Begin typing your search above and press return to search.
ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം
ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ലക്ഷ്യം.ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ അറിയിപ്പിലാണ് ഡ്രോണ്‍ ഇറക്കുമതിയെ സംബന്ധിച്ച പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ഇത് പ്രകാരം പൂര്‍ണമായും നിര്‍മിക്കപ്പെട്ടതോ, ഭാഗികമായി അസംബിള്‍ ചെയ്തതോ, പൂര്‍ണമായും അസംബിള്‍ ചെയ്യേണ്ട കിറ്റ് രൂപത്തിലോ ഡ്രോണ്‍ ഇറക്കുമതി അനുവദിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ, സര്‍ക്കാര്‍ അംഗീകാരമുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ മുന്‍കൂര്‍ അനുമതിയോടെ ഡ്രോണുകള്‍ ഇറക്കുമതി ചെയ്യാം.
ആഭ്യന്തര പ്രതിരോധ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ അനുമതി യോടെ ഡ്രോണുകള്‍ ഇറക്കുമതി ചെയ്യാം. ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കാനായി ഡ്രോണ്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ല.
ഓഗസ്റ്റ് 2018 ല്‍ പ്രഖ്യാപിച്ച നിലവിലുള്ള നിയമ പ്രകാരം നാനോ വിഭാഗത്തില്‍ പെടുന്ന (250 ഗ്രാമില്‍ താഴെ ഭാരവും, 50 അടി വരെ ഉയരത്തില്‍ പറപ്പിക്കാവുന്ന ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ലൈസന്‍സ് അവശ്യമില്ല. ടെലികോം വകുപ്പില്‍ നിന്ന് ഉപകരണത്തിനുള്ള അനുമതി മാത്രമാണ് വേണ്ടിയിരുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ പ്രധാന മന്ത്രി പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രകാരം ഡ്രോണുകളോ, ഡ്രോണ്‍ ഘടകങ്ങളോ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20% ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരുന്നു.
Next Story
Videos