കോഡിങ് വിദഗ്ധനാവാൻ ഡിഗ്രി വേണമെന്നില്ല: ആപ്പിൾ സിഇഒ ടിം കുക്ക്
ഒരു വ്യക്തിക്ക് കോഡിങ് വിദഗ്ധനാവാൻ 4 വർഷത്തെ ഡിഗ്രി വേണമെന്നില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. കോഡിങ്ങിനെക്കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടുകളെ തിരുത്തിയെഴുതുന്ന ഈ പ്രസ്താവന അദ്ദേഹം നടത്തിയത് 16-കാരനായ ലിയാം റോസെൻഫെൽഡിനെ പരിചയപ്പെട്ടതിന് ശേഷമാണ്.
ആപ്പിളിന്റെ വാർഷിക ഡെവലപ്പേഴ്‌സ് കോൺഫറൻസായ WWDC യിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്ന 350 സ്കോളർഷിപ് വിജയികളിൽ ഒരാളാണ് ലിയാം.
"കോഡിങ് വിദഗ്ധനാവാൻ നാലു വർഷത്തെ ഡിഗ്രി വേണമെന്നില്ല. അതൊരു പഴഞ്ചൻ, പരമ്പരാഗത കാഴ്ചപ്പാടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്കൂൾ പഠന കാലത്തുതന്നെ കുട്ടികൾക്ക് കോഡിങ്ങിൽ പരിചയം നൽകിയാൽ, ലിയാമിനെ പോലുള്ളവർ ബിരുദം നേടുമ്പോഴേക്കും അവർ ഡിസൈൻ ചെയ്ത ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടാകും," ടിം കുക്ക് പറഞ്ഞു.
പല ബിസിനസുകളും പുതിയ ടെക്നോളജികൾ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലെന്നും ഇപ്പോഴും കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.