ആകാശിനെ 7340 കോടി രൂപയ്ക്ക് ബൈജൂസ് വാങ്ങുന്നു; ലോകത്തിലെ തന്നെ വലിയ എഡ് ടെക് ഏറ്റെടുക്കല്‍

മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിനെ എഡ് ടെക് രംഗത്തെ വമ്പന്‍ ബൈജൂസ് 7340 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു
Byju Raveendran
Published on

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് ബൈജൂസ് മത്സര പരീക്ഷ പരിശീലന രംഗത്തെ മുന്‍നിരക്കാരായ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിനെ ഒരു ബില്യണ്‍ ഡോളറിന് (7340 കോടി രൂപ) സ്വന്തമാക്കാനുള്ള കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഈ ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള ഒരു വ്യക്തിയെ ഉദ്ധരിച്ചു ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി ആണിത് റിപ്പോര്‍ട്ട് ചെയ്തത് .

ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്‌ടെക് ഏറ്റെടുക്കലുകളിലൊന്നായ ഈ കരാര്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

പക്ഷെ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ രണ്ടു കമ്പനികളും വിസമ്മതിച്ചു.

ബാംഗ്ലൂര്‍ ആസ്ഥാനമായ ബൈജൂസിന്റെ മൂല്യം 1200 കോടി ഡോളറാണ്. കോവിഡ്് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചതിനെ തുടര്‍ന്ന് കമ്പനി തങ്ങളുടെ ഫണ്ടുകള്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പിനെ പിന്തുണയ്ക്കുന്നത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, ബോണ്ട് ക്യാപിറ്റല്‍ എന്നിവരാണ്.

ബ്ലാക്ക്‌സ്‌റ്റോണ്‍ ഗ്രൂപ്പ് പിന്തുണയുള്ള ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് 200ലധികം കേന്ദ്രങ്ങളുള്ള ആകാശ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്നു. രാജ്യത്തെ മുന്തിയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനം കൂടിയാണിത്. ആകാശില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 250,000ത്തിലധികമാണെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു.

ഓണ്‍ലൈന്‍ പഠന സ്റ്റാര്‍ട്ടപ്പുകള്‍ അഭിവൃദ്ധി പ്രാപിച്ചപ്പോള്‍, ഓഫ്‌ലൈന്‍ ട്യൂട്ടോറിംഗ് സെന്ററുകളെ മഹാമാരി പ്രതികൂലമായി ബാധിച്ചു. കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌കൂളുകളും ട്യൂട്ടോറിംഗ് സെന്ററുകളും അടച്ചിടുകയുണ്ടായി.

കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ആകാശിന്റെ സ്ഥാപകരായ ചൗധരി കുടുംബം പൂര്‍ണമായും കമ്പനിയില്‍ നിന്ന് പുറത്തുകടക്കും. ബ്ലാക്ക്‌സ്‌റ്റോണ്‍ തങ്ങളുടെ 37.5% ഓഹരിയുടെ ഒരു ഭാഗം ആകാശിലെ ബൈജുവിന്റെ ഓഹരിക്ക് കൈമാറും.

പത്തു വര്‍ഷം മുമ്പ് മലയാളിയായ ബൈജു രവീന്ദ്രനാണ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ്‌ളിക്കേഷനായ ബൈജൂസ് സ്ഥാപിച്ചത്. ഒരു മുന്‍ അധ്യാപകനും അധ്യാപകരുടെ മകനും കൂടിയാണ് ബൈജു രവീന്ദ്രന്‍.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. കൂടാതെ പ്രതിമാസം 5 മില്യണിലും കൂടുതല്‍ ഉപയോക്താക്കളെ ചേര്‍ക്കുന്നു.

കെ - 12 ഗ്രേഡുകളിലായി 250 മില്യണ്‍ വിദ്യാര്‍ത്ഥികളാണ് രാജ്യത്തുള്ളത്.

വീഡിയോ ആനിമേഷനുകളിലൂടെയും ഗെയിമുകളിലൂടെയും അപ്ലിക്കേഷന്‍ കണക്കിലും സയന്‍സിലും ബൈജൂസ് പാഠങ്ങള്‍ നല്‍കുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ ഫണ്ട് സമാഹരണത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 1,700 നഗരങ്ങളില്‍ നിന്ന് 70 മില്യണില്‍ കൂടുതല്‍ ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് ബൈജു പറയുന്നു. ഇതില്‍ തന്നെ 4.5 മില്യണില്‍ കൂടുതല്‍ ആള്‍ക്കാര്‍ പണം നല്‍കി ബൈജുവിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.

2021 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ വരുമാനം ഒരു ബില്യണ്‍ ഡോളറായി ഇരട്ടിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com