ബ്യുമെര്‍ക് ഇന്ത്യാ ഫൗണ്ടേഷനും വയനാട് കടത്തനാടന്‍ കളരി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലന പരിപാടിക്ക് മാനന്തവാടിയില്‍ തുടക്കം. പാരമ്പര്യ കലയായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയും ജീവിത നൈപുണ്യങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പരിശീലന പരിപാടി യുവ തലമുറയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ്. നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യമാണ് പരിശീലനം നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ മുഖ്യാതിഥിയായി.
പരിമിതമായ പരിശീലന സൗകര്യങ്ങളും വിദഗ്ധ പരിശീലകരുടെ കുറവും മൂലം കളരിപ്പയറ്റിന്റെ വളര്‍ച്ചക്ക് തടസങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്റെ ഇടപെടല്‍. ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ 15 വയസിന് താഴെയുള്ള 150 കുട്ടികള്‍ പങ്കെടുക്കും. മാനന്തവാടി, അമ്പലവയല്‍ (വയനാട്), ഒഞ്ചിയം (കോഴിക്കോട്) എന്നിവിടങ്ങളിലെ കുട്ടികളെയാണ് പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത് .
കുട്ടികള്‍ക്ക് ശാരീരിക പരിശീലനം മാത്രമല്ല, മാനസികാരോഗ്യം, പോഷകാഹാര വിദ്യാഭ്യാസം, മയക്കുമരുന്ന് ഉപയോഗം തടയല്‍ തുടങ്ങിയ അവശ്യ ജീവിത നൈപുണ്യങ്ങളും നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലചന്ദ്രന്‍ പറഞ്ഞു.
കളരിപ്പയറ്റ് പരിശീലനം, സ്വയം പ്രതിരോധ തന്ത്രങ്ങള്‍, യോഗ, ആരോഗ്യ പരിശീലനങ്ങള്‍ എന്നിവക്ക് പുറമെ, ആരോഗ്യവും പോഷകാഹാരവും മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകളും വിദഗ്ദ്ധ കൗണ്‍സിലിംഗും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് സൗജന്യ പരിശീലനം, ഭക്ഷണം, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ നല്‍കുന്നത്.
കളരിപ്പയറ്റ് സംരക്ഷണത്തില്‍ മുന്‍നിരയിലുള്ള വയനാട് കടത്തനാടന്‍ കളരി ഫൗണ്ടേഷനാണ് വിദഗ്ധരായ പരിശീലകരെ നല്‍കുന്നത്. കെ എഫ് തോമസ് ഗുരുക്കള്‍, കെ കെ സജീവ് കുമാര്‍ ഗുരുക്കള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine