓഗസ്റ്റില്‍ ആഭ്യന്തര യാത്രക്കാരില്‍ 23% വര്‍ധന; തിളങ്ങി വ്യോമയാന മേഖല
ആഭ്യന്തര വ്യോമയാന മേഖലയില്‍ 2023 ഓഗസ്റ്റ് വരെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38.27% വര്‍ധനയുണ്ടായതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 11.90 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്.
ഓഗസ്റ്റിലും ഉയര്‍ന്നു തന്നെ
ഓഗസ്റ്റില്‍ മാത്രം 1.48 കോടി ആഭ്യന്തര യാത്രക്കാരോടെ 23.13% പ്രതിമാസ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കി. ആഭ്യന്തര യാത്രക്കാരുടെ ഈ ഗണ്യമായ വളര്‍ച്ച കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്നുള്ള വ്യവസായത്തിന്റെ പ്രതിരോധത്തെയും വീണ്ടെടുപ്പിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റില്‍ ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര എയര്‍ലൈനുകളുടെ മൊത്തത്തിലുള്ള റദ്ദാക്കല്‍ നിരക്ക് വെറും 0.65% മാത്രമായിരുന്നു.