

വിദ്യാഭ്യാസ രംഗത്ത് പഠന രീതികളെ മാറ്റാന്‍ എഐ പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമെങ്കിലും അധ്യാപകരും കുട്ടികളും തമ്മിലുള്ള മാനുഷിക ബന്ധത്തെ സ്വാധീനിക്കാന്‍ അവക്ക് കഴിയില്ലെന്ന് ഗള്‍ഫിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജെംസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സണ്ണി വര്‍ക്കി. പുതിയ കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസ മേഖലയെ പുനര്‍നിര്‍മ്മിക്കുന്നതിലാണ് ടെക്‌നോളജി സഹായകമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം കുറിച്ച് ദുബൈ ജെംസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയില്‍ വിദ്യാഭ്യാസ മേഖലയില്‍ ആറര പതിറ്റാണ്ട് പിന്നിടുകയാണ് ജെംസ് ഗ്രൂപ്പ്.
പുതിയ അക്കാദമിക വര്‍ഷത്തിന് മുമ്പായി ജെംസ് സ്‌കൂളുകളില്‍ 1,700 പുതിയ അധ്യാപകരെ നിയമിച്ചതായി അദ്ദേഹം അറിയിച്ചു. എല്ലാ വര്‍ഷവും 2,000 ഒഴിവുകളാണ് ഉണ്ടാകുന്നത്. ഇതിലേക്ക് ആറ് ലക്ഷം അപേക്ഷകള്‍ വരെ ലഭിക്കാറുണ്ട്. ജീവനക്കാരെ നിലനിര്‍ത്തുന്നതില്‍ ജെംസ് സ്ഥാപനങ്ങള്‍ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണം, ജീവിതത്തില്‍ വിജയിക്കാനുള്ള ലക്ഷ്യബോധം വളര്‍ത്തല്‍ എന്നിവക്കാണ് പ്രാധാന്യം നല്‍കുന്നത്. കുടുംബത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുന്നത് ജെംസ് ഗ്രൂപ്പിന്റെ അടിസ്ഥാന നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine