ഡി-സ്‌പേസ് കേന്ദ്രം കിന്‍ഫ്ര പാര്‍ക്കില്‍ മൂന്നു മാസത്തിനുള്ളില്‍
സാങ്കേതിക കണ്ടുപിടുത്തങ്ങളുടെ സിമുലേഷന്‍ ആന്റ് വാലിഡേഷന്‍ മേഖലയിലെ ജര്‍മന്‍ കമ്പനിയായ ഡി-സ്‌പേസ് ടെക്‌നോളജീസ് (dSPACE technologies) കേരളത്തില്‍ മികവിന്റെ കേന്ദ്രം ആരംഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തുള്ള കിന്‍ഫ്ര പാര്‍ക്കിലാണ് ഇവരുടെ പ്രവര്‍ത്തനം ആരംഭിക്കുക. ഇവിടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 300 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കമ്പനി കേരളത്തിലെ ഗവേഷണസ്ഥാപനങ്ങളുമായും സര്‍വകലാശാലകളുമായും സഹകരിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
യൂറോപ്പിന് പുറത്ത്
കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്‌പേസ് യൂറോപ്പിന് പുറത്ത് അവരുടെ മൂന്നാമത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. ലോകോത്തര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ, ബി എം ഡബ്ല്യു, ഔഡി, വോള്‍വോ, ജഗ്വാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഡി-സ്‌പേസിന്റെ ഉപയോക്താക്കളാണ്.
ഇലക്ട്രിക് വാഹനങ്ങളിലും മെഡിക്കല്‍ മേഖലയിലും
കമ്പനി ഐ.ടി മേഖലയില്‍ ഗവേഷണം നടത്തും. കൂടാതെ അതിനൂതന സാങ്കേതിക വിദ്യകളിലൂടെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യും. ഡി-സ്‌പേസ് ആദ്യഘട്ടത്തില്‍ വികസിപ്പിച്ചെടുക്കുന്ന ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ഉപകരണങ്ങള്‍ കണ്ട്രോള്‍ എന്‍ജിനീയറിംഗ് രംഗത്താണ് ഉപയോഗപ്പെടുത്തും. ഇവ പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലും മെഡിക്കല്‍ ടെക്‌നോളജി, വ്യോമയാനം തുടങ്ങിയ മേഖലകളിലും ഉപയോഗിക്കാന്‍ സാധിക്കും. മുപ്പത് വര്‍ഷത്തെ പരിചയസമ്പത്തുള്ള ഡി സ്‌പേസ് 9 രാജ്യങ്ങളിലായി 2400ല്‍ പരം പേര്‍ക്ക് ജോലി നല്‍കുന്നുണ്ട്.