2023 രണ്ടാം പകുതിയില്‍ 7 ലക്ഷം ഗിഗ് തൊഴിലവസരങ്ങള്‍

ഇ-കൊമേഴ്സ് വ്യവസായം 2023 രണ്ടാം പകുതിയില്‍ 7 ലക്ഷം ഗിഗ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടീംലീസ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഉത്സവ സീസണിലെ ഉയര്‍ന്ന ഡിമാന്‍ഡിനെ നേരിടാന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ തയ്യാറെടുക്കുമ്പോള്‍ ഗിഗ് തൊഴിലവസരങ്ങള്‍ വർധിക്കും. നിലവില്‍ ഈ വ്യവസായത്തിന് താത്കാലിക അടിസ്ഥാനത്തില്‍ 2 ലക്ഷത്തോളം ഒഴിവുകള്‍ ഉണ്ട്. ഡിസംബറോടെ ഇത് 7 ലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ഉത്സവകാല തൊഴിലവസരങ്ങളെ അപേക്ഷിച്ച് ഗിഗ് ജോലികളില്‍ 25% വർധനയുണ്ടായേക്കുമെന്ന് ടീംലീസിന്റെ ബിസിനസ് ഹെഡായ ബാലസുബ്രഹ്‌മണ്യന്‍ എ പറഞ്ഞു.ബാംഗ്ലൂര്‍, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ടയര്‍ 1 നഗരങ്ങളെ അപേക്ഷിച്ച് ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ വെയര്‍ഹൗസിംഗ് ജോലികള്‍, ഡെലിവറി ജോലി, കോള്‍ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ ആവശ്യം കൂടുതലാണ്. ഗിഗ് തൊഴിലാളികളുടെ ആവശ്യം ഉയരുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് രണ്ട് മേഖലകള്‍ റീറ്റെയ്ല്‍, ലോജിസ്റ്റിക്‌സ് എന്നിവയാണ്.

വരുമാനത്തില്‍ ഉയര്‍ച്ച

ടീംലീസ് റിപ്പോര്‍ട്ട്‌നുസരിച്ച് 1,50,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഗിഗ് തൊഴിലാളികളില്‍ 69% വളര്‍ച്ചയുണ്ടായതായി പറയുന്നു. ഇത് ഈ വിഭാഗത്തിലെ വരുമാനത്തിന്റെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. കൂടാതെ, 85,000 രൂപയ്ക്കും 1,50,000 രൂപയ്ക്കും ഇടയില്‍ വരുമാനമുള്ള ഗിഗ് തൊഴിലാളികളില്‍ 62% വര്‍ധനയുണ്ട്. സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ തുടങ്ങിയ കമ്പനികളില്‍ വാഹനം ഓടിക്കുകയോ, ഉല്‍പ്പന്നങ്ങള്‍ വിതരണം നടത്തുകയോ ചെയ്യുന്ന ജീവനക്കാര്‍ ഗിഗ് ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it