ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ കേരളത്തില്‍ നല്‍കാനാകും:ഡോ.അരുണ്‍ ഉമ്മന്‍

ആരോഗ്യപരിരക്ഷാ രംഗത്ത് ലോകത്തെ ഏറ്റവും മികച്ച കേന്ദ്രമായി കേരളത്തിന് വളരാനാകുമെന്ന് വസ്തുതകള്‍ നിരത്തിക്കൊണ്ട് വ്യക്തമാക്കുകയാണ് പ്രമുഖ ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് പോലും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ കേരളത്തില്‍ നല്‍കാനാകുമെന്നും ചൂണ്ടിക്കാട്ടുന്ന ഡോ. അരുണ്‍ ഉമ്മന്‍, അതിനായി ഇവിടെ നടപ്പാക്കേണ്ട കാര്യങ്ങളും മുന്നോട്ടുവെയ്ക്കുന്നുണ്ട്. തലച്ചോര്‍, നട്ടെല്ല് സംബന്ധമായി 3600ഓളം വിജയകരമായ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള ഡോ. അരുണ്‍ ഉമ്മന്‍, ആരോഗ്യപരിരക്ഷാ രംഗത്ത് മുന്നേറാന്‍ കേരളം സത്വരമായി നടപ്പാക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു

ആരോഗ്യ പരിരക്ഷാ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ എന്തൊക്കെയാണ്?

എല്ലാ ജി.സി.സി രാജ്യങ്ങളുമായും മിക്ക ഏഷ്യന്‍ രാജ്യങ്ങളുമായും നിലവില്‍ കേരളത്തില്‍ നിന്ന് നേരിട്ട് കണക്റ്റിവിറ്റിയുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളുമായും റോഡ്, റെയില്‍, ജല, വ്യോമ മാര്‍ഗങ്ങളിലൂടെയും മികച്ച കണക്റ്റിവിറ്റിയാണുള്ളത്. ദേശീയ ശരാശരിയേക്കാള്‍ മികച്ച ആരോഗ്യ സംവിധാനമാണ് ഇവിടെയുള്ളത്. ഇവിടെ മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറവാണ്. വികസനത്തിന്റെ 'കേരള മോഡല്‍' ഏറെ ഉപയോഗിക്കപ്പെടുന്ന പദമാണ്. കേരളത്തിലെ ആരോഗ്യപരിരക്ഷാ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളും ഒരുപോലെ ശക്തമാണ്.

ഹെല്‍ത്ത്‌കെയര്‍ രംഗത്തെ രാജ്യാന്തര-ദേശീയ ബ്രാന്‍ഡുകള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന സാക്ഷരതാ നിരക്ക്, തുടര്‍ച്ചയായി ദേശീയ തലത്തില്‍ നേട്ടം കൈവരിക്കുന്ന ആരോഗ്യ സംവിധാനം, ശാക്തീകരിക്കപ്പെട്ട സ്ത്രീ സമൂഹം തുടങ്ങി ആരോഗ്യപരിരക്ഷാ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനാകാനുള്ള എല്ലാ ഘടകങ്ങളും ഇവിടെ ഒത്തുചേരുന്നുണ്ട്. കേരളത്തിലെ ലോകോത്തര സൗകര്യമുള്ള ആശുപത്രികള്‍, പ്രശസ്തരായ വിദഗ്ധ ഡോക്ടര്‍മാര്‍, പരിശീലനം സിദ്ധിച്ച നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ടെക്‌നീഷ്യന്മാര്‍, രാജ്യാന്തര വ്യോമ കണക്റ്റിവിറ്റി എന്നിവയെല്ലാം മെഡിക്കല്‍ ടൂറിസം രംഗത്തും കേരളത്തെ അനുയോജ്യമായ ഇടമാക്കുന്നു.

പക്ഷേ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇപ്പോഴും ഒരേ മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലല്ലോ?

ശരിയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, കേരള ജനസംഖ്യയിലെ 70 ശതമാനം പേരും ചികിത്സാ ചെലവ് കുറഞ്ഞ, വലിയ സൗകര്യങ്ങളില്ലാത്ത ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കൂടിവരുന്ന തൊഴിലില്ലായ്മ, വരുമാനത്തിലെ അസമത്വം, ഉള്‍നാടുകളില്‍ നല്ല ആശുപത്രികള്‍ അധികമില്ലാത്തത്, വര്‍ധിച്ചു വരുന്ന മെഡിക്കല്‍ പണപ്പെരുപ്പം, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിനെ കുറിച്ചുള്ള അറിവില്ലായ്മ എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണങ്ങള്‍.

ആരോഗ്യസംരക്ഷണ രംഗത്ത് ഇനിയും മുന്നേറാന്‍ കേരളം എന്താണ് ചെയ്യേണ്ടത്?

കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായോ ഇളവുകള്‍ നല്‍കിക്കൊണ്ടോ മികച്ച ചികിത്സ ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം. സര്‍ക്കാരിന്റെ പിന്തുണ ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. ഏറ്റവും ചുരുങ്ങിയത് ജി.ഡി.പിയുടെ 6-8 ശതമാനമെങ്കിലും ആരോഗ്യരംഗത്തെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ മാറ്റിവെയ്ക്കണം.

ഇപ്പോഴിത് 2-3 ശതമാനമാണ്. മാത്രമല്ല സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പൂര്‍ണ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കണം. നിശ്ചിത വരുമാനത്തില്‍ താഴെയുള്ള ദരിദ്ര ജനവിഭാഗത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ കാര്‍ഡുകള്‍ നല്‍കണം. അതുപോലെ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.

ഡോ. അരുണ്‍ ഉമ്മന്‍

എത്യോപ്യയിലാണ് ഡോ. അരുണ്‍ ഉമ്മന്റെ ജനനം. ദാരിദ്ര്യവും വിശപ്പിന്റെ തീവ്രവേദനയും കണ്ടുവളര്‍ന്നത് പിന്നീട് കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് പ്രേരണയായി. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളെജുകളില്‍ ബിരുദ, ബിരുദാനന്തര പഠനം. ഉപരിപഠനം നടത്തിയത് യു.കെയില്‍. 2014 മുതല്‍ വി.പി.എസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ സീനിയര്‍ ന്യൂറോ സര്‍ജനാണ്. യു.എസ് ആസ്ഥാനമായ പ്രശസ്ത ന്യൂറോളജി ജേണല്‍ മെഡ്‌ക്രേവിന്റെ ഉപദേശക സമിതി അംഗമാണ്.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള രാജ്യത്തെ ചുരുക്കം ചില ന്യൂറോസര്‍ജന്മാരില്‍ ഒരാളായ അരുണ്‍ ഉമ്മന്‍ സെഹിയോന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി കൂടിയാണ്. 62 തവണ രക്തദാനം നടത്തിയിട്ടുണ്ട്. വി.പി.എസ് ലേക്ക്‌ഷോറിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. റോജ ജോസഫാണ് ഭാര്യ. മക്കള്‍: ഏഥന്‍, ഐഡന്‍.

(This article originally published in Dhanam Business Magazine August 15th Issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it