

റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് 17,000 കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate/ED). ഓഗസ്റ്റ് 5ന് ഹാജരാകാനാണ് നിര്‍ദേശമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് (Prevention of Money Laundering Act /PMLA) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇ.ഡി കുരുക്ക് മുറുക്കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഇ.ഡി 35 സ്ഥലങ്ങളിലായി 50 കമ്പനികളില്‍ റെയ്ഡ് നടത്തിയിരുന്നു. ജൂലൈ 25ന് തുടങ്ങിയ റെയ്ഡ് മൂന്ന് ദിവസമാണ് നീണ്ടത്. അനില്‍ അംബാനിയ്ക്ക് കീഴിലുള്ള കമ്പനികള്‍ 10,000 കോടി രൂപയുടെ വായ്പകള്‍ തരപ്പെടുത്തി തിരിമറി നടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 50 കമ്പനികളെയും 25 വ്യക്തികളെയുമാണ് ഇ.ഡി പരിശോധിക്കുന്നത്.
അതേസമയം ആരോപണങ്ങള്‍ റിലയന്‍സ് ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. മൊത്തം 6,500 കോടി രൂപയാണ് വായ്പ അനുവദിച്ചതെന്നിരിക്കെ എങ്ങനെയാണ് 10,000 കോടി രൂപയുടെ തിരിമറി നടത്തുകയെന്നതാണ് റിലയന്‍സ് ഉന്നയിക്കുന്നത്.
2017-19 കാലഘട്ടത്തില്‍ യെസ് ബാങ്ക് അനില്‍ അംബാനി കമ്പനികള്‍ക്ക് നല്‍കിയ 3,000 കോടിയുടെ വായ്പയുമായി ബന്ധപ്പെട്ടാണ് പ്രധാന അന്വേഷണം. അംബാനിയുടെ കമ്പനികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിന്റെ പ്രമോട്ടര്‍മാരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. വായ്പ അനുവദിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയതാണ് ഇതെന്നാണ് ഇ.ഡി സംശയിക്കുന്നത്.
സി.എല്‍.ഇ പ്രൈവറ്റ് ലിമിറ്റഡ് (CLE Pvt Ltd) എന്ന അധികം അറിയപ്പെടാത്ത സ്ഥാപനം വഴി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഏകദേശം 10,000 കോടി രൂപ മറ്റ് റിലയന്‍സ് ഗ്രൂപ്പ് കമ്പനികളിലേക്ക് രഹസ്യമായി മാറ്റിയതായി സെബി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മറ്റ് രണ്ട് ഏജന്‍സികള്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. കമ്പനികള്‍ തമ്മിലുള്ള വായ്പയായി കാണിച്ചാണ് ഈ പണം നല്‍കിയിരിക്കുന്നതെന്നാണ് സെബി ആരോപിക്കുന്നത്. മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റിലെ നെഹ്റു റോഡില്‍ ഓഫീസുള്ള ഒരു എഞ്ചിനീയറിംഗ്, നിര്‍മ്മാണ സ്ഥാപനമാണിത്.
സെബി റിപ്പോര്‍ട്ട് അനുസരിച്ച്, അനില്‍ അംബാനി കമ്പനിയായ റിലയന്‍സ് ഇന്‍ഫ്രയ്ക്ക് സി.എല്‍.ഇയുമായി ഐ.സി.ഡികള്‍, ഇക്വിറ്റിയിലെ നിക്ഷേപങ്ങള്‍, കോര്‍പ്പറേറ്റ് ഗ്യാരണ്ടികള്‍ എന്നിങ്ങനെ വിവിധ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഇവയുടെ മൂല്യം 8,302 കോടി രൂപ വരും. 2016 -2023 കാലയളവിലെ ഇടപാടുകളാണ് സെബി അന്വേഷിച്ചത്.
2017 മുതല്‍ 2021 സാമ്പത്തിക വര്‍ഷം വരെ, ന്യായവില ക്രമീകരണം, വ്യവസ്ഥകള്‍, ഇംപയേണ്‍മെന്റ് തുടങ്ങിയ കാരണങ്ങളാല്‍ റിലയന്‍സ് ഇന്‍ഫ്ര 10,110 കോടി രൂപ എഴുതിത്തള്ളിയതായി റിപ്പോര്‍ട്ട് പറയുന്നു.
വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സി.എല്‍.ഇയ്ക്ക് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞിട്ടും വായ്പകള്‍ നല്‍കുന്നത് തുടര്‍ന്നുവെന്നാണ് കണ്ടെത്തല്‍. സി.എല്‍.ഇയുമായുള്ള ബന്ധത്തെകുറിച്ച് റിലയന്‍സ് ഗ്രൂപ്പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടില്ലെന്നും സെബി ആരോപിക്കുന്നു.
റെയ്ഡിനു പിന്നാലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ ഓഹരികള്‍ തുടര്‍ച്ചയായ ഇടിവിലാണ്. ഇന്ന് സമന്‍സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് ഈ ഓഹരികളെഅഞ്ചു ശതമാനത്തോളം ഇടിവിലാക്കി. റിലയന്‍സ് പവര്‍ 4.8 ശതമാനവും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 5 ശതമാനവും താഴെയാണ് .
കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക പ്രകടനങ്ങളെയും ഓഹരി ഉടമകളെയും ഒന്നും റെയ്ഡ്ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
മാത്രമല്ല 2022 മാര്‍ച്ച് മുതല്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ബോര്‍ഡില്‍ അനില്‍ അംബാനി ഇല്ലെന്നും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ED summons Anil Ambani over ₹17,000 crore loan fraud involving Reliance firms and undisclosed fund transfers via CLE Pvt Ltd.
Read DhanamOnline in English
Subscribe to Dhanam Magazine