ചൂതാട്ടങ്ങള്‍ക്കെതിരായ നിയമം; ഡ്രീം11 ഇനി കര്‍ണാടകയില്‍ പ്രവര്‍ത്തിക്കില്ല

ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ പ്രമുഖ ഓണ്‍ലൈന്‍ ഫാന്റസി പ്ലാറ്റ്‌ഫോമായ ഡ്രീം11 കര്‍ണാടകയിലെ പ്രവര്‍ത്തനം നിര്‍ത്തി. തങ്ങള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുകയാണെന്ന് കാട്ടി ഡ്രീം 11 പ്രവര്‍ത്തനം തുടര്‍ന്നതോടെ കമ്പനിയുടെ സ്ഥാപകര്‍ക്കെതിരെ ബാംഗളൂര്‍ പോലീസ കേസെടുത്തതിനു പിന്നാലെയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഹര്‍ഷ് ജെയ്ന്‍, സഹസ്ഥാപകനായ ഭവിത് സേത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

നിയമം പ്രാബല്യത്തിലായതിനു ശേഷമുള്ള ആദ്യ കേസാണിത്. ഫാന്റസി ഗെയിംസിലൂടെ ആകര്‍ഷകമായ കാഷ് പ്രൈസ് വാദ്ഗാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഡ്രീം 11. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും മൂന്നു വര്‍ഷം തടവുശിക്ഷയുമാണ് ലഭിക്കുക.
ഡ്രീം11 കൂടാതെ മൊബീല്‍ ്പ്രീമിയം ലീഗ്, ഗെയിംസ് 24x7 തുടങ്ങി നിരവധി ഓണ്‍ലൈന്‍ ഗെയ്മിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയമം വലിയ തിരിച്ചടിയായി. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് നിയമമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അഭിപ്രായപ്പെട്ടത്.
ബംഗളൂരില്‍ മാത്രം 90 ലേറെ ചെറുതും വലുതുമായ ഗെയ്മിംഗ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ഏകദേശം 4000ത്തിലേറ പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഡെവലപ്പര്‍മാര്‍ ആനിമേഷന്‍ സ്റ്റുഡിയോ തുടങ്ങിയ മേഖലകള്‍ക്കും തീരുമാനം തിരിച്ചടിയാകുമെന്നാണ് സംഘടനയുടെ ആശങ്ക.


Related Articles
Next Story
Videos
Share it