ചാര്‍ട്ടര്‍ സ്‌കൂളിനെ ഏറ്റെടുത്ത് ട്രിന്‍സ്. കൊച്ചിയില്‍ പുതിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍
സംസ്ഥാനത്തെ ആദ്യത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളായ ട്രിവാന്‍ഡം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കൊച്ചിയിലേക്ക്. കൊച്ചിയിലെ പുക്കാട്ടുപടിയിലുള്ള ചാര്‍ട്ടര്‍ സ്‌കൂള്‍ ഏറ്റെടുത്തുകൊണ്ടാണ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചാര്‍ട്ടര്‍ സ്‌കൂളില്‍ നിലവിലുള്ള സി ബി എസ് ഇ കരിക്കുലവും കൂടാതെ ഇന്റര്‍നാണല്‍ സിലബസിലുള്ള പാഠ്യക്രമവും ഉണ്ടാകുമെന്ന് പ്രസിഡന്റ് ജോര്‍ജ് എം തോമസ് പറഞ്ഞു.
മസ്‌കറ്റിലെ നിര്‍മാണ, അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈഫ് ഫരാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് ജോര്‍ജ് എം തോമസ്. കൂടാതെ ടെക്‌നോപാര്‍ക്ക് കാമ്പസിലുള്ള ട്രിന്‍സ് ഏര്‍ളി ലേണിംഗ് സെന്റര്‍, കുസാറ്റ് അഫിലിയേഷനുള്ള തിരുവനന്തപുരത്തെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് തുടങ്ങിയവയുടെ സ്ഥാപകനുമാണ്.
''തിരുവനന്തപുരത്തെ ഇന്റര്‍നാഷണലില്‍ സ്‌കൂളില്‍ പ്രാരംഭ കാലം മുതല്‍ കൊച്ചിയില്‍ നിന്ന് കുട്ടികള്‍ എത്താറുണ്ട്. ഇവിടെ ഇങ്ങനെയൊരു സ്ഥാപനം ആരംഭിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിച്ചു. മാത്രമല്ല, കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പോരായ്മ ഇതിലൂടെ നികത്താനും സാധിക്കും,'' ജോര്‍ജ് എം തോമസ് പറഞ്ഞു.
ആത്മവിശ്വാസവും ഉത്തരവാദിത്തവും അറിവുമുള്ള ആഗോള നേതൃശേഷിയിലേക്ക് ഉയരാന്‍ പ്രാപ്തരായ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എക്‌സിക്യുട്ടീവ് ഡയറക്റ്ററും ജോര്‍ജ് എം തോമസിന്റെ മകളുമായ സപ്‌നു ജോര്‍ജ് വ്യക്തമാക്കി.
നിലവിലെ ചാര്‍ട്ടര്‍ സ്‌കൂള്‍ കാമ്പസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ പൂര്‍ത്തിയാക്കും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 10 ഏക്കറിലധികം വരുന്ന സ്ഥലത്ത് രണ്ടു ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണമാകും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനുണ്ടാകുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline